Skip to main content

സൗര സ്പോട്ട് രജിസ്ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു

ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് പുരപ്പുറ സൗരോര്‍ജ്ജ നിലയം സ്ഥാപിക്കാൻ സബ്സിഡി ലഭിക്കുന്ന, സൗര പദ്ധതിയുടെ പ്രയോജനം വടക്കാഞ്ചേരിയിലെ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നതിനായി കെഎസ്ഇബി ലിമിറ്റഡും വടക്കാഞ്ചേരി നഗരസഭയും സംയുക്തമായി സൗര സ്പോട്ട് രജിസ്ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു.  കേരളത്തിലെ സൗരോര്‍ജ്ജ വൈദ്യുതി ഉല്‍പാദനശേഷി 1000 മെഗാവാട്ട് എത്തിക്കുക എന്ന ലക്ഷ്യത്തോടെ കേരള സര്‍ക്കാര്‍ ഊര്‍ജ്ജ കേരള മിഷനില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന പദ്ധതിയാണ് സൗര സ്പോട്ട്. 

രജിസ്ട്രേഷന്‍ നടത്തുന്നവര്‍ക്ക് സൗര നിലയം സ്ഥാപിക്കാൻ മുന്‍ഗണന ലഭിക്കുന്ന ഇത്തരത്തിലെ ക്യാമ്പ് കേരളത്തില്‍ ആദ്യമായാണ് സംഘടിപ്പിക്കുന്നത്. സബ്‌സിഡി പദ്ധതി പ്രകാരം സൗരോര്‍ജ്ജ നിലയം സ്ഥാപിക്കുന്നതിന് 3 കിലോവാട്ട് വരെ 40% സബ്‌സിഡിയും അത് കഴിഞ്ഞുള്ള ഓരോ കിലോവാട്ടിനും 20% സബ്‌സിഡിയും ഉപഭോക്താവിന് ലഭിക്കും. കെഎസ്ഇബി എംപാനല്‍ ചെയ്ത ഡെവലപ്പര്‍മാരായ പ്രമുഖ കമ്പനികളുടെ സ്റ്റാളുക‍‍‍‍‍‍‍‍‍‍‍‍‍‍‍‍ള്‍ സന്ദര്‍ശിച്ച് ഇഷ്ടപ്പെട്ട കമ്പനിയെ തിരഞ്ഞെടുത്ത് സ്പോട്ട് രജിസ്ട്രേഷന്‍ നടത്താനുള്ള അവസരവുമുണ്ട്. ആവശ്യമായവര്‍ക്ക് വായ്പാ സൗകര്യത്തിന് സഹകരണ / പൊതുമേഖലാ ബാങ്കുകളുടെ സേവനവും ക്യാമ്പില്‍ ലഭ്യമായിരുന്നു.
സ്പോട്ട് രജിസ്ട്രേഷന്‍ ക്യാമ്പില്‍ സൗര നിലയം സ്ഥാപിക്കുന്നതിലേക്കായി കെഎസ്ഇബി എംപാനല്‍ ചെയ്ത ഡെവലപ്പര്‍മാരായ പ്രമുഖ കമ്പനികളുടെ  13 സ്റ്റാളുകളും വായ്പാ സൗകര്യം ലഭ്യമാക്കുന്നതിനായി 3 സഹകരണ / പൊതുമേഖലാ ബാങ്കുകളുടെ സേവനവും ലഭ്യമായിരുന്നു.  

 സൗരനിലയം സ്ഥാപിക്കുന്നതിനായി താല്‍പര്യം പ്രകടിപ്പിച്ചു കൊണ്ട് 138 ഗാര്‍ഹിക ഉപഭോക്താക്കള്‍ ക്യാമ്പില്‍ എത്തുകയും അവരില്‍ 84 പേര്‍ ക്യാമ്പില്‍ വെച്ചുതന്നെ രജിസ്ട്രേഷന്‍ നടത്തുകയും ചെയ്തു. വടക്കാഞ്ചേരി സര്‍വ്വീസ് സഹകരണ ഹാളില്‍ സംഘടിപ്പിച്ച സ്പോട്ട് രജിസ്ട്രേഷന്‍ ക്യാമ്പ് എംഎല്‍എ സേവ്യര്‍ ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. വടക്കാഞ്ചേരി നഗരസഭ  ചെയര്‍മാന്‍ പി.എന്‍.സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ചീഫ് എൻജിനീയര്‍ ആന്റ് സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ (സൗര) ജെ. മധുലാല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെഎസ്ഇബിയുടെ സൗര പദ്ധതിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനുമായി www.ekiran.kseb.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

date