Skip to main content

'കല്ലറ വടക്കേ കാളകെട്ടി പാടശേഖരത്തില്‍  മൂന്നാം തവണയും നൂറ് മേനി വിളവ് 

 

കോട്ടയം : കല്ലറ വടക്കേ കാളകെട്ടി പാടശേഖരത്തില്‍ കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള നെൽ കൃഷിയിൽ നൂറുമേനി വിളവ്. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍ കൃഷിയിറക്കിയത്.32 വര്‍ഷമായി തരിശുകിടന്നിരുന്ന  പാടശേഖരത്തില്‍ ശ്രീ ലക്ഷ്മി കുടുംബശ്രീ ഗ്രൂപ്പില്‍പെട്ട 12 വനിതാ കര്‍ഷകർ ചേർന്ന്  കൃഷി ആരംഭിച്ചത് 2019 മുതലാണ്  . കൃഷിവകുപ്പിന്റെ തരിശുനില നെല്‍കൃഷി വികസന  പദ്ധതിയുടെ ഭാഗമായാണ് തുടക്കം.  ഒരു വര്‍ഷത്തെ കഠിന പ്രയത്‌നത്തിലൂടെയാണ്  പാട ശേഖരം കൃഷിയോഗ്യമായത്.  2018 ലെ വെള്ളപ്പൊക്കത്തിൽ നാശം സംഭവിച്ച  പാടശേഖരത്തിലെ   ബണ്ടുകള്‍ സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍നിന്നും  അനുവദിച്ച് തുക വിനിയോഗിച്ച് നവീകരിച്ചിരുന്നു. 

 

  കല്ലറ കൃഷിഭവൻ്റെ ഏകോപന പ്രവർത്തനത്തിലൂടെ  തൊഴിലുറപ്പ് പദ്ധതിയുടെയും ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതികളുടെയും  കുടുംബശ്രീ മിഷന്റെയും സഹായങ്ങളും കൃഷിക്ക് ലഭ്യമായി.  

 

 പാടശേഖരത്തിലെ വിളവെടുപ്പ് മഹോത്സവം കല്ലറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കല്‍ ഉദ്ഘാടനം ചെയ്തു

 

 ചടങ്ങില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന അവാര്‍ഡ് ലഭിച്ച കൃഷി ഓഫീസര്‍ ജോസഫ് ജെഫ്രിയെ ആദരിച്ചു .   വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി കെ ശശി കുമാര്‍, പഞ്ചായത്തംഗം അമ്പിളി ബിനീഷ്, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ നിഷ ദിലീപ്, മുന്‍ ചെയര്‍പേഴ്‌സണ്‍ ഉഷാ ബാബു, പാടശേഖരസമിതി സെക്രട്ടറി രാജി കര്‍ഷകരായ പ്രകാശന്‍ മരുത്താംതറ , വ്യസന്‍ മരുത്താംതറ, കുടുംബശ്രീ അംഗങ്ങള്‍ തൊഴിലുറപ്പ് അംഗങ്ങള്‍, കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

date