Skip to main content

കര്‍ഷകര്‍ക്ക് സ്ഥിരവരുമാനമുറപ്പാക്കാന്‍ തേനീച്ച കൃഷിയുമായി ചക്കിട്ടപാറ പഞ്ചായത്ത്

കര്‍ഷകര്‍ക്ക് സ്ഥിരവരുമാനം ഉറപ്പുവരുത്താനായി വേറിട്ട പദ്ധതിയുമായി ചക്കിട്ടപാറ പഞ്ചായത്ത്. ഫെബ്രുവരി 15 ന് തേന്‍വിളവെടുപ്പ് മഹോത്സവത്തിന്റെ ഉദ്ഘാടനം എം.എല്‍.എ ടി പി രാമകൃഷ്ണനും തേനീച്ച നഴ്‌സറിയുടെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജശശിയും ചെമ്പനോട അമ്പാട്ടു മുക്കില്‍ നിര്‍വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍ പി ബാബു ആദ്യവില്പന നടത്തും. 

 

  തേനീച്ച വളര്‍ത്തലില്‍ കര്‍ഷകര്‍ക്ക് പരിശീലനം നല്‍കി അവരെ സംരംഭകരാക്കി മാറ്റുകയാണ് ലക്ഷ്യം. 

1000 കര്‍ഷകര്‍ക്ക് തേനീച്ച വളര്‍ത്തലിലൂടെ വരുമാനം ലക്ഷ്യമിട്ടുള്ള സമാശ്വാസ പദ്ധതിയാണ് പഞ്ചായത്ത് നടപ്പാക്കുന്നത്. നബാര്‍ഡിന്റ ധനസഹായത്തോടെ ഒന്നര വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിശീലനപരിപാടികൾ ആസുത്രണം ചെയ്തിട്ടുണ്ട്. ആദ്യഘട്ടത്തില്‍ ചക്കിട്ടപാറ പഞ്ചായത്തും സെന്റ് തോമസ് അസോസിയേഷന്‍ ഫോര്‍ റൂറല്‍ സര്‍വീസും ചേര്‍ന്ന് 300 കര്‍ഷകര്‍ക്ക് ഡിസംബറില്‍ തേനീച്ച കൃഷിയില്‍ പരിശീലനം നല്‍കിയിരുന്നു. ഇനി 700 പേരാണ് പരിശീലനം നേടാനുള്ളത്. ഹോര്‍ട്ടി കോര്‍പ്പിന്റെ സഹായത്തോടെ കര്‍ഷകര്‍ക്ക് സബ്‌സിഡി നിരക്കില്‍ തേനീച്ചപ്പെട്ടിയും ആവശ്യമായ സാധന സാമഗ്രികളും നല്‍കും. സെന്റ് തോമസ് അസോസിയേഷന്റെ നേതൃത്വത്തില്‍ നിരന്തരമായി ഫീല്‍ഡ് തല പരിശീലനവും കര്‍ഷകര്‍ക്ക് നല്‍കിയിരുന്നു.

 

നിലവില്‍ നഴ്‌സറിയിലെ തേനീച്ചപ്പെട്ടികളിലായി 65 ഇന്ത്യന്‍ തേനീച്ചയും, 30 ചെറു തേനീച്ചയും, രണ്ട് കോല്‍ തേനീച്ചയുമാണ് ക്രമീകരിച്ചിരിക്കുന്നത്. ഭാവിയില്‍ ഈ നഴ്‌സറി വിപുലപ്പെടുത്താനും, നഴ്‌സറിക്കുള്ളില്‍ തന്നെ പ്രകൃതിദത്തമായ രീതിയിലുള്ള പരിശീലനം നല്‍കാനുമുള്ള സൗകര്യമൊരുക്കും. കര്‍ഷകര്‍ക്ക് ആവശ്യാനുസരണം തേനീച്ചയും പെട്ടിയും കൊടുക്കാനും മൂല്യവര്‍ധിത തേനുത്പ്പന്നങ്ങള്‍ നല്‍കാനും പഞ്ചായത്ത് ലക്ഷ്യമിടുന്നുണ്ട്. 

 

കേരളത്തിനകത്തും പുറത്തും നിന്നുമുള്ള കര്‍ഷകര്‍, വിദ്യാര്‍ത്ഥികള്‍, ഉദ്യോഗസ്ഥര്‍, ഗവേഷകര്‍, തേനീച്ച വളര്‍ത്തല്‍ മേഖലയില്‍ താല്പര്യമുള്ള ആര്‍ക്കും ഈ നഴ്‌സറിയില്‍ വരാനും പരിശീലനം നേടാനുമുള്ള സാഹചര്യമൊരുക്കും. തേനീച്ച വളര്‍ത്തല്‍ മേഖലയില്‍ പരിശീലനം സിദ്ധിച്ച സെന്റ് തോമസ് അസോസിയേഷന്റെ ഇരുപതോളം പേരാണ് പരിശീലകരായെത്തുന്നത്. 

 

 

  നിലവിലുള്ള കര്‍ഷകരെ പല ഗ്രൂപ്പുകളായി തിരിച്ചു വിവിധ പ്രോജക്ടുകള്‍ ചെയ്യുക എന്നത് കൂടിയാണ് പദ്ധതിയുടെ ലക്ഷ്യം. തേന്‍ യൂണിറ്റ്, ഉത്പന്ന നിര്‍മാണ യൂണിറ്റ്, തേനീച്ചയും പെട്ടിയും വില്‍ക്കുന്ന യൂണിറ്റ്, തേനീച്ചപ്പെട്ടിയും അനുബന്ധ ഉപകരണങ്ങളും നിര്‍മിക്കുന്ന യൂണിറ്റ് എന്നിങ്ങനെയാണ് പ്രോജക്ട് വിഭാവനം ചെയ്തത്. വ്യത്യസ്ത തലത്തിലുള്ള യുണിറ്റുകള്‍ രൂപീകൃതമാക്കി അതിലൂടെ കര്‍ഷകര്‍ക്ക് വരുമാനമുണ്ടാക്കി അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുവാന്‍ സാധിക്കുമെന്നുള്ളതാണ് ഈ പ്രോജക്ടിന്റെ പ്രത്യേകത.

date