Skip to main content

കോവിഡ്-ഒമിക്രോണ്‍ വ്യാപനം: നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരുമെന്ന് ജില്ലാ കളക്ടര്‍

കോവിഡ്-ഒമിക്രോണ്‍ വ്യാപനം കണക്കിലെടുത്ത് ജില്ലയില്‍ എ,ബി,സി വിഭാഗങ്ങളിലായി നിയന്ത്രണം തുടരുമെന്ന് ജില്ലാ കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ പറഞ്ഞു. ജില്ലാ വികസന സമിതി യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടര്‍. ആര്‍.ആര്‍.ടി പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ നിര്‍ദേശം നല്‍കിയതായും ആശുപത്രികളില്‍ ആവശ്യമായ ചികിത്സാ സൗകര്യങ്ങള്‍ സജ്ജീകരിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ മേല്‍നോട്ടത്തില്‍ നടപടികള്‍ തുടങ്ങിയതായും ജില്ലയില്‍ ഓക്‌സിജന്റെ ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി. ജില്ലയില്‍ കോവിഡ് കേസുകള്‍ കൂടാന്‍ സാധ്യതയുള്ളതിനാല്‍ കൂട്ടായ പ്രവര്‍ത്തനം ഉണ്ടാകണം. കോവിഡ് ബാധിതര്‍ വീട്ടില്‍ തന്നെ ക്വാറന്റൈന്‍ ഉറപ്പാക്കണം. മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പാലിച്ച് മരുന്ന് കഴിച്ച് വീട്ടില്‍ വിശ്രമിക്കണം. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി താലൂക്ക് സ്റ്റെബിലൈസേഷന്‍ സെന്ററുകള്‍ തുടങ്ങിയിട്ടുണ്ട്. കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതര്‍ക്ക് ധനസഹായം നല്‍കുന്നതില്‍ മലപ്പുറം സംസ്ഥാനത്ത് രണ്ടാം സ്ഥാനത്തെത്തിയെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

ഒമിക്രോണ്‍ വ്യാപനം തടയാനും മരണനിരക്ക് കുറയ്ക്കാനും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും ജില്ലാ കളക്ടറുടെയും ഡി.എം.ഒയും നേതൃത്വത്തില്‍ ജില്ലയിലെ ഉദ്യോഗസ്ഥര്‍ നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്നത് അഭിനന്ദനാര്‍ഹമാണെന്നും ജില്ലാ വികസന സമിതി യോഗത്തില്‍ എം.പി അബ്ദുസമദ് സമദാനി എം.പി പറഞ്ഞു. ധനസഹായം നല്‍കാനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കിയതും വളരെ നല്ലകാര്യമാണ്. കോവിഡ് ബാധിച്ച് രക്ഷിതാക്കള്‍ മരിച്ചതിനെ തുടര്‍ന്ന് അനാഥരായ കുട്ടികള്‍ക്ക് ധനസഹായം നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കണമെന്നും ഈ വിഭാഗക്കാര്‍ക്ക് പ്രത്യേക പരിഗണന നല്‍കി ധനസഹായം ഉറപ്പാക്കണമെന്നും എം.പി അബ്ദുസമദ് സമദാനി എം.പി ആവശ്യപ്പെട്ടു. കോവിഡ് പ്രതിരോധത്തിന് ആശുപത്രികളില്‍ കൂടുതല്‍ സജ്ജീകരണങ്ങള്‍ക്കും പ്രത്യേകം സംവിധാനം ഒരുക്കണം. ഒമിക്രോണ്‍ മാരകമല്ലെങ്കിലും കേസുകളിലെ വര്‍ധനവ് ആശ്വാസകരമല്ല. ഇക്കാര്യത്തില്‍ ആശങ്കയുണ്ട്. ജില്ലയുടെ വികസനത്തിന് കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ നേടിയെടുക്കുന്നതിനും മികച്ച രീതിയില്‍ നടപ്പാക്കുന്നതിനും നടപടികള്‍ സ്വീകരിക്കും. പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കാനും ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണം. കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങളുടെ സര്‍വ്വീസ് തുടങ്ങുന്നതിനുള്ള നടപടികള്‍ തുടരുകയാണ്. റണ്‍വെയുടെ നീളം കുറയ്ക്കാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി ശ്രമം നടത്തുന്നത് ശരിയല്ല. ഇക്കാര്യം ഗൗരവത്തിലെടുക്കണം. കേന്ദ്രമന്ത്രിയെ നേരില്‍കണ്ട് ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തുമെന്നും എം.പി വ്യക്തമാക്കി.

