Skip to main content

കോഴിക്കോടിന്റെ ചരിത്രമോതുന്ന ചുമര്‍ശില്‍പം അനാഛാദനം ചെയ്തു

ചാലപ്പുറം ഗവ. ഗണപത് ബോയ്‌സ് ഹൈസ്‌കൂളില്‍ സിറ്റി ഓഫ് ഓണസ്റ്റി ചുമര്‍ശില്‍പത്തിന്റെ അനാഛാദനം മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിര്‍വഹിച്ചു. കോഴിക്കോടിന്റെ ചരിത്രമോതുന്ന ചുമര്‍ശില്‍പം കേരളത്തിന് അഭിമാനമാണെന്ന് മന്ത്രി പറഞ്ഞു.

കേരളത്തിലെ പൊതുവിദ്യാലയങ്ങളില്‍ സ്ഥാപിക്കപ്പെട്ട ചുമര്‍ശില്‍പങ്ങളില്‍ ഏറ്റവും വലുതാണിത്. വാസ്‌കോഡഗാമയുടെ കപ്പലിറക്കം, സാമൂതിരിയുടെ പടയോട്ടം, സാംസ്‌കാരികാനുഭവമായ രേവതിപട്ടത്താനം, തളിക്ഷേത്രം, ബഷീറിന്റെ സാഹിത്യലോകം, ഗണപത്‌റാവു എന്നിങ്ങനെ കോഴിക്കോടിന്റെ സാമൂഹിക സാംസ്‌കാരിക മണ്ഡലത്തെ ചുമര്‍ശില്‍പം അടയാളപ്പെടുത്തുന്നു. ശില്പിയും ചിത്രകാരനും അധ്യാപകനുമായ ലിജു പാതിരിയാടും സംഘവും മൂന്നു മാസംകൊണ്ടാണ് ഈ ചരിത്രസ്മാരകം പൂര്‍ത്തിയാക്കിയത്.

ഡെപ്യൂട്ടി മേയര്‍ സി.പി. മുസാഫര്‍ അഹമ്മദ് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സഞ്ജീവന്‍ കൂവേരി സ്വാഗതം പറഞ്ഞു.
വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ രേഖ ചടങ്ങിന് അധ്യക്ഷത വഹിച്ചു. ശില്‍പി ലിജു പാതിരിയാടിനെ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍  ആദരിച്ചു. ചിത്രകാരന്മാരായ സിജീഷ് അത്തോളി, രാംരാജ്, നന്ദു എന്നിവരും സന്നിഹിതരായിരുന്നു. ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള അവാര്‍ഡ്ദാനവും ചടങ്ങില്‍ സംഘടിപ്പിച്ചു.

ചാലപ്പുറം ഗണപത് എല്‍.പി. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ വി.പി. മനോജ്, പി.ടി.എ. പ്രസിഡന്റ് അബ്ദുല്‍ നാസര്‍, എസ്.എം.സി. ചെയര്‍മാന്‍ ജോബിഷ് കുമാര്‍, പി.ടി.എ. വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍, മുന്‍ പി.ടി.എ. പ്രസിഡന്റ് കെ.ജെ. സാബു, ഗണപത് മേറ്റ്‌സ് പ്രസിഡന്റ് പി. പ്രദീപ് കുമാര്‍, ഷര്‍മ്മത്ത്ഖാന്‍, കെ. ഗീത, പ്രമോദ് കുമാര്‍, സ്റ്റാഫ് സെക്രട്ടറി എം.കെ. സൂര്യനാരായണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date