Skip to main content

നെല്‍കൃഷി സംരക്ഷണത്തിന് സൗരോര്‍ജവേലിയൊരുക്കി വണ്ടൂര്‍ ബ്ലോക്ക്

വന്യമൃഗങ്ങളില്‍ നിന്ന് നെല്‍കൃഷി സംരക്ഷിക്കാന്‍ സൗരോര്‍ജ വേലിയൊരുക്കി വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത്. വണ്ടൂര്‍ കളപ്പാട്ടുകുന്നിലെ പട്ടികജാതി വിഭാഗത്തിലെ  കര്‍ഷകരുടെ  കൃഷിഭൂമിക്കാണ് അഞ്ചു ലക്ഷം രൂപ ചെലവില്‍ സൗരോര്‍ജ വേലി ബ്ലോക്ക് പഞ്ചായത്ത് നിര്‍മ്മിച്ച് നല്‍കിയത്. ഏഴേക്കറോളം വരുന്ന കൃഷിഭൂമിയില്‍ നെല്ല് പാകമാകുന്നതോടെ പന്നിയും മയിലും കൂട്ടമായെത്തി കൃഷി നശിപ്പിക്കുന്നത് പതിവായിരുന്നു. കര്‍ഷകരുടെ  പരാതി ബ്ലോക്ക് പഞ്ചായത്തിന്റെ ശ്രദ്ധയില്‍പെട്ടതോടെയാണ് പട്ടികജാതി വികസന പദ്ധതിയിലുള്‍പ്പെടുത്തി സൗരോര്‍ജ വേലി നിര്‍മ്മിച്ചത്. 800 മീറ്റര്‍ നീളത്തിലാണ് സൗരോര്‍ജ്ജ വേലി നിര്‍മിച്ചിട്ടുള്ളത്. സര്‍ക്കാര്‍ അംഗീകൃത എജന്‍സിയായ കേരളാ സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡിനായിരുന്നു നിര്‍മാണ ചുമതല.

ബ്ലോക്ക്  പഞ്ചായത്ത് പരിധിയില്‍ വന്യമൃഗശല്യം രൂക്ഷമായ കാര്‍ഷിക മേഖലകളിലേക്ക് പദ്ധതി വ്യാപിപ്പിക്കുമെന്ന് വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി കുഞ്ഞുമുഹമ്മദ് പറഞ്ഞു. സോളാര്‍വേലിയുടെ സംരക്ഷണം ഉറപ്പാക്കാന്‍ ഗുണഭോക്താക്കളെ ഉള്‍പ്പെടുത്തി പരിപാലനകമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.

date