Skip to main content

പദ്ധതി നിര്‍വ്വഹണത്തില്‍ തൃശൂര്‍ ജില്ലാ പഞ്ചായത്ത് ഒന്നാമത്

വാര്‍ഷിക പദ്ധതി നിര്‍വ്വഹണത്തില്‍ തൃശൂര്‍ ജില്ലാ പഞ്ചായത്ത് ഒന്നാം സ്ഥാനത്തെത്തിയതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍ അറിയിച്ചു. ഓണ്‍ലൈനായി ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാന തലത്തില്‍ 46.04 ശതമാനം പൂര്‍ത്തിയാക്കിയാണ് നേട്ടം കരസ്ഥമാക്കിയത്. സംസ്ഥാനതലത്തില്‍ 55.17 ശതമാനം ചെലവഴിച്ചാണ് ജില്ല രണ്ടാംസ്ഥാനത്താണ്. 

തദ്ദേശസ്ഥാപനങ്ങളില്‍ 40.19 ശതമാനം പൂര്‍ത്തിയാക്കി തൃശൂര്‍ കോര്‍പ്പറേഷന്‍ രണ്ടാം സ്ഥാനത്താണ്. ജില്ലയിലെ ഏഴ് നഗരസഭകള്‍ 61.21 ശതമാനവും ബ്ലോക്ക് പഞ്ചായത്തുകള്‍ 56.35 ശതമാനവും ഗ്രാമപ്പഞ്ചായത്തുകള്‍ 59.02 ശതമാനവും പൂര്‍ത്തിയാക്കി. ജില്ലയിലെ നഗരസഭകളില്‍ ചാവക്കാട് നഗരസഭയാണ് 69.11 ശതമാനം പൂര്‍ത്തിയാക്കി ഒന്നാമത്. 66.08 ശതമാനം പൂര്‍ത്തിയാക്കി കുന്നംകുളവും 63.82 ശതമാനം പൂര്‍ത്തിയാക്കി കൊടുങ്ങല്ലൂരും ഒന്നും രണ്ടും സ്ഥാനങ്ങളിലുണ്ട്. 60 ശതമാനത്തിന് മുകളില്‍ പദ്ധതി പൂര്‍ത്തീകരണത്തിനായി തുക ചെലവഴിച്ച ബ്ലോക്ക് പഞ്ചായത്തുകള്‍ ചൊവ്വന്നൂര്‍, അന്തിക്കാട്, മതിലകം, കൊടകര എന്നിവയും 50 ശതമാനത്തില്‍ താഴെയുള്ള ബ്ലോക്കുകള്ഡ ചാവക്കാട്, തളിക്കുളം, പുഴക്കല്‍ എന്നിവയുമാണ്. 

ജില്ലയില്‍ എസ് സി പി (പട്ടികജാതി വികസന) ഫണ്ട് പൂര്‍ത്തീകരിക്കുന്നതില്‍ ഗ്രാമപ്പഞ്ചായത്തുകളാണ് മുന്‍പന്തിയില്‍ നില്‍ക്കുന്നത്. 67.44 ശതമാനമാണ് എസ് സി പി ഫണ്ടുകള്‍ക്കായി പഞ്ചായത്തുകള്‍ ചെലവഴിച്ചത്. ബ്ലോക്ക് പഞ്ചായത്തുകള്‍ 64.15 ശതമാനവും നഗരസഭകള്‍ 44.91 ശതമാനവും കോര്‍പ്പറേഷന്‍ 22.88 ശതമാനവും ജില്ലാ പഞ്ചായത്ത് 40.20 ശതമാനവും പൂര്‍ത്തീകരിച്ചു. ജില്ലാ പഞ്ചായത്ത് 76.28 ശതമാനവും ഗ്രാമപ്പഞ്ചായത്തുകള്‍ 58.35 ശതമാനവും ബ്ലോക്ക് പഞ്ചായത്തുകള്‍ 41.32 ശതമാനവും ചെലവഴിച്ച് ടി എസ് പി ഫണ്ടുകള്‍ പൂര്‍ത്തിയാക്കി. തൃശൂര്‍ കോര്‍പ്പറേഷനും നഗരസഭകളുമാണ് ടി എസ് പി ഫണ്ട് പൂര്‍ത്തീകരിക്കാത്തവര്‍.

ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പ്ലാന്‍ പുരോഗതി ജില്ലാ ആസൂത്രണസമിതി അവലോകനം ചെയ്തു. അമ്പത് ശതമാനത്തില്‍ കുറവ് നിര്‍വ്വഹണ പുരോഗതിയുള്ള പഞ്ചായത്തുകള്‍ കൂടുതല്‍ പുരോഗതി കരസ്ഥമാക്കമാണെന്ന് യോഗം നിര്‍ദേശം നല്‍കി. യോഗത്തില്‍ പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ഗ്രാന്റില്‍ സമര്‍പ്പിച്ച തദ്ദേശ സ്ഥാപനങ്ങളുടെ വിശദാംശങ്ങള്‍ സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്തു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്ററുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എംഎല്‍എമാരായ ഇ ടി ടൈസണ്‍ മാസ്റ്റര്‍, അഡ്വ വി ആര്‍ സുനില്‍കുമാര്‍, തൃശൂര്‍ ജില്ലാ ആസൂത്രണ സമിതി യോഗം ഗവണ്‍മെന്റ് നോമിനി ഡോ. എം എന്‍ സുധാകരന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എന്‍ കെ ശ്രീലത, ജില്ലാ ജനകീയാസൂത്രണ ഫെസിലിയേറ്റര്‍ എം ആര്‍ അനൂപ് കിഷോര്‍, വിവിധ ജനപ്രതിനിധികള്‍, ജില്ലാ ആസൂത്രണ സമിതി അംഗങ്ങള്‍, വകുപ്പുദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

date