Skip to main content

തരിശുരഹിത തിരൂരങ്ങാടി ' റെക്കോര്‍ഡ് നേട്ടവുമായി കാര്‍ഷികമേഖല

തിരൂരങ്ങാടി നഗരസഭയുടെ 'തരിശുരഹിത തിരൂരങ്ങാടി' പദ്ധതി വിജയകരമായി മുന്നേറുന്നു. നഗര പരിധിയിലെ 500 ഹെക്ടറില്‍ 400 ഹെക്ടറിലും കര്‍ഷകര്‍  നെല്‍കൃഷിയിറക്കിയതിലൂടെ സമ്പൂര്‍ണ തരിശുരഹിത നഗരസഭയെന്ന നേട്ടത്തിനരികെ നില്‍ക്കുകയാണ് തിരൂരങ്ങാടി നഗരസഭ. തരിശുരഹിത തിരൂരങ്ങാടിയുടെ ഭാഗമായി നഗരസഭ ഭരണസമിതിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ മൂന്നു ദിവസം നീണ്ടു നിന്ന വയല്‍യാത്ര നടത്തിയിരുന്നു. ഒരു വര്‍ഷം നീണ്ടു നിന്ന കാര്‍ഷിക മുന്നേറ്റം വിലയിരുത്താന്‍ നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ് കുട്ടിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ഭരണസമിതി അംഗങ്ങളും കര്‍ഷകരും വയലുകള്‍ സന്ദര്‍ശിച്ചു.

വാര്‍ഷിക പദ്ധതിയില്‍ മികച്ച പരിഗണനയാണ് കാര്‍ഷികമുന്നേറ്റത്തിനു നല്‍കിയതെന്ന് ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി പറഞ്ഞു. നെല്‍കൃഷിക്ക് പുറമെ പച്ചക്കറികൃഷി, വാഴകൃഷി എന്നിവക്ക് ധനസഹായം നല്‍കുന്നുണ്ട്. ഗ്രോബാഗ് പച്ചക്കറി കൃഷി, വാഴക്കന്ന് വിതരണം എന്നിവയും നഗരസഭയുടെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്. കാലാവസ്ഥ വ്യതിയാന പ്രതിസന്ധികളെ മറികടന്നാണ് കര്‍ഷകര്‍ വയലില്‍ കൃഷി വിളയിക്കുന്നത്. കര്‍ഷകരുടെ വിവിധ ആവശ്യങ്ങളില്‍ പരിഹാരം കാണാന്‍ നഗരസഭ ശ്രമിക്കുന്നുണ്ട്.

നഗരസഭയ്ക്ക് പരിധിയിലെ തോടുകളുടെ നവീകരണപ്രവര്‍ത്തനങ്ങള്‍ ഉടന്‍ തുടങ്ങും. പൊതുകുളങ്ങള്‍ നവീകരിക്കുന്നതിന് മൈനര്‍ ഇറിഗേഷന്‍ പ്രൊപ്പോസല്‍ നല്‍കിയിട്ടുണ്ട്. നഗരസഭയുടെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ഈ പദ്ധതിയിലൂടെ 11,970 കിലോഗ്രാം വിത്തുകള്‍ കര്‍ഷകര്‍ക്ക്  നല്‍കിയിരുന്നു. ഈ വിത്തുകളത്രയും കര്‍ഷകര്‍ വയിലിലിറക്കി. 2000 കിലോഗ്രാം വിത്തിനുള്ള സബ്സിഡിയും നല്‍കുന്നുണ്ട്. കാലവര്‍ഷത്തില്‍ കൃഷി നശിച്ചവര്‍ക്ക് വിത്തുകള്‍ വിതരണം ചെയ്തിരുന്നു. കഴിഞ്ഞ മെയ് മാസം അപ്രതീക്ഷിത മഴയില്‍ വിളനാശം സംഭവിച്ച കര്‍ഷകര്‍ക്ക് ചെയിന്‍ ട്രാക്ടര്‍ ഉപയോഗിച്ചതില്‍ അധികമായി വന്ന ചെലവ് നഗരസഭ വഹിച്ചു. കൃഷിക്ക് ജലസേചനാര്‍ഥം നഗരസഭ തൊഴിലുറപ്പ് പദ്ധതിയിലൂടെ താത്ക്കാലിക തടയണകള്‍ നിര്‍മിച്ചിരുന്നു. ചെരപ്പുറത്താഴം, വെഞ്ചാലി കണ്ണാടിത്തടം എന്നിവയാണ് നഗരസഭയിലെ പ്രധാനപ്പെട്ട പാടശേഖരങ്ങള്‍.
 
വയല്‍ സന്ദര്‍ശനത്തില്‍ ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ സി.പി സുഹ്റാബി.  സ്ഥിരം സമിതി അധ്യക്ഷരായ ഇഖ്ബാല്‍ കല്ലുങ്ങല്‍, സി.പി ഇസ്മായില്‍, എം സുജിനി, വഹീദ ചെമ്പ, കൃഷിഓഫീസര്‍ ആരുണി, കെ.പി സൈതലവി, സി.എച്ച് അജാസ്, പി.കെ അസീസ്, അരിമ്പ്രമുഹമ്മദലി, കെ.ടി ബാബുരാജന്‍, സി.പി സുലൈഖ, കര്‍ഷകരായ മാലിക് കുന്നത്തേരി, എം. അബ്ദു, കുന്നുമ്മല്‍ സൈതലവി ഹാജി, ചിറക്കകത്ത് അബൂബക്കര്‍, സനീജ്, സി.കെ സുബൈറുട്ടി എന്നിവരും പങ്കെടുത്തു.

(ഫോട്ടോ സഹിതം )
 

കാപ്ഷന്‍: കൃഷിയിറക്കിയ നെല്‍വയല്‍ നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ് കുട്ടിയുടെ നേതൃത്വത്തില്‍ സന്ദര്‍ശിക്കുന്നു.

date