Skip to main content

കോവിഡിനെ നേരിടാന്‍ ജില്ല സജ്ജം: മന്ത്രി വി അബ്ദുറഹ്‌മാന്‍

ജില്ലയിലെ കോവിഡ് പ്രതിരോധ നടപടികള്‍ തൃപ്തികരമാണെന്നും ജില്ല ബി കാറ്റഗറിയിലേക്ക് പോകാതിരിക്കാന്‍ എല്ലാവരും യോജിച്ച് പ്രവര്‍ത്തിക്കണമെന്നും കായികവകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍. ഏതുസാഹചര്യത്തെയും നേരിടാന്‍ ജില്ല സജ്ജമാണെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ കോവിഡ് പ്രതിരോധ നടപടികള്‍ വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിരോധ കുത്തിവെയ്പ്പുകള്‍ നല്ല രീതിയില്‍ നടത്താന്‍ മുന്‍കൈയെടുത്ത ആരോഗ്യപ്രവര്‍ത്തകരെ മന്ത്രി അഭിനന്ദിച്ചു.  കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതര്‍ക്ക് ധനസഹായം നല്‍കുന്നതില്‍ മലപ്പുറം സംസ്ഥാനത്ത് രണ്ടാം സ്ഥാനത്തെത്തിയത് കൂട്ടായ പ്രവര്‍ത്തനത്തിന്റെ നേട്ടമാണെന്ന് മന്ത്രി പറഞ്ഞു. നിലവില്‍ പനി ബാധിതര്‍ കൂടുതലുള്ളതിനാലാണ് പ്രതിരോധ കുത്തിവെയ്പ്പ് എടുക്കുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടാകുന്നതെന്നും മന്ത്രി വിശദീകരിച്ചു. കുട്ടികളുടെ വാക്‌സിനേഷന്‍ വര്‍ധിപ്പിക്കുന്നതിന് ജനപ്രതിനിധികള്‍ മുന്‍കൈയടുക്കണമെന്നും സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ബോധവത്കരണം ശക്തമാക്കണമെന്നും മന്ത്രി പറഞ്ഞു. ഫെബ്രുവരി ഒന്ന് മുതല്‍ 15 വരെ മണ്ഡല അടിസ്ഥാനത്തില്‍ വാക്‌സിന്‍ ബോധവത്ക്കരണ പരിപാടികള്‍ നടത്തും.  കൂടുതല്‍ സ്‌കൂളുകളിലും ക്യാമ്പുകള്‍ നടത്തും. പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എയാണ് മണ്ഡല അടിസ്ഥാനത്തില്‍ ബോധവത്കരണം നടത്താമെന്ന അഭിപ്രായം മുന്നോട്ടുവെച്ചത്. ഇക്കാര്യം ഉറപ്പുവരുത്തുമെന്ന് മന്ത്രി വ്യക്തമാക്കുകയായിരുന്നു. കോവിഡ് പ്രതിരോധ കുത്തിവെയ്പ്പ് എടുത്തവരില്‍ രോഗത്തിന്റെ കാഠിന്യം കുറവാണെന്ന അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ എല്ലാവരും  കുത്തിവെയ്പ്പ് എടുക്കാന്‍ തയാറാകണമെന്നും  രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യം വിലയിരുത്തി കൂടുതല്‍ സി.എസ്.എല്‍.ടി.സികള്‍  തുറക്കാന്‍ നടപടിയായിട്ടുണ്ടെന്നും ജില്ലാ കലക്ടര്‍ വി.ആര്‍ പ്രേം കുമാര്‍ യോഗത്തില്‍ പറഞ്ഞു. ഇക്കാര്യത്തില്‍ തദ്ദേശഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികളും യോജിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നും ഇ സഞ്ജീവനി വഴിയുള്ള ടെലി മെഡിസിന്‍ ഉപയോഗിക്കാന്‍ ജനങ്ങളെ ബോധവത്ക്കരിക്കുമെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി.  കോവിഡ് പോസിറ്റിവ് ആയവരില്‍ 90 ശതമാനവും ചെറിയ ലക്ഷണങ്ങളുള്ളവരാണെന്നും അവര്‍ വീടുകളില്‍ തന്നെ ചികിത്സയില്‍ കഴിയുന്ന സാഹചര്യമാണുള്ളതെന്നും ഡി.എം.ഒ പറഞ്ഞു. അതുകൊണ്ടു തന്നെ ആശുപത്രി കിടക്കകളുടെ അപര്യാപ്തത നിലവിലില്ല.  ഐ.സി.യു സൗകര്യം ആവശ്യമുള്ളവരെ മാത്രമേ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് ചികിത്സയ്ക്ക് അയയ്ക്കുന്നുള്ളൂ. മറ്റുള്ളവര്‍ക്ക് താലൂക്ക്, ജില്ലാ ആശുപത്രികളില്‍ തന്നെ ചികിത്സ ലഭ്യമാക്കുന്നുണ്ട്. ഓക്‌സിജന്‍ ലഭ്യതയുടെ കാര്യത്തില്‍ ജില്ല പൂര്‍ണ സജ്ജമാണെന്നും ഡി.എം.ഒ പറഞ്ഞു. എംപിമാരായ പി.വി അബ്ദുള്‍ വഹാബ്, എം.പി അബ്ദുസമദ് സമദാനി, എം.എല്‍.എമാരായ പി.അബ്ദുള്‍ ഹമീദ്, പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍, നജീബ് കാന്തപുരം, പി.കെ കുഞ്ഞാലിക്കുട്ടി, ടി.വി ഇബ്രാഹിം, കുറുക്കോളി മൊയ്തീന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ, മറ്റ് ജനപ്രതിനിധികള്‍, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
 

date