Skip to main content

34.30 കോടിയുടെ പുനരുജ്ജീവന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു കെ.പി.പി.എല്ലിൽ ന്യൂസ് പ്രിന്റ് ഉത്പ്പാദനം ഏപ്രിലോടെ: മന്ത്രി പി. രാജീവ്

കോട്ടയം: സംസ്ഥാന സർക്കാറിന്റെ കേരള പേപ്പർ പ്രൊഡക്ട്‌സ് ലിമിറ്റഡ് പ്രവർത്തന സജ്ജമാക്കുന്നതിനുള്ള 34.30 കോടിയുടെ  പുനരുജ്ജീവന പ്രവർത്തനങ്ങൾ മികവാർന്ന നിലയിൽ    പുരോഗമിക്കുകയാണെന്നും ഏപ്രിലോടെ ന്യൂസ് പ്രിന്റ് ഉത്പ്പാദനം ആരംഭിക്കുമെന്നും വ്യവസായ-കയർ-നിയമ വകുപ്പു മന്ത്രി പി. രാജീവ് പറഞ്ഞു. വെള്ളൂരിലെ കെ.പി.പി.എൽ. പ്ലാന്റ് സന്ദർശിച്ച് പ്രവർത്തനങ്ങളുടെ പുരോഗതി നേരിട്ടു വിലയിരുത്തിയ ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര സർക്കാർ അടച്ചു പൂട്ടിയതിനെ തുടർന്ന് മൂന്നു വർഷമായി  പ്രവർത്തനം നിലച്ചിരുന്നു. ആറു വർഷമായി അറ്റകുറ്റപ്പണികൾ നടത്താതെയും കിടന്നിരുന്നതിനാൽ പ്രത്യേക  
സമയക്രമം പാലിച്ചാണ് അറ്റകുറ്റപണികൾ നടത്തുന്നത്. എല്ലാ പ്രവർത്തനങ്ങളും നിശ്ചയിച്ച സമയക്രമത്തിനനുസരിച്ച് ഊർജ്ജിതമായ രീതിയിലാണ് മുന്നേറുന്നത്. മാർച്ചോടെ ആദ്യഘട്ട പ്രവർത്തനങ്ങൾ പൂർത്തീകരിക്കും.

സർക്കാർ തലത്തിൽ രണ്ടാഴ്ചയിലൊരിക്കൽ പ്രവർത്തന വിലയിരുത്തൽ നടത്തുകയും സഹായങ്ങൾ കൃത്യമായി ലഭ്യമാക്കുകയും ചെയ്യുന്നുണ്ട്. കമ്പനിയുടെ ആദ്യഘട്ട പ്രവർത്തനങ്ങൾക്കായി കരാറടിസ്ഥാനത്തിൽ നിയമിച്ചിട്ടുള്ള 152 തൊഴിലാളികളും മാതൃകാപരമായ രീതിയിലാണ്  സേവനമനുഷ്ഠിക്കുന്നത്. പുറത്തു നിന്നും ചെയ്യിച്ചിരുന്ന പല ജോലികളും ഇവർ സ്വന്തം കഴിവുകൾ വിനിയോഗിച്ച് നിർവഹിക്കുന്ന സാഹചര്യമാണ്. ശുചീകരണമടക്കമുള്ള  ജോലികളിൽ എല്ലാവരും പങ്കാളിത്തം നൽകുന്ന രീതിയിലുള്ള മാറ്റങ്ങൾ ശുഭസൂചകങ്ങളാണ്.

ഏപ്രിൽ മാസത്തിൽ ന്യൂസ് പ്രിന്റ് ഉത്പ്പാദനം ആരംഭിക്കും. ഇതിനുള്ള 44.94 കോടി രൂപയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി കൂടുതൽ തൊഴിലാളികളെ നിയമിക്കും. സാങ്കേതിക കഴിവുകളും മേഖലയിലെ തൊഴിൽ പരിചയവും മുൻനിർത്തി കരാറടിസ്ഥാനത്തിയിരിക്കും നിയമനം നടത്തുകയെന്നും അദ്ദേഹം പറഞ്ഞു.

പേപ്പർ മെഷീൻ പ്ലാന്റ്, പൾപ്പ് മില്ല്, ഡി ഇങ്കിംഗ് പ്ലാന്റ്, വേയ്റ്റ് പേപ്പർ ഗോഡൗൺ, യൂട്ടിലിറ്റി പവർ പ്ലാന്റ്, പമ്പ് ഹൗസ് എന്നിവിടങ്ങളിൽ നടക്കുന്ന അറ്റകുറ്റപ്പണി മന്ത്രി നേരിട്ടു വിലയിരുത്തി. കമ്പനി സ്‌പെഷൽ ഓഫീസർ പ്രസാദ് ബാലകൃഷ്ണനും ഒപ്പമുണ്ടായിരുന്നു. വെള്ളൂർ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡ് കമ്പനി കേന്ദ്രസർക്കാരിൽനിന്ന് ബാധ്യതകൾ തീർത്താണ് സംസ്ഥാന സർക്കാർ ഏറ്റെടുത്തത്. തുടർന്ന് കേരള പേപ്പർ പ്രൊഡക്‌സ് ലിമിറ്റഡാക്കി പുനസംഘടിപ്പിച്ച്  കഴിഞ്ഞ ജനുവരിയിലാണ് പ്രവർത്തനം ആരംഭിച്ചത്.
 

date