Skip to main content

തിരൂരങ്ങാടി നഗരസഭയില്‍ ഉറവിടമാലിന്യ സംസ്‌കരണപദ്ധതി  നടപ്പിലാക്കും

സംസ്ഥാന ശുചിത്വമിഷന്റെ മാലിന്യസംസ്‌കരണ കര്‍മപദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ഉറവിട മാലിന്യസംസ്‌കരണത്തിന് നഗരസഭ രൂപരേഖ തയ്യാറാക്കി. ജൈവമാലിന്യങ്ങളെ ഉറവിടത്തില്‍ തന്നെ സംസ്‌ക്കരിക്കുന്ന പദ്ധതിയുടെ ഭാഗമായി ഗാര്‍ഹികതലത്തില്‍ റിങ് കമ്പോസ്റ്റ്, ബയോഗ്യാസ് പ്ലാന്റ്, കിച്ചന്‍ ബിന്‍ എന്നിവ സ്ഥാപിക്കാനാണ് തീരുമാനം. ഫെബ്രുവരി 14ന് ടെന്‍ഡര്‍ ക്ഷണിക്കുമെന്ന് നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ് കുട്ടി അറിയിച്ചു.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ 58.3 ശതമാനം ഫണ്ടും നഗരസഭയും ഗുണഭോക്താവും ചേര്‍ന്ന് 41.7 ശതമാനം ഫണ്ടുമാണ് പദ്ധതിക്കായി കണ്ടെത്തുന്നത്. ഇതില്‍ ഗുണഭോക്തൃ വിഹിതം വിലയുടെ 10 ശതമാനം മാത്രമാണ്.  പ്രാഥമിക ഘട്ടത്തില്‍ ആയിരം പേര്‍ക്കാണ് കിച്ചണ്‍ ബിന്‍ വിതരണം ചെയ്യുക. അപേക്ഷിക്കുന്ന എല്ലാവരുടെയും വീടുകളില്‍ ബയോഗ്യാസ് പ്ലാന്റ്, റിങ് കമ്പോസ്റ്റ് എന്നിവ സ്ഥാപിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

ഉറവിടമാലിന്യസംസ്‌കരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കാന്‍ വാര്‍ഡ് സഭകള്‍ വിളിച്ചു ചേര്‍ക്കാനുള്ള നടപടികള്‍ ഉടനെ കൈക്കൊള്ളും. താത്്പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചാണ് മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ സ്ഥാപിക്കുക.
ജനപങ്കാളിത്തത്തോടെയുള്ള ശുചിത്വമാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളിലൂടെ സംസ്ഥാനത്തെ മാലിന്യമുക്തമാക്കാനും ലോകത്തിന് പഠനവിധേയമായ മാതൃക സൃഷ്ടിക്കാനുമാണ് ശുചിത്വമിഷന്‍ ലക്ഷ്യമിടുന്നത്. ഓരോ വീട്ടിലും നിലവില്‍ ഏത് രീതിയാണ് അവലംബിക്കുന്നതെന്ന് വിലയിരുത്തിയതിനു ശേഷമാകും ഏത് രീതിയാണ് പ്രായോഗികമെന്ന് കണ്ടെത്തുക. തുടര്‍ന്ന് ആ രീതിയിലേക്ക് മാറുന്നതിന് വീട്ടുകാരെ സജ്ജരാക്കുമെന്നും ഹെല്‍ത്ത് ഇന്‍സ്പെക്ടറും സിറ്റി പ്രൊജക്റ്റ് മാനേജരുമായ സുനില്‍ റെയ്മണ്ട് പറഞ്ഞു.

ഓക്‌സിജന്റെ അഭാവത്തില്‍ മാലിന്യം സാംസ്‌കരിച്ച് ഇന്ധനമാക്കി മാറ്റുവാന്‍ സാധിക്കുന്ന സംവിധാനമാണ് ബയോഗ്യാസ് പ്ലാന്റ്. പാചകവാതകമായും വളമായി ഉപയോഗിക്കുന്ന സ്ലറിയായും ബയോഗ്യാസ് പ്ലാന്റിനെ മാറ്റാന്‍ സാധിക്കും.  സംസ്‌കരണത്തോടൊപ്പം ഉപയോഗപ്രദമാകുന്ന തരത്തില്‍ മാലിന്യത്തെ മാറ്റിതീര്‍ക്കാനുള്ള സംവിധാനമാണ് ഉറവിട മാലിന്യം സംസ്‌ക്കരണ പദ്ധതി ലക്ഷ്യംവക്കുന്നത്.

 

date