Skip to main content

ഒളവട്ടൂര്‍ - മുണ്ടുഴി റോഡില്‍ റോഡ് പ്രവൃത്തിയ്ക്ക് മുമ്പ്  കുടിവെള്ള പൈപ്പ്ലൈന്‍ സ്ഥാപിക്കാന്‍ തീരുമാനം

പുളിക്കല്‍ വാഴക്കാട് പഞ്ചായത്തുകളിലൂടെ കടന്ന് പോകുന്ന പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള  വെട്ട്കാട് - ഒളവട്ടൂര്‍ - മുണ്ട്മുഴി റോഡ് പ്രവൃത്തി ആരംഭിക്കുന്നതിന് മുമ്പ്  കുടിവെള്ള പദ്ധതിക്കായുള്ള പൈപ്പ് ലൈന്‍ പ്രവൃത്തി പൂര്‍ത്തികരിക്കുന്നതിന് മുന്‍ഗണന നല്‍കാന്‍ ടി.വി ഇബ്രാഹിം എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും കക്ഷി നേതാക്കളുടെയും യോഗത്തില്‍ തീരുമാനമായി. എട്ട് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള  റോഡില്‍ നിറയെ കുഴികള്‍ രൂപപ്പെട്ടതിനാല്‍ ഇതിലൂടെയുള്ള ഗതാഗതം ഏറെ ദുഷ്‌കരമാണ്. ഈ പ്രശ്നം ചൂണ്ടിക്കാട്ടിയാണ് റോഡ് പുനരുദ്ധാരണത്തിന് അഞ്ച് കോടി രൂപ അനുവദിച്ചിരിക്കുന്നത്.  എന്നാല്‍ റോഡില്‍ പൈപ്പിടല്‍ പ്രവൃത്തി പൂര്‍ത്തീകരിച്ചിട്ടില്ലാത്തതിനാല്‍ ടാറിങ് പ്രവൃത്തിക്ക് ശേഷം വീണ്ടും വെട്ടിപ്പൊളിക്കേണ്ടിവരും. ഇതൊഴിവാക്കാനാണ് റോഡ് പ്രവൃത്തിക്ക് മുമ്പ്  പൈപ്പിടല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ തീരുമാനിച്ചത്.

പൈപ്പിടല്‍ പ്രവൃത്തിക്ക് പൊതുമരാമത്ത് വകുപ്പിന്റെ അനുമതി ലഭിക്കണമെങ്കില്‍  പൈപ്പിടലിന് ശേഷം റോഡ് റെസ്റ്റോര്‍ ചെയ്യുന്നതിന് നാലര കോടി രൂപയോളം വാട്ടര്‍ അതോറിട്ടി കെട്ടിവെയ്ക്കേണ്ടതുണ്ട്. അതിനുള്ള ഭരണാനുമതി വൈകുന്നതിനാലാണ്  പൈപ്പിടല്‍ പ്രവൃത്തി തടസപ്പെട്ടത്. പൈപ്പിടല്‍ പ്രവൃത്തിയ്ക്കും റോഡ് പുന:സ്ഥാപിക്കലിനും ശേഷം ടാറിങ് തുടങ്ങുമ്പോഴേക്കും കാലവര്‍ഷം വന്നാല്‍ മഴക്ക് മുമ്പ് റോഡ് പണി തീര്‍ക്കാന്‍ പറ്റാത്ത സാഹചര്യം മുന്നില്‍ കണ്ടാണ് എം.എല്‍.എ. ജനപ്രതിനിധികളുടെയും പുളിക്കല്‍ വാഴക്കാട് പഞ്ചായത്തുകളിലെ കക്ഷിനേതാക്കളുടെയും സംയുക്ത യോഗം വിളിച്ചത്.  റോഡ് പ്രവൃത്തി നീളുകയാണെങ്കില്‍ കുഴിയടക്കുന്നതിന് അനുവദിച്ച 25 ലക്ഷം രൂപ ഈ റോഡ് പ്രവൃത്തിയ്ക്ക് തന്നെ  ചിലവഴിക്കുന്നതിനുള്ള സാങ്കേതിക തടസ്സം നീക്കുന്നതിന് സര്‍ക്കാറിനെ സമീപിക്കും. റോഡിലെ കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനും റോഡിന്റെ  സ്ഥലം അളന്ന് തിട്ടപ്പെടുത്തുന്നതിനും നിയമപരമായ നടപടികള്‍ സ്വീകരിക്കും.

തടത്തില്‍ പറമ്പ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ചേര്‍ന്ന യോഗത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.കെ. മുഹമ്മദ് ( പുളിക്കല്‍) അബ്ദുറഹിമാന്‍ ( വാഴക്കാട്) ജില്ലാ പഞ്ചായത്ത് അംഗം സുഭദ്രാ ശിവദാസന്‍, ബ്ലോക്ക് പഞ്ചായത്തംഗം കുഴിമുള്ളി ഗോപാലന്‍,  ആദം ചെറുവട്ടൂര്‍ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ.കെ കൂട്ടാലി, സി.പി ശങ്കരന്‍, അന്‍വര്‍ സാദത്ത്, എം കോമളം, ജമീല യൂസഫ് പുളിക്കല്‍, കെ.എ ബഷീര്‍, എം.കെ മുഹമ്മദ്, എം.സി മുഹമദ്, ടി.പി നജ്മുദ്ദീന്‍, വി രാജഗോപാലന്‍, കെ.പി ശ്രീധരന്‍, ടി ആലിഹാജി, ആര്‍ രവീന്ദ്രനാഥന്‍, കെ.പി.എം കാര്‍ത്തികേയന്‍,  പി ഷിബു അനന്താവൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഫോട്ടോ:വെട്ട്കാട് - ഒളവട്ടൂര്‍ - മുണ്ട്മുഴി റോഡ് പ്രവൃത്തി ആരംഭിക്കുന്നതിന് മുമ്പ്  കുടിവെള്ള പദ്ധതിക്കായുള്ള പൈപ്പ് ലൈന്‍ പ്രവൃത്തി പൂര്‍ത്തികരിക്കുന്നതില്‍ തീരുമാനമെടുക്കാന്‍ ചേര്‍ന്ന യോഗത്തില്‍ ടി.വി ഇബ്രാഹിം എം.എല്‍.എ സംസാരിക്കുന്നു
 

date