Skip to main content

കാസര്‍കോട് ബ്ലോക്കില്‍ തൊഴിലുറപ്പ് പദ്ധതിയിലെ 75 ശതമാനം പ്രവൃത്തികളും ജലസംരക്ഷണ മേഖലയില്‍

കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയില്‍ പദ്ധതികളില്‍ കൂടുതല്‍ ഊന്നല്‍ കുടിവെള്ള ജല സംരക്ഷണത്തിന്. 75 ശതമാനം പ്രവൃത്തികളും ജലസംരക്ഷണ മേഖലയിലാണ്. സംസ്ഥാനത്ത് തന്നെ ഏറ്റവും അധികം ജല ദൗര്‍ലഭ്യം നേരിടുന്ന ബ്ലോക്ക് പഞ്ചായത്താണ് കാസര്‍കോട്. നാളിതുവരെ നടത്തിയ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഭൂര്‍ഭജല നിരപ്പ് നാല് ശതമാനം വര്‍ധിപ്പിക്കാന്‍ ബ്ലോക്ക് പഞ്ചായത്തിന് സാധിച്ചു.
ഒരു കോടി രൂപയുടെ കുടിവെള്ള പദ്ധതികളാണ് ഈ വര്‍ഷം ബ്ലോക്ക് പഞ്ചായത്ത് നടത്തി വരുന്നത്. 53 ലക്ഷം രൂപയുടെ കുടിവെള്ള പദ്ധതികളാണ് 2022-23 പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. മിഷന്‍ വാട്ടര്‍ കണ്‍സര്‍വേഷന്‍ പദ്ധതി വ്യാപകമായി നടപ്പിലാക്കി വരുന്നുണ്ട്. ക്രമാതീതമായ രീതിയില്‍ ഭൂഗര്‍ഭ ജലത്തിന്റെ തോത് കുറയുന്നതിനൊപ്പം ഉപ്പ് വെള്ള പ്രശ്‌നവും ഇതിന്റെ ആക്കം കൂട്ടുന്ന സാഹചര്യത്തില്‍ വലിയ പ്രാധാന്യത്തോടെയാണ് പദ്ധതി നടത്തുന്നത്. ബ്ലോക്ക് പരിധിയിലെ പ്രധാനപ്പെട്ട കുളങ്ങളും തോടുകളുമെല്ലാം ശുചീകരിച്ച് സംരക്ഷണ ഭിത്തി തീര്‍ത്തും കയര്‍ഭൂ വസ്ത്രം വിരിച്ചും സംരക്ഷിക്കും. തുടര്‍ന്ന് വെള്ളം കുടിവെള്ളത്തിനും ജല സേചനത്തിനുമായി ഉപയോഗിക്കും.

 

ബാക്കത്തിമാര്‍ കുളത്തിന് പുതുജീവന്‍

മധൂര്‍ പഞ്ചായത്തിലെ ഉളിയയില്‍ ഒരേക്കര്‍ പ്രദേശത്ത് പരന്ന് കിടക്കുന്ന ബാക്കത്തിമാര്‍ കുളം കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത്  ജില്ലാപഞ്ചായത്തുമായി ചേര്‍ന്ന് 28.76 ലക്ഷം രൂപ ചിലവഴിച്ച് നവീകരിക്കുന്നു. ആറ് മീറ്റര്‍ ആഴത്തില്‍ വെള്ളമുള്ള കുളത്തിന്റെ ചളി നീക്കം ചെയ്ത് കരിങ്കല്ലില്‍ സംരക്ഷണ ഭിത്തി നിര്‍മ്മിച്ചു കഴിഞ്ഞു. കുളത്തിന് ചുറ്റും മനോഹരമായ നടപ്പാതയൊരുക്കി പ്രഭാത സവാരിക്ക് ഉതകുന്ന തരത്തില്‍ പദ്ധതി നടപ്പിലാക്കും. കുളത്തോടനുബന്ധിച്ച് ഒരു പാര്‍ക്കും പൂന്തോട്ടവും തീര്‍ത്ത് പ്രദേശത്തെ ഒരു ടൂറിസ്റ്റ് കേന്ദ്രമാക്കാനുള്ള തയ്യാറെടുപ്പിലാണ് ബ്ലോക്ക് പഞ്ചായത്തെന്നും ആറ് മാസത്തിനുള്ളില്‍ പദ്ധതി യാഥാര്‍ത്ഥ്യമാകുമെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എ സൈമ പറഞ്ഞു

 

date