കഞ്ഞിപ്പുര-മൂടാല്‍ ബൈപ്പാസ് പ്രവൃത്തി 3/600 കിലോമീറ്റര്‍ മുതല്‍ 6/000വരെയുള്ള ഭാഗത്ത് ജി.എസ്.ബി പ്രവൃത്തി പൂര്‍ത്തീകരിച്ചതായും ഫോര്‍മേഷന്‍ പ്രവൃത്തികള്‍, സംരക്ഷണ ഭിത്തി, കലുങ്ക് നിര്‍മ്മാണം എന്നിവ പുരോഗമിക്കുകയാണെന്നും പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ ആവശ്യമായ അധിക ഫണ്ട് ലഭ്യമാക്കുന്നതിനായി പുതുക്കിയ എസ്റ്റിമേറ്റ് സമര്‍പ്പിച്ചിട്ടുണ്ടെന്നും കിഫ്ബി പൈപ്പ് ലൈന്‍ പ്രവൃത്തിയോടനുബന്ധിച്ച് ഇരിമ്പിളിയം എടയൂര്‍ പഞ്ചായത്തുകളിലായി സ്ഥിതി ചെയ്യുന്ന ലിങ്ക് പൂക്കാട്ടിരി റെയില്‍വെ സ്റ്റേഷന്‍ റോഡിന്റെ തകര്‍ന്ന ഭാഗങ്ങളിലെ റീസ്റ്റോറേഷന്‍ പ്രവൃത്തി പുരോഗമിക്കുകയാണെന്നും തകര്‍ന്ന കലുങ്കുകളും ഡ്രൈനേജുകളും നന്നാക്കുന്നതിന് വാട്ടര്‍ അതോറിറ്റിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ടാറിങ് പ്രവൃത്തി ഉടന്‍ തുടങ്ങുമെന്നും പൊതുമരാമത്ത് നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പറഞ്ഞു. പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ യാണ് കഞ്ഞിപ്പുര-മൂടാല്‍ ബൈപ്പാസ് പ്രവൃത്തി പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ട് ആവശ്യപെട്ടത്. ബി.എം ആന്റ് ബി.സി ചെയ്ത് നവീകരിക്കുന്ന ചുങ്കം പാഴൂര്‍ റോഡില്‍ മര്‍ക്കസ് കോളേജിനോട് ചേര്‍ന്നുള്ള ഭാഗത്തെ കയറ്റം കുറയ്ക്കുന്നതിനുള്ള പ്രവൃത്തിയുടെ ഭരണാനുമതിക്കായി ചീഫ് എഞ്ചിനീയര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. അനുമതി ലഭിക്കുന്നതോടെ പ്രവൃത്തി തുടങ്ങും. മൂടാല്‍ കാവുംപുറം കാടാമ്പുഴ റോഡ് അറ്റകുറ്റപണികള്‍ക്കായി പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ വിഭാഗത്തിന് ഭരണാനുമതി ലഭിച്ചു. വെട്ടിച്ചിറ ചേലക്കുത്ത് രണ്ടത്താണി റോഡില്‍ വീതി കൂട്ടേണ്ട ഭാഗത്ത് ഖബര്‍സ്ഥാന്‍ ആയതിനാല്‍ സമാന്തരമായി ബൈപ്പാസ്/റിങ് റോഡ് നിര്‍മ്മിച്ചാല്‍ വികസന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാമെന്നും എം.എല്‍.എയുമായി കൂടിയാലോചിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി അനുമതി നല്‍കിയതായും എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വ്യക്തമാക്കി.
 

date