Skip to main content

വേങ്ങരക്ക് പിന്നാലെ കണ്ണമംഗലവും പദ്ധതി നിര്‍വഹണത്തില്‍ ഒന്നാമത്

ബ്ലോക്ക് പഞ്ചായത്തുകളുടെ പദ്ധതി നിര്‍വഹണ റിപ്പോര്‍ട്ടിന് പിന്നാലെ ഗ്രാമ പഞ്ചായത്തുകളുടെ പദ്ധതി നിര്‍വഹണ റിപ്പോര്‍ട്ടിലും വേങ്ങര നിയോജക മണ്ഡലത്തിന് തിളക്കമാര്‍ന്ന നേട്ടം. 2021-22 സാമ്പത്തിക വര്‍ഷത്തെ പദ്ധതി നിര്‍വഹണ റിപ്പോര്‍ട്ടില്‍ വേങ്ങര മണ്ഡലത്തില്‍ ഉള്‍പ്പെട്ട കണ്ണമംഗലം പഞ്ചായത്തിനാണ് ജില്ലയില്‍ ഒന്നാം സ്ഥാനം.  പദ്ധതി നിര്‍വഹണത്തിലും ഫണ്ടുകളുടെ വിനിയോഗത്തിലും കണ്ണമംഗലം ജില്ലയില്‍ ഒന്നാമതാണ്.  ഇതാദ്യമായാണ് പഞ്ചായത്ത് ഈ നേട്ടം കൈവരിക്കുന്നത്. വിവിധ മേഖലകളിലേക്കായി അനുവദിക്കപ്പെട്ട നാല് കോടി 36 ലക്ഷം രൂപയില്‍ മൂന്ന് കോടി 44 ലക്ഷവും പഞ്ചായത്ത് ചെലവഴിച്ചു.  പഞ്ചായത്തിന്റെ ഫണ്ടു വിനിയോഗത്തില്‍  78.77 ശതമാനവും പൂര്‍ത്തിയായി. പട്ടിക ജാതിവികസന ഫണ്ടിലെ 82 ലക്ഷം രൂപയില്‍ 63 ലക്ഷവും പഞ്ചായത്ത് ചെലവഴിച്ചതായും കണ്ണമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഹംസ പറഞ്ഞു. നടപ്പ് സാമ്പത്തിക വര്‍ഷം 123 പദ്ധതികള്‍ക്കാണ് പഞ്ചായത്ത് അനുമതി നല്‍കിയത്. ഭൂരിഭാഗം പദ്ധതികളും നടപ്പാക്കാന്‍ പഞ്ചായത്തിന് സാധിച്ചതായും ബാക്കിയുള്ളവ മാര്‍ച്ചിനകം പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളില്‍ ഒന്നാം സ്ഥാനം നേടാന്‍ വേങ്ങര മണ്ഡലത്തിന് കഴിഞ്ഞതിലും അതിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും പദ്ധതി നിര്‍വഹണത്തില്‍ കണ്ണമംഗലം പഞ്ചായത്തിലെ വിവിധ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് അക്ഷീണം പ്രായത്‌നിച്ച ജീവനക്കാരെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.

date