Skip to main content

കുറ്റിപ്പുറം കാങ്കക്കടവ് റഗുലേറ്റര്‍ കം ബ്രിഡ്ജ് പദ്ധതിക്ക് കിഫ്ബി ബോര്‍ഡിന്റെ അംഗീകാരം

കുറ്റിപ്പുറം കാങ്കക്കടവ് റഗുലേറ്റര്‍ കം ബ്രിഡ്ജ് പദ്ധതിക്ക് കിഫ്ബി ബോര്‍ഡിന്റെ അംഗീകാരമായതായി പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ അറിയിച്ചു. മലപ്പുറം-പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്നതും കോട്ടക്കല്‍ മണ്ഡലത്തിലെ പ്രധാനപ്പെട്ട പദ്ധതിയുമായ കുറ്റിപ്പുറം കാങ്കക്കടവ് റഗുലേറ്റര്‍ കം ബ്രിഡ്ജ് പദ്ധതിക്കാണ് കിഫ്ബി ബോര്‍ഡിന്റെ അംഗീകാരമായത്. കിഫ്ബി ബോര്‍ഡ് യോഗത്തിലാണ് പദ്ധതിക്ക് 125 കോടി രൂപയുടെ  അംഗീകാരം നല്‍കിയത്. പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ മണ്ഡലത്തില്‍ നടപ്പിലാക്കേണ്ട പദ്ധതികളില്‍ ഉള്‍പ്പെടുത്തി സര്‍ക്കാറിന് സമര്‍പ്പിച്ചത് പ്രകാരം 2017-2018 സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തി 75 കോടി രൂപ പദ്ധതിക്കായി വകയിരുത്തിയിരുന്നു. പദ്ധതിയുടെ വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് (ഡി.പി ആര്‍ ) സര്‍ക്കാറിന് സമര്‍പ്പിക്കുകയും പിന്നീട് 100 കോടി രൂപയായി ഉര്‍ത്തുകയും ചെയ്തിരുന്നു.
2021 ഓഗസ്റ്റ് നാലിന് സ്പീക്കറുടെ ചേംബറില്‍ സ്പീക്കര്‍ എം.ബി രാജേഷ്, ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍, പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ എന്നിവരുടെ  സാന്നിധ്യത്തില്‍ കിഫ്ബി അധികൃതരുടെ യോഗം ചേര്‍ന്നിരുന്നു. പദ്ധതി  നടപ്പിലാക്കുന്നതോടെ പാലക്കാട് - മലപ്പുറം ജില്ലകളെ റോഡ് മാര്‍ഗം എളുപ്പത്തില്‍ ബന്ധിപ്പിക്കുന്നതിനും പ്രദേശങ്ങളിലെ ജലക്ഷാമം പരിഹരിക്കുന്നതിനും ഏറെ സഹായകരമാകും. നിലവില്‍ ഭാരതപ്പുഴയിലെ ജലസംഭരണത്തിനായി ജില്ലയില്‍ ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജ് മാത്രമാണുള്ളത്. പദ്ധതിയുടെ ടെന്‍ഡര്‍ നടപടികള്‍ വേഗത്തിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് എം.എല്‍.എ പറഞ്ഞു

date