Skip to main content

പൊന്നാനി ഫിഷറീസ് സ്റ്റേഷന്‍ തസ്തികകള്‍ക്ക് മന്ത്രിസഭ യോഗത്തില്‍ അനുമതി

 
പൊന്നാനി ഫിഷിങ് ഹാര്‍ബറില്‍ പ്രവര്‍ത്തിക്കുന്ന ഫിഷറീസ് സ്റ്റേഷന്റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും. ഫിഷറീസ് സ്റ്റേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായി വരുന്ന  ഉദ്യോഗസ്ഥരെ നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പുതിയ തസ്തികകള്‍ സൃഷ്ടിച്ച  ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി.

തീരസുരക്ഷ ഉറപ്പാക്കാനും കടലിലെ നിയമ ലംഘനങ്ങള്‍ തടയുന്നതിനും കടലില്‍ അപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് രക്ഷാപ്രവര്‍ത്തനം ഉറപ്പാക്കുന്നതിനും ഊന്നല്‍ നല്‍കിയാണ് ഫിഷറീസ് സ്റ്റേഷന്റെ പ്രവര്‍ത്തനം. ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍, അസിസ്റ്റന്റ് ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, ഫിഷറീസ് ഓഫീസര്‍, ക്ലര്‍ക്ക് കം ടൈപ്പിസ്റ്റ്, ഓഫീസ് അറ്റന്‍ഡന്റ് ഗ്രേഡ് രണ്ട്  എന്നിവരുടെ ഓരോ തസ്തികകളും ഫിഷറീസ് ഗാര്‍ഡിന്റെ മൂന്ന് തസ്തികകളുമാണ് സൃഷ്ടിക്കുക. കാഷ്വല്‍ സ്വീപ്പറെ കരാര്‍ വ്യവസ്ഥയില്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമിക്കാനും സര്‍ക്കാര്‍ അനുമതി നല്‍കി.

70 കിലോമീറ്ററോളം തീരദേശ മേഖലയുള്ള മലപ്പുറം ജില്ലയിലെ മത്സ്യ തൊഴിലാളികള്‍ക്ക് വലിയ രീതിയില്‍ ഫിഷറീസ് സ്റ്റേഷന്‍ പ്രയോജനപ്പെടും. മത്സ്യ തൊഴിലാളികളുടെ ജലയാനങ്ങളുടെ രജിസ്ട്രേഷന്‍ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനും സഹായകരമാവും.  മത്സ്യ തൊഴിലാളികളുടെ തൊഴില്‍ സുരക്ഷക്കും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും ഏറെ ഗുണകരമാവുന്ന ഫിഷറീസ് സ്റ്റേഷന്റെ പ്രവര്‍ത്തനം ആരംഭിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും അനുകൂലമായ നടപടിയാണ് തസ്തികകള്‍ സൃഷ്ടിച്ചു അനുമതി നല്‍കിയതിലൂടെ ഉണ്ടായിരിക്കുന്നതെന്ന് പി. നന്ദകുമാര്‍ എം.എല്‍.എ പറഞ്ഞു.
 

date