Skip to main content

ഗര്‍ഭിണികള്‍ ആദ്യ അവസരത്തില്‍ തന്നെ കോവിഡ് വാക്സിന്‍ സ്വീകരിക്കണം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍

ഗര്‍ഭിണികള്‍ ആദ്യ അവസരത്തില്‍ തന്നെ കോവിഡ്
വാക്സിന്‍ സ്വീകരിക്കണം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍

ജില്ലയിലെ മുഴുവന്‍ ഗര്‍ഭിണികളും സാധ്യമായ ആദ്യ അവസരത്തില്‍ തന്നെ കോവിഡ് വാക്സിന്‍ സ്വീകരിച്ച് സുരക്ഷിതരാകണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഗര്‍ഭിണികളില്‍ 25 ശതമാനം പേര്‍ മാത്രം കോവിഡ് വാക്സിന്‍ സ്വീകരിച്ചതായാണ്
ഔദ്യോഗിക കണക്ക്. 2021- 22 കാലയളവില്‍ ജില്ലയില്‍ മരണപ്പെട്ട 39 ഗര്‍ഭിണികളില്‍ 20 പേരും കോവിഡ് ബാധിച്ച് മരണപ്പെട്ടവരാണ്. ഇവര്‍ ആരും തന്നെ കോവിഡ് വാക്സിന്‍ സ്വീകരിച്ചിരുന്നില്ലെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഗര്‍ഭിണികളുടെ മരണങ്ങള്‍ ജില്ലയില്‍ ഉണ്ടായത് ആശങ്കയുളവാക്കുന്നതായും ഗര്‍ഭിണികള്‍ എല്ലാവരും വാക്സിന്‍ സ്വീകരിക്കാന്‍ മുന്നോട്ട് വരണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ഥിച്ചു. ജില്ലയില്‍ മാതൃകവചം എന്ന പേരില്‍ ഗര്‍ഭിണികള്‍ക്കായി പ്രത്യേക വാക്സിനേഷന്‍ പരിപാടി തന്നെ നടപ്പാക്കിയിരുന്നു. ജില്ലയില്‍ കോവിഡ് പ്രതിരോധ വാക്സിന്‍ ഒന്നാം ഡോസ് സ്വീകരിച്ചതിന് ശേഷം രണ്ടാം ഡോസ് സ്വീകരിക്കുന്നതിന് സമയമായിട്ടുള്ളവരും 15 മുതല്‍ 18 വയസ്സ് വരെയുള്ള  കൗമാരക്കാരായ കുട്ടികളും മുന്‍കരുതല