Skip to main content

കാതിനിമ്പം'മായി വൈദ്യര്‍ മഹോത്സവം ആരംഭിച്ചു

മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി സംഘടിപ്പിക്കുന്ന 'വൈദ്യര്‍ മഹോത്സവം' കാഴ്ചപരിമിതരുടെ സംഘമായ മഞ്ചേരി ചാലഞ്ചേഴ്സ് വോയ്സിന്റെ 'കാതിനിമ്പം' പരിപാടിയോടെ തുടക്കമായി. നിസാര്‍ തൊടുപുഴ, ജലീല്‍ പരപ്പനങ്ങാടി, ഫാത്തിമ ഹവ്വ, ജംഷീന സ്വാഗതമാട്, ആയിഷ സമീഹ, ഹിബ ഫാത്തിമ എന്നിവര്‍ ഗാനങ്ങള്‍ അവതരിപ്പിച്ചു.
അരങ്ങ് തുറക്കല്‍, ഇശല്‍ ചാപ്റ്റര്‍ കൊണ്ടോട്ടി എന്നീ സംഘങ്ങളുടെ 'പാട്ടോട് പാട്ട്' പരിപാടിയും ഇതിന്റെ ഭാഗമായി അരങ്ങേറി. മുര്‍ശിദി ഇശല്‍ ബിശാറ, കലാ ഖൈമ തിരൂരങ്ങാടി, ഗസല്‍ മാപ്പിളകലാ പഠനകേന്ദ്രം, ഇശല്‍ മാനസം, മാപ്പിളപ്പാട്ട് മാപ്പിളകലാ സാഹിത്യ വേദി, ഫോക്ക് ആര്‍ട്സ്, സ്നേഹ സംഗീത ഗ്രൂപ്പ്, ഇശല്‍ എഫ് എം ആലപ്പി ഇശല്‍ മാപ്പിളകലാ സാംസ്‌കാരിക കേന്ദ്രം, മാപ്പിളകലാ അക്കാദമി, കിസ്സപ്പാട്ട് ഒഫീഷ്യല്‍, ജഡ്ജസ് ഓഫ് കേരള, ട്രെയ്നേഴ്സ് ഗ്രൂപ്പ്, ഇശല്‍ മീഡിയ മാപ്പിള കലാ കേന്ദ്രം, ചളിക്കോടന്‍ പാട്ടുപെട്ടി, ഇശല്‍ മെഹര്‍ബാന്‍ എന്നീ വാട്സ്ആപ്പ് ഗ്രൂപ്പുകളും വൈവിധ്യമാര്‍ന്ന പരിപാടികള്‍ അവതരിപ്പിച്ചു.

കേരള ഖിസപ്പാട്ട് സംഘവും കേരള ഖിസപ്പാട്ട് അസോസിയേഷനും ചേര്‍ന്ന ഖിസപ്പാട്ട് സംഗമവും നടന്നു. അക്കാദമിയിലെ മാപ്പിളപ്പാട്ട് മൂന്നാംവര്‍ഷ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച 'കിളിക്കൊഞ്ചല്‍' ഗാനാവതരണത്തിന് ബക്കര്‍ മാറഞ്ചേരി, നസീര്‍ മായന്‍ പൊന്നാനി, കാലിക്കറ്റ് നൗഷാദ് എന്നിവര്‍ നേതൃത്വം നല്‍കി. പരിപാടിയുടെ ഭാഗമായി മാപ്പിളത്തമാശയും മാപ്പിളത്തമാശപ്പാട്ടുകളും നടന്നു. കാന്തപുരം അബൂക്ക ഗാനങ്ങള്‍ അവതരിപ്പിച്ചു. സദസില്ലാത്ത വേദിയില്‍ അവതരിപ്പിക്കപ്പെട്ട പരിപാടികള്‍ വൈദ്യര്‍ ടി. വി യൂട്യൂബ് ചാനലിലൂടെയാണ് ആസ്വാദകരിലേക്കെത്തിച്ചത്. ഒപ്പന, വട്ടപ്പാട്ട്. അറബന, കോല്‍ക്കളി എന്നിവയും അരങ്ങേറി.
അക്കാദമി വൈസ് ചെയര്‍മാന്‍ പുലിക്കോട്ടില്‍ ഹൈദരാലി, സെക്രട്ടറി റസാഖ് പയമ്പ്രോട്ട്, കെ എ ജബ്ബാര്‍, രാഘവന്‍ മാടമ്പത്ത്, കെ.വി അബൂട്ടി, വി.അബ്ദുല്‍ ഹമീദ് എന്നിവര്‍ സംസാരിച്ചു.
 

date