Skip to main content

പാലിയേക്കര ടോൾ പ്ലാസയിൽ തദ്ദേശിയർക്ക് വാഹനങ്ങളുടെ എണ്ണം പരിഗണിക്കാതെ സൗജന്യ യാത്ര അനുവദിക്കണം - മന്ത്രി കെ രാജൻ

പാലിയേക്കര ടോൾ പ്ലാസയുടെ 10 കിലോമീറ്റർ ചുറ്റളവിലുള്ള ഒരു വീട്ടിൽ നിന്ന് ഒരു വാഹനം എന്ന നിയന്ത്രണമില്ലാതെ എല്ലാവർക്കും സൗജന്യമായി കടന്നു പോകാൻ കഴിയണമെന്ന് റവന്യൂ മന്ത്രി കെ രാജൻ. ഒന്നിൽ കൂടുതൽ വാഹനം ഉണ്ട് എന്ന പേരിൽ ആർക്കും പാസ് നിഷേധിക്കരുതെന്നും മന്ത്രി പറഞ്ഞു. പാലിയേക്കര ടോൾ പ്ലാസയിലെ തദ്ദേശീയരുടെ യാത്രാ പാസ് പ്രശ്നം ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സർക്കാർ വാഹനങ്ങൾ, തദ്ദേശ സ്ഥാപന വാഹനങ്ങൾ എന്നിവ കടന്നു പോകുമ്പോൾ അവരോട് മാന്യമായി പെരുമാറണമെന്നും  ഗുരുവായൂർ ഇൻഫ്രാസ്ട്രച്ചറൽ കമ്പനിക്ക് മന്ത്രി നിർദേശം നൽകി. അപമര്യാദയായി പെരുമാറിയ സംഭവങ്ങളിൽ കർശന നടപടി സ്വീകരിക്കണം. എൻ എച്ച് എ അധികൃതർ നൽകിയ നിർദേശങ്ങളിൽ അവ്യക്തതയുണ്ടെങ്കിൽ അത് ടോൾ പിരിക്കുന്ന കരാർ കമ്പനിക്ക് കലക്ടറോട് എഴുതി ചോദിക്കാമെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ നിർദേശങ്ങൾ കരാർ കമ്പനി അംഗീകരിച്ചു.

നാഷണൽ ഹൈവേയിലെ സർവ്വീസ് റോഡ് പലയിടത്തും പൂർത്തിയാവാത്തതും ഡ്രെയിനേജ്, സ്ട്രീറ്റ് ലൈറ്റ്, വെള്ളക്കെട്ട് പ്രശ്നങ്ങളും യോഗത്തിൽ പങ്കെടുത്ത ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് പ്രസിഡൻറുമാർ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.ഹൈവേയ്ക്ക് സമീപത്തുകൂടി ഒഴുകുന്ന പുഴകൾ മലിനമാകുന്ന കാര്യവും മന്ത്രിയെ അറിയിച്ചു. മാലിന്യങ്ങൾ തള്ളുന്നത് തടയാൻ പഞ്ചായത്തുകൾക്ക് വേലികൾ നിർമ്മിക്കുന്നത് ഉൾപ്പെടെയുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കാൻ എൻഎച്ച്എ അനുമതി നൽകണമെന്ന് മന്ത്രി നിർദേശിച്ചു. കരാർ ലംഘനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി തുടർ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. 

യോഗത്തിൽ പുതുക്കാട് എംഎല്‍എ കെ കെ രാമചന്ദ്രൻ ടോൾ പ്ലാസ പാസുമായി ബന്ധപ്പെട്ട തദ്ദേശിയരുടെ വിഷയങ്ങളിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ടോൾ പ്ലാസയിലെ ഉദ്യോഗസ്ഥരുടെ അപമര്യാദയായുള്ള പെരുമാറ്റങ്ങൾ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി കെ ഡേവിസ് മാസ്റ്റർ യോഗത്തിൽ ഉന്നയിച്ചു. ജില്ലാ കലക്ടർ ഹരിത വി കുമാർ, ദുരന്തനിവാരണ ഡെപ്യൂട്ടി കലക്ടർ ഐ ജെ മധുസൂദനൻ, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ വി എസ് പ്രിൻസ്, അഡ്വ ജോസഫ് ടാജറ്റ്, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമാർ, എൻ എച്ച് എ, പിഡബ്ല്യൂഡി ഉദ്യോഗസ്ഥർ, ഗുരുവായൂർ ഇൻഫ്രാസ്ട്രച്ചറൽ കമ്പനി പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

date