Skip to main content

ഈ വർഷം സന്ദർശിക്കേണ്ട ലോകത്തെ 30 ടൂറിസം കേന്ദ്രങ്ങളിലൊന്നായി അയ്മനം   -കൊണ്ടേ നാസ്റ്റ് ട്രാവലർ മാഗസിൻ പട്ടികയിൽ ഉൾപ്പെട്ടു

 കോട്ടയം: ഈ വർഷം സന്ദർശിക്കേണ്ട ലോകത്തെ
30 ടൂറിസം കേന്ദ്രങ്ങളിലൊന്നായി അയ്മനം മാതൃകാ ടൂറിസം ഗ്രാമവും. ലോകത്തെ മികച്ച ട്രാവൽ മാഗസിനുകളിലൊന്നായ കൊണ്ടേ നാസ്റ്റ് ട്രാവലർ തയാറാക്കിയ പട്ടികയിലാണ് അയ്മനം ഇടം നേടിയത്. ഉത്തരവാദിത്ത ടൂറിസം മിഷൻ അയ്മനം ഗ്രാമ പഞ്ചായത്തുമായി ചേർന്ന് നടപ്പാക്കിയ മാതൃക ഉത്തരവാദിത്ത ടൂറിസം ഗ്രാമം പദ്ധതികളിലൂടെയാണ് അയ്മനം രാജ്യാന്തരതലത്തിൽ ഇടംനേടിയത്.
ശ്രീലങ്ക, ഭൂട്ടാൻ, ഖത്തർ, ലണ്ടൻ, സിയൂൾ, ഇസ്താംബൂൾ, ഉസ്‌ബെക്കിസ്ഥാൻ, സെർബിയ, ഒക് ലഹാമ (യുഎസ്എ) എന്നിവക്കൊപ്പമാണ് അയ്മനം മാതൃകാ ഉത്തരവാദിത്ത ടൂറിസം ഗ്രാമവും പട്ടികയിൽ ഇടം നേടിയത്. ഇന്ത്യയിൽ നിന്ന് സിക്കിം, മേഘാലയ, ഗോവ, കൊൽക്കത്ത, ഒഡീഷ, രാജസ്ഥാൻ, സിന്ധുദുർഗ്, ഭീംറ്റാൾ എന്നീ പ്രദേശങ്ങളും പട്ടികയിലുണ്ട്.

അയ്മനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായിരുന്ന എ.കെ. ആലിച്ചൻ ചെയർമാനും ഉത്തരവാദിത്ത ടൂറിസം സംസ്ഥാന മിഷൻ കോർഡിനേറ്റർ കെ. രൂപേഷ് കുമാർ കൺവീനറും ജില്ലാ കോ- ഓർഡിനേറ്റർ ഭഗത് സിംഗ് ജോയിന്റ് കൺവീനറുമായ കമ്മറ്റി യാണ് ആദ്യ ഘട്ടത്തിൽ ഉത്തരവാദിത്ത ടൂറിസം പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തത്. പദ്ധതിയുടെ മൂന്നാം ഘട്ടമാണിപ്പോൾ പഞ്ചായത്തിൽ നടന്നു വരുന്നത്. അയ്മനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സബിത പ്രേംജി ചെയർമാനും ഉത്തരവാദിത്ത ടൂറിസം സംസ്ഥാന മിഷൻ കോ-ഓർഡിനേറ്റർ കെ. രൂപേഷ്‌കുമാർ കൺവീനറുമായ സമിതിയാണ് ഇപ്പോൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് കരിമഠം വൈസ് ചെയർമാനും ജോയിന്റ് കൺവീനറായി ജില്ലാ കോ ഓർഡിനേറ്റർ ഭഗത് സിംഗും പ്രവർത്തിക്കുന്നു.

ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങളെ ഗ്രാമപഞ്ചായത്തിന്റെ പദ്ധതികളുമായി സംയോജിപ്പിച്ച് പ്രവർത്തിക്കുക എന്നതാണ് മാതൃക ഉത്തരവാദിത്ത ഗ്രാമം എന്ന പദ്ധതിയിലൂടെ അയ്മനം പ്രാവർത്തികമാക്കിയത്. സംസ്ഥാനത്ത് പദ്ധതി നടപ്പാക്കിയ 13 പഞ്ചായത്തുകളിൽ നിശ്ചയിച്ച എല്ലാ കാര്യങ്ങളും സമയബന്ധിതമായി പൂർത്തിയാക്കി വിജയിപ്പിച്ച ആദ്യ പഞ്ചായത്താണ് അയ്മനം. അയ്മനത്തെ അന്താരാഷ്ട്ര ടൂറിസം കേന്ദ്രമായി ഉയർത്തുന്നതിനുള്ള നടപടികൾ ഉത്തരവാദിത്ത ടൂറിസം മിഷന്റെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ ആരംഭിച്ചു കഴിഞ്ഞു.

കോവിഡാനന്തര ടൂറിസത്തിൽ കുതിച്ച് ചാട്ടമാകാവുന്ന നേട്ടം  കേരളത്തിന് സമ്മാനിച്ച അയ്മനം ഗ്രാമപഞ്ചായത്തിനെയും ഉത്തരവാദിത്ത ടൂറിസം മിഷനെയും വിനോദ സഞ്ചാരവകുപ്പ് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് അഭിനന്ദിച്ചു.
വിനോദ സഞ്ചാര പ്രവർത്തനങ്ങളെ ജനകീയവത്കരിച്ച് പരിസ്ഥിതി സൗഹാർദ്ദ നിലപാടുകളിലൂടെ ലോകത്തിന് മുന്നിൽ എത്തിക്കാനുള്ള പരിശ്രമങ്ങൾക്ക് ലഭിച്ച അംഗീകാരമാണിതെന്ന് ഉത്തരവാദിത്ത ടൂറിസം മിഷൻ സംസ്ഥാന കോ-ഓർഡിനേറ്റർ കെ. രൂപേഷ് കുമാർ പറഞ്ഞു.

അയ്മനം മാതൃകാ ഉത്തരവാദിത്ത ടൂറിസം ഗ്രാമം പദ്ധതിക്ക് ലോക ട്രാവൽ മാർക്കറ്റ് ഇന്ത്യൻ റെസ്പോൺസിബിൾ ടൂറിസം വൺ ടു വാച്ച് പുരസ്‌കാരം ലഭിച്ചിരുന്നു. ടൂറിസം മേഖലയിലെ അതിവേഗ വൈവിധ്യവൽക്കരണം എന്ന വിഭാഗത്തിലാണ് (നോ ഫുട് പ്രിന്റ്സ് ഗോൾഡ് അവാർഡ്) പുരസ്‌കാരം ലഭിച്ചത്.

date