Skip to main content

കോരുത്തോട് പഞ്ചായത്തില്‍ സോഷ്യല്‍ ഫോറസ്ട്രി നഴ്‌സറി ആരംഭിച്ചു.

കോട്ടയം: പരിസ്ഥിതി ദിനത്തിൽ  കോരുത്തോട് പ്രദേശത്ത് നടുന്നതിനുള്ള തൈകൾ പ്രാദേശികമായി ഉത്പ്പാദിപ്പിക്കുന്നതിന് കോരുത്തോട് പഞ്ചായത്തില്‍ സോഷ്യല്‍ ഫോറസ്ട്രി നഴ്‌സറി  ആരംഭിച്ചു. കോരുത്തോട്ടില്‍ കൂടുതല്‍ വൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

സാമൂഹ്യ വനവത്കരണ പദ്ധതിയുടെ ഭാഗമായി കോരുത്തോട് ഗ്രാമപഞ്ചായത്ത്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി, വനം വകുപ്പ് എന്നിവ ചേർന്ന്  പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് നഴ്‌സറി ഒരുക്കിയിരിക്കുന്നത്.

വാക, കൊന്ന, നെല്ലി, മഹാഗണി തുടങ്ങിയവയുടെ 5000 തൈകൾ  ഉത്പ്പാദിച്ചു ജൂൺ അഞ്ചിന് വിതരണം ചെയ്യുന്നതിനായി സജ്ജമാക്കും.

  ഇവയുടെ വിത്തുപാകി കിളിർപ്പിച്ച് വെള്ളവും വളവും നല്‍കി  പരിപാലിക്കും. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി അംഗങ്ങള്‍ക്കാണ് ഇതിന്റെ  ചുമതല.

 

  പരിസ്ഥിതി ദിനാചരണത്തിനായി  തൈകള്‍ സ്വകാര്യ നഴ്‌സറികളില്‍ നിന്നും  വില കൊടുത്തു വാങ്ങുന്നതു മൂലവും  കയറ്റിറക്കു കൂലിയുമായും ബന്ധപ്പെട്ടുണ്ടാകുന്ന സാമ്പത്തിക ചെലവ് ഒഴിവാക്കാൻ   നേഴ്‌സറിയിലൂടെ സാധിക്കുമെന്ന് പ്രസിഡന്റ് സന്ധ്യ വിനോദ് പറഞ്ഞു. 

 

നഴ്‌സറിയുടെ  പ്രവർത്തനോദ്ഘാടനം 

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. സാജന്‍ കുന്നത്ത്  നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ വിനോദ് അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് സി.സി തോമസ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ശ്രീജ ഷൈന്‍, ജാന്‍സി സാബു, ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ ഇന്‍ചാര്‍ജ് കെ.എ നാസര്‍, പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍  സന്നിഹിതരായി

date