Skip to main content

നിലമ്പൂര്‍ നഗരസഭയെ മാലിന്യ മുക്തമാക്കാന്‍ ഹരിതകാന്തി പദ്ധതി കൂടുതല്‍ വാര്‍ഡുകളിലേക്ക് വ്യാപിപ്പിക്കും

നിലമ്പൂര്‍ നഗരസഭയുടെ സമ്പൂര്‍ണ മാലിന്യ നിര്‍മാര്‍ജ്ജന പദ്ധതി ഹരിതകാന്തി കൂടുതല്‍ വാര്‍ഡുകളിലേക്ക് വ്യാപിപ്പിക്കുന്നു. ജൈവമാലിന്യങ്ങളുടെ ഉറവിട മാലിന്യ സംസ്‌കരണം,  ഹരിത കര്‍മ്മ സേനയുടെ നേതൃത്വത്തില്‍ അജൈവ മാലിന്യങ്ങള്‍ ശേഖരണം എന്നിവയോടൊപ്പം ജൈവ കൃഷിരീതികളും പ്രോത്സാഹിപ്പിക്കുന്നതാണ് ഹരിതകാന്തി പദ്ധതി.  ആദ്യ ഘട്ടത്തില്‍ ആശുപത്രിക്കുന്ന്, കുളക്കണ്ടം, വീട്ടിക്കുത്ത്, താമരക്കുളം, ചക്കാലക്കുത്ത്, മയ്യന്താനി എന്നീ ആറു വാര്‍ഡുകളിലാണ് പദ്ധതി നടപ്പാക്കിയത്. പദ്ധതി ലക്ഷ്യം കണ്ടുതുടങ്ങിയതോടെയാണ് കൂടുതല്‍ വാര്‍ഡുകളിലേക്ക് വ്യാപിപ്പിക്കുന്നത്.

2021 ഒക്ടോബറില്‍ ആരംഭിച്ച പദ്ധതിയില്‍ ആദ്യ ഘട്ടത്തില്‍ 1000 വീടുകള്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ ചുരുങ്ങിയ മാസങ്ങള്‍ കൊണ്ട് തന്നെ 5800 വീടുകള്‍ പദ്ധതിയുടെ ഭാഗമായി. പദ്ധതി പ്രവര്‍ത്തനങ്ങള്‍  മോണിറ്റര്‍ ചെയ്യാന്‍ ഓരോ വാര്‍ഡിലും  ഏരിയ തിരിച്ച്  വാര്‍ഡ് സഭകള്‍ രൂപീകരിച്ചിട്ടുണ്ട്.

ഉറവിട മാലിന്യ സംസ്‌കരണം പ്രോത്സാഹിപ്പിക്കാന്‍ നഗരസഭയുടെ നേതൃത്വത്തില്‍ 2,200 രൂപ വിലയുള്ള ബയോബിന്നുകള്‍ സൗജന്യമായി വിതരണം ചെയ്തുവരുന്നു. രണ്ടാം ഘട്ടം പൂര്‍ത്തിയാകുമ്പോഴേക്കും 5,000 വീടുകളില്‍ ബയോബിന്നുകള്‍ എത്തും. ബയോബിന്‍ വഴി ഉല്‍പാദിപ്പിക്കപ്പെടുന്ന ജൈവവളം വീട്ടുകാര്‍ കൃഷി ആവശ്യത്തിന് ഉപയോഗിച്ചശേഷം ബാക്കിയുള്ളവ നഗരസഭ ന്യായവില നല്‍കി സംഭരിക്കുകയും വിപണനകേന്ദ്രം വഴി  വിപണിയിലെത്തിക്കാനും പദ്ധതിയുണ്ട്.

അജൈവ മാലിന്യ സംസ്‌കരണത്തിന് സദാ സന്നദ്ധരായി ഹരിത കര്‍മ്മ സേന അംഗങ്ങള്‍ പ്രവര്‍ത്തിക്കുന്നു. പദ്ധതിയുടെ ആരംഭത്തില്‍ എട്ട് അംഗങ്ങളാണ്   ഉണ്ടായിരുന്നതെങ്കില്‍ ഇന്ന് 30 അംഗങ്ങളുണ്ട്. ഓരോ വീടുകളിലും എത്തിയാണ് മാലിന്യ ശേഖരിക്കുന്നത്. ഒരു വീട്ടുകാര്‍  60 രൂപയാണ് ഇവര്‍ക്ക്  യൂസര്‍ ഫീ ആയി നല്‍കേണ്ടത്.

അടുക്കളത്തോട്ടങ്ങളില്‍ നിന്ന് അന്യം നിന്നു പോകുന്ന നാട്ടുചെടികളെ തിരികെയെത്തിക്കാനുള്ള പദ്ധതികളും ഹരിതകാന്തിയിലൂടെ നടപ്പാക്കുന്നു. കുറ്റിക്കുരുമുളക്, പപ്പായ, മുരിങ്ങ, ആര്യവേപ്പ്, കറിവേപ്പ്, കാന്താരി എന്നിവയുടെ തൈകള്‍  എല്ലാ വീട്ടുവളപ്പിലും   നട്ടുപിടിപ്പിക്കുന്നു. നിലവില്‍ കുറ്റിക്കുരുമുളകാണ് നട്ട് തുടങ്ങിയത്. തൊഴിലുറപ്പ് തൊഴിലാളികള്‍ നിന്നും തെരഞ്ഞെടുത്ത 51 പേര്‍ക്ക് പരിശീലനം നല്‍കി കര്‍ഷക കര്‍മസേന സംഘം രൂപീകരിച്ചു. ഇവരാണ് വീടുകളിലെത്തി തൈകള്‍ നട്ടുപിടിപ്പിക്കുന്നത്. തൈകള്‍ ലഭ്യമാക്കാനുള്ള ചുമതല  കൃഷിഭവനാണ്. അടുക്കളതോട്ടത്തില്‍ അധികം വരുന്ന പച്ചക്കറികളും നഗരസഭ ന്യായവില നല്‍കി സംഭരിച്ച് വിപണിയിലെത്തിക്കും. ഭാവിയില്‍  പദ്ധതിയില്‍ ഉള്‍പ്പെട്ട ജലദൗര്‍ലഭ്യം അനുഭവപ്പെടുന്ന വീടുകളില്‍ കിണര്‍ റീചാര്‍ജിങ്, എല്ലാ വീടുകളിലും സമ്പൂര്‍ണ എല്‍ഇഡി ബള്‍ബുകള്‍  തുടങ്ങിയവയും  വിഭാവനം ചെയ്യുന്നുവെന്ന് നഗരസഭാ ചെയര്‍മാന്‍  മാട്ടുമ്മല്‍ സലിം പറഞ്ഞു.
 

date