Skip to main content

സുല്ലമുസലാം ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ രക്തദാന ക്യാമ്പ് ശ്രദ്ധേയമായി

'രക്തദാനം മഹാദാനം' എന്ന സന്ദേശത്തോടെ പൊതുജനങ്ങളില്‍ സന്നദ്ധ രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിനായി അരീക്കോട് സുല്ലമുസലാം ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും മഞ്ചേരി ഗവ. മെഡിക്കല്‍ കോളജും സംയുക്തമായി സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ശ്രദ്ധേയമായി. അരീക്കോട് സുല്ലമുസലാം ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍  സംഘടിപ്പിച്ച ക്യാമ്പിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം പി.വി. എ മനാഫ് നിര്‍വഹിച്ചു. സ്‌കൂള്‍ മാനേജിങ് കമ്മറ്റി പ്രസിഡന്റ് എന്‍.വി അബ്ദുറഹിമാന്‍ അധ്യക്ഷനായി.

'രക്ത ദാനത്തിന്റെ പ്രാധാന്യം' എന്ന വിഷയത്തില്‍ മഞ്ചേരി മെഡിക്കല്‍ കോളജിലെ ബ്ലഡ് ബാങ്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ.മേരി തെരേസ ക്ലാസെടുത്തു. മഞ്ചേരി മെഡിക്കല്‍ കോളജില്‍  ഓരോ മാസവും 400 യൂണിറ്റിലധികം രക്തം ആവശ്യമായി വരാറുണ്ടെന്നും ജില്ലയിലെ മറ്റ് ആരോഗ്യ കേന്ദ്രങ്ങളിലേക്കും ഇവിടെ നിന്ന് രക്തം നല്‍കാറുണ്ട്. പലപ്പോഴും ആവശ്യത്തിനുള്ള രക്തം ലഭിക്കാത്തത് വലിയ പ്രതിസന്ധി സൃഷ്ടിക്കാറുണ്ട്. ഇത്തരം പ്രതിസന്ധികള്‍ മറികടക്കാനും കൃത്യമായി രക്തദാനം ചെയ്യുന്നതടക്കം മൂന്ന് മാസത്തിലൊരിക്കല്‍  രക്തം പരിശോധിക്കപ്പെടുന്നതിലൂടെ മലേറിയ ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി.എച്ച്.ഐ.വി. മറ്റ് ലൈംഗിക രോഗങ്ങള്‍ തുടങ്ങിയവയൊന്നും നമുക്കില്ലെന്ന് ഉറപ്പാക്കാനും കഴിയും.  അതിനാല്‍ എല്ലാവരും സന്നദ്ധ രക്തദാനത്തില്‍ പങ്കാളികളാവണമെന്ന് ഡോക്ടര്‍ ഓര്‍മിപ്പിച്ചു.

പരിപാടിയില്‍ സ്‌കൂളിലെ എന്‍.എസ്.എസ്, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്, പൂര്‍വ വിദ്യാര്‍ഥികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരില്‍ നിന്നായി 50 യൂണിറ്റ് രക്തം ശേഖരിച്ചു.   ശേഖരിച്ച രക്തം മഞ്ചേരി മെഡിക്കല്‍ കോളജിലെ ബ്ലഡ് ബാങ്കിലേക്ക് കൈമാറി. ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിബിന്‍ ലാല്‍, അരീക്കോട് ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അംഗം നൗഷാദ് കല്ലട,  സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.ടി മുനീബ്‌റഹ്‌മാന്‍, സ്‌കൂള്‍ മാനേജര്‍ കെ. അബ്ദുസലാം, സ്‌കൂള്‍ പ്രധാന അധ്യാപകന്‍ സി.പി അബ്ദുള്‍ കരീം, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് ടി.ശരണ്യ, പി.ടി.എ പ്രസിഡന്റ് പി.സി ഷബീബ്, എം.റജീന, എന്‍എസ്എസ് പ്രോഗ്രം കോര്‍ഡിനേറ്റര്‍ മുഹസിന്‍ ചോലയില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

date