Skip to main content

വേങ്ങരയില്‍ ആരോഗ്യ-ഊര്‍ജ വകുപ്പുകളുടെ അവലോകന യോഗം ചേര്‍ന്നു

വേങ്ങര കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ കോവിഡ് കാരണം നിര്‍ത്തി വച്ച കിടത്തി ചികിത്സ പുനരാരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനമായി. വേങ്ങര മണ്ഡലത്തിലെ ആരോഗ്യ- ഊര്‍ജ്ജ വകുപ്പ് വിഷയങ്ങളുമായി ബന്ധപ്പെട്ട് പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ വിളിച്ചു ചേര്‍ത്ത ഉദ്യോഗസ്ഥന്മാരുടെയും ജനപ്രതിനിധികളുടെയും യോഗത്തില്‍ ഇതു സംബന്ധിച്ച നിര്‍ദേശം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നല്‍കി. നാല് കോടി രൂപ ചെവില്‍ നിര്‍മിച്ച ഡയാലിസിസ് കെട്ടിടത്തില്‍ സൗജന്യ ഡയാലിസിസ് ആരംഭിക്കുന്നതിന് ആവശ്യമായ തസ്തികകള്‍ സൃഷ്ടിക്കുന്നതിനുള്ള പ്രപ്പോസലുകള്‍ തയ്യാറാക്കി സമര്‍പ്പിക്കാനും ജില്ലാ മെഡിക്കല്‍ ഓഫീസറെ ചുമതലപ്പെടുത്തി. കുന്നുംപുറം, കണ്ണമംഗലം എഫ്.എച്ച്.സികളില്‍ കോവിഡ് ഐസൊലേഷന്‍ വാര്‍ഡ് സ്ഥാപിക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തും.

 കുന്നുംപുറം, കണ്ണമംഗലം എഫ്.എച്ച്.സികളില്‍ കോവിഡ് ഐസൊലേഷന്‍ വാര്‍ഡ് സ്ഥാപിക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തും. കുന്നുംപുറം എഫ്.എച്ച്.സി യില്‍ കിടത്തി ചികിത്സക്കുള്ള നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്താന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടും. ഊരകം പി.എച്ച്.സിയെ വേങ്ങര ബ്ലോക്കില്‍ ഉള്‍പ്പെടുത്തുന്നതിനും പരപ്പില്‍പാറ സബ് സെന്റര്‍ കെട്ടിടം നിര്‍മാണ പ്രവൃത്തി അടിയന്തരമായി ആരംഭിക്കുന്നതിനും എം.എല്‍.എ നിര്‍േദശം നല്‍കി. നിയോജക മണ്ഡലത്തില്‍ കോവിഡ് സെക്കന്റ് ഡോസ് ഡ്രൈവ് സംഘടിപ്പിക്കാനും തീരുമാനമായി.

മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ സ്ഥാപിച്ചിട്ടുള്ള ഹൈമാസ്റ്റ് ലൈറ്റുകള്‍ക്ക് കണക്ഷന്‍ നല്‍കുന്നതിനുള്ള പോസ്റ്റുകള്‍ അടിയന്തരമായി ലഭ്യമാക്കി മുഴുവന്‍ ലൈറ്റുകളും പ്രകാശിപ്പിക്കാന്‍ വേണ്ട നടപടികള്‍ വേഗത്തിലാക്കാന്‍ ഇലക്ട്രിസിറ്റി ഡെപ്യൂട്ടി  ചീഫ് എഞ്ചിനീയര്‍ക്ക് നിര്‍ദേശം നല്‍കി. മാര്‍ച്ച് 31 നകം  ആവശ്യമായ പോസ്റ്റുകള്‍ ലഭ്യമാക്കി മുഴുവന്‍ ലൈറ്റുകള്‍ക്കും കണക്ഷന്‍ ലഭ്യമാക്കുമെന്ന് യോഗം ഉറപ്പു വരുത്തി. വേങ്ങര 110 കെ.വി സബ്‌സ്റ്റേഷന്‍ നടപടികള്‍ ത്വരിതപ്പെടുത്തും. വിവിധ പഞ്ചായത്തുകളിലെ സ്ട്രീറ്റ് മെയിന്‍ ലൈന്‍ വലിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പെട്ടന്ന് പൂര്‍ത്തീകരിക്കാനും നിലാവ് പദ്ധതി പൂര്‍ണമായും നടപ്പാക്കാനും യോഗം തീരുമാനിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണില്‍ ബെന്‍സീറ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.ആര്‍. രേണുക, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. മുഹമ്മദ് ഇസ്മായില്‍, ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ (ഇലക്ട്രിസിറ്റി) കെ.എസ് ഷീബ, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ (ഇലക്ട്രിസിറ്റി) ഒ.പി വേലായുധന്‍, ഗ്രാമ പഞ്ചായത്ത് പ്രഡിഡന്റുമാരായ കെ.കെ.മന്‍സൂര്‍ കോയ തങ്ങള്‍, കടമ്പോട്ട് മൂസ, കെ.പി.ഹസീന ഫസല്‍, സലീമ ടീച്ചര്‍, ലിയാഖത്ത് അലി കാവുങ്ങല്‍, യു.എന്‍.ഹംസ, ബ്ലോക്ക് വൈസ് പ്രസിഡന്റ് അബൂബക്കര്‍ മാസ്റ്റര്‍ പുളിക്കല്‍, ജില്ലാ പഞ്ചായത്ത് അംഗം സമീറ പുളിക്കല്‍, ആരോഗ്യ-ഊര്‍ജ വകുപ്പുകളിലെ വിവിധ ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
 

date