Skip to main content

നിലാവെളിച്ച' ത്തില്‍ തിളങ്ങി ചുങ്കത്തറ

സംസ്ഥാന സര്‍ക്കാരിന്റെ നിലാവ് പദ്ധതി വിജയകരമായി നടപ്പാക്കി ചുങ്കത്തറ ഗ്രാമപഞ്ചായത്ത്. 2021-22 സാമ്പത്തിക വര്‍ഷം 18.5 ലക്ഷം രൂപ ചിലവില്‍ 500 എല്‍.ഇ.ഡി തെരുവ് വിളക്കുകളാണ് ചുങ്കത്തറ ഗ്രാമപഞ്ചായത്തിന്റെ പ്രധാന റോഡുകളില്‍ സ്ഥാപിച്ചത്.  ചുങ്കത്തറ കെ.എസ്.ഇ.ബി സെക്ഷന്റെ ചുമതലയിലാണ് പദ്ധതി നടപ്പാക്കിയത്. രാത്രികാലങ്ങളില്‍ റോഡുകളില്‍ വെളിച്ചം തെളിഞ്ഞത് യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായി.
ഇത് ടൂറിസം മേഖലയ്ക്കും ഗുണകരമാണ്. കിഫ്ബി ധനസഹായത്തോടെയാണ് നിലാവ് പദ്ധതി നടപ്പാക്കുന്നത്. എല്‍.ഇ.ഡി ബള്‍ബുകളുടെ തുകയായ 18.48 ലക്ഷം രൂപ വാര്‍ഷിക വരിസംഖ്യയായി ഏഴ് വര്‍ഷങ്ങളിലായി പഞ്ചായത്ത് കിഫ്ബിക്ക് നല്‍കണം. പദ്ധതി പകാരം സ്ഥാപിക്കുന്ന എല്‍.ഇ.ഡി ബള്‍ബുകള്‍ക്ക് ഏഴ് വര്‍ഷം വാറന്റിയുണ്ട്. അടുത്ത സാമ്പത്തിക വര്‍ഷം പദ്ധതി വിപുലീകരിച്ച് പഞ്ചായത്തിലെ എല്ലാ ഗ്രാമീണ റോഡുകളിലും  എല്‍.ഇ. ഡി വിളക്കുകള്‍ സ്ഥാപിക്കാനായി 51.5 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ചുങ്കത്തറ, പോത്തുകല്‍ കെ.എസ്.ഇ.ബി സെഷനുകള്‍ ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുക.
 

date