Skip to main content

സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടി കുറിച്ചിയിൽ 54 ലക്ഷത്തിന്റെ ശുദ്ധജല വിതരണ പദ്ധതികൾക്കു തുടക്കം

കോട്ടയം: സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന കുറിച്ചി ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലേക്കുള്ള മിനി ശുദ്ധജലവിതരണപദ്ധതികളുടെ നിർമാണോദ്ഘാടനം ജോബ് മൈക്കിൾ എം.എൽ.എ. നിർവഹിച്ചു.
കാഞ്ഞിരത്തുംമൂട്, ചാമക്കുളം, ചെമ്പുചിറ, കെ.സി.കെ ജംഗ്ഷൻ എന്നീ പ്രദേശങ്ങളിലെ 150 വീടുകളിലേക്കും അങ്കണവാടിയിലേക്കും വെള്ളമെത്തിക്കുന്നതാണ് പദ്ധതികൾ.
മൂന്നു കുഴൽ കിണറുകളിൽ പമ്പ് സ്ഥാപിച്ച് പൈപ്പ് ലൈനിലൂടെ വെള്ളം എത്തിക്കും. പദ്ധതികളുടെ ഭാഗമായി വാട്ടർ ടാങ്ക്, പ്യൂരിഫയർ, പൈപ്പ് കണക്ഷൻ എന്നിവ സ്ഥാപിക്കും. ഭൂഗർഭ ജല വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്നും 54 ലക്ഷം രൂപ ചെലവഴിച്ചാണ്
പദ്ധതി നടപ്പാക്കുക. അപേക്ഷകൾ ലഭിക്കുന്ന മുറയ്ക്ക് കൂടുതൽ കണക്ഷനുകൾ അനുവദിക്കും.

കാഞ്ഞിരത്തുംമൂട് നടന്ന ഉദ്ഘാടന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. ടോമിച്ചൻ ജോസഫ്, വൈസ് പ്രസിഡന്റ് അനീഷ് തോമസ്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പ്രീതാ കുമാരി, അഭിജിത്ത് മോഹൻ, സുമ എബി, പഞ്ചായത്തംഗങ്ങളായ കെ.ആർ. ഷാജി, പ്രശാന്ത് മനന്താനം, ബിജു എസ്. മോനോൻ, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ അജിത്ത് ശിവദാസ്, അഗസ്്റ്റിൻ കെ. ജോർജ്, ലൈജു മാവേലിപ്പറമ്പ്, ജോയിസ് പല്ലാട്ട്, മനോഹർ തോമസ്, ജെയിംസ് കുര്യാക്കോസ്, വജോ മണ്ണിച്ചേരിൽ, ഷാജി കുളത്തുങ്കൽ, ഭൂഗർഭജല വകുപ്പ് ഉദ്യോഗസ്ഥരായ വിമൽ രാജ്, അനിൽ എന്നിവർ പങ്കെടുത്തു.
 

date