Skip to main content

തിരൂരങ്ങാടിയുടെ സാംസ്‌കാരിക കേന്ദ്രമായി ഹജൂര്‍ കച്ചേരി മാറും : മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

 
നിത്യവും സന്ദര്‍ശകരെത്തുന്ന സജീവ മ്യൂസിയമായി തിരൂരങ്ങാടി ഹജൂര്‍ കച്ചേരിയെ മാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണെന്ന് സംസ്ഥാന തുറമുഖം, പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക പരിപാടിയില്‍ ഉള്‍പ്പെടുത്തി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്ന പൈതൃക മ്യൂസിയം മാര്‍ച്ചില്‍ നാടിന് സമര്‍പ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഹജൂര്‍ കച്ചേരിയുടെ  സംരക്ഷണ പ്രവൃത്തികളുടെ ഉദ്ഘാടനം 2021 ഫെബ്രുവരി 11 നാണ് നിര്‍വഹിച്ചത്. ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ഉദ്ദേശിച്ച 90 ശതമാനം  പ്രവൃത്തികളും പൂര്‍ത്തിയായി.  ബാക്കിയുള്ള 10 ശതമാനം പ്രവൃത്തി രണ്ടാഴ്ചക്കകം പൂര്‍ത്തിയാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ചുറ്റുമതില്‍ പുനര്‍ നിര്‍മിക്കുക, കോമ്പൗണ്ടില്‍ ടൈല്‍ പാകുക എന്നീ പ്രവര്‍ത്തനങ്ങള്‍ മൂന്നു ദിവസത്തിനകം ആരംഭിക്കും. ചുറ്റുമതില്‍ കെട്ടിടത്തിന്റെ പൗരാണിക ഭംഗി നഷ്ടപ്പെടുന്ന വിധത്തിലാകരുത് എന്നതിനാല്‍ ആദ്യം പ്ലാന്‍ ചെയ്തതില്‍ നിന്നും ചില ഭേദഗതികള്‍ വരുത്തിയാണ് ഇപ്പോള്‍ പ്രവൃത്തി നിര്‍വഹിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതു സംബന്ധിച്ച് കരാറുകാരന് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുന്നതിന് പുരാവസ്തു വകുപ്പ് കണ്‍സര്‍വേഷന്‍ എഞ്ചിനീയര്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍മാര്‍ എന്നിവര്‍ ഇന്നലെ (ഫെബ്രുവരി രണ്ട്) ഹജൂര്‍ കച്ചേരി സന്ദര്‍ശിച്ചിട്ടുണ്ട്. ഈ പ്രവൃത്തി മൂന്നു ദിവസത്തിനകം ആരംഭിക്കും. തിരൂരങ്ങാടിയുടെ സാംസ്‌കാരിക സംഗമത്തിന്റെ കേന്ദ്രമാക്കി ഹജൂര്‍ കച്ചേരി പൈതൃക മ്യൂസിയത്തിന്റെ അങ്കണത്തെ മാറ്റുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
 

date