Skip to main content

കാളികാവില്‍ വിജയഗാഥ രചിച്ച് ഹരിതകര്‍മസേന

മാലിന്യ നിര്‍മാര്‍ജനത്തിന്  കര്‍മ്മപദ്ധതി നടപ്പാക്കി മുന്നേറുകയാണ് കാളികാവ് ഗ്രാമപഞ്ചയത്ത്. സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ നടപ്പാക്കിയ ഹരിതകര്‍മസേന കാളികാവ് ഗ്രാമപഞ്ചായത്തില്‍ രൂപീകരിച്ച്  ആറുമാസം പിന്നിടുമ്പോഴേക്കും 10 ടണ്‍ റിജക്റ്റ്  മാലിന്യങ്ങളടക്കം  കയറ്റി അയച്ചു കഴിഞ്ഞു.
13 അംഗ ഹരിതകര്‍മ്മസേനയാണ് ഈ പഞ്ചായത്തിലുള്ളത്. ഇവരുടെ  നേതൃത്വത്തില്‍ അജൈവ മാലിന്യങ്ങള്‍ ശേഖരിച്ച് തരംതിരിക്കുകയും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഷ്രഡിങ്  ചെയ്തു വില്‍ക്കുന്നു. ചെരുപ്പ്, തുണി, കുപ്പിച്ചില്ല്, ആശുപത്രി മാലിന്യങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന  റിജക്റ്റ്  മാലിന്യങ്ങള്‍  കയറ്റി അയക്കും.വീടുകള്‍ക്ക് 50 രൂപയും സ്ഥാപനങ്ങള്‍ക്ക് 100 രൂപയുമാണ് യൂസര്‍ ഫീ. മൂന്ന് ചാക്ക് മാലിന്യങ്ങള്‍ വരെ ഈ യൂസര്‍ ഫീ പരിധിയില്‍ എടുക്കും. കൂടുതലായി വരുന്ന ഓരോ ചാക്കിനും 20 രൂപ വീതം കൂടുതല്‍ കൊടുക്കണം. മൂന്നു മാസത്തിലൊരിക്കല്‍ ആണ് ഇവര്‍ വീട്ടിലെത്തുക. ഇതിനിടയില്‍   സ്ഥാപനങ്ങള്‍ക്കോ വീടുകള്‍ക്കോ ഇവരുടെ സേവനം ആവശ്യമാണെങ്കില്‍ ഇവരെ ബന്ധപ്പെട്ടാല്‍ മതി. ഇതിന് സ്‌പെഷ്യല്‍ ഫീ നല്‍കേണ്ടിവരും.

ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനം പഞ്ചായത്തില്‍ ഊര്‍ജിതമായി മുന്നേറുകയാണ്. ഇതിന് ആക്കം കൂട്ടാന്‍ 2021- 22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി  ആമപൊയിലില്‍  എം.സി.എഫ് സ്ഥാപിക്കും. അടുത്ത വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിവിധ വാര്‍ഡുകളിലായി മിനി എം.സി.എഫുകള്‍ സ്ഥാപിക്കാനും പദ്ധതിയുണ്ട്. മാലിന്യനിര്‍മാര്‍ജനത്തിന് ആക്കം കൂട്ടുന്ന കമ്പോസ്റ്റ് പിറ്റ്, സോക്ക് പിറ്റ് എന്നിവ തൊഴിലുറപ്പ് പദ്ധതിയിലൂടെ  എല്ലാ വീടുകളിലും നിര്‍മിക്കുന്നു. ജൈവമാലിന്യങ്ങള്‍ വീടുകളില്‍ സംസ്‌കരിക്കാന്‍ ഗ്രാമസഭകള്‍ വഴി ബയോബിന്നുകള്‍ വിതരണം ചെയ്യാനും പദ്ധതിയുണ്ട്. നിലവിലെ ഭരണ സമിതി അധികാരത്തിലേറുമ്പോള്‍ മാലിന്യ നിര്‍മാര്‍ജനത്തിനായുള്ള പ്രത്യേകം പദ്ധതികള്‍ക്കാണ് ആദ്യ വാര്‍ഷിക പദ്ധതിയില്‍ മുന്‍തൂക്കം നല്‍കിയതെന്നും  പദ്ധതിയുടെ വിപുലീകരണം വരുംവര്‍ഷങ്ങളില്‍ ഉണ്ടാകുമെന്നും കാളികാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ ഗോപി പറഞ്ഞു.

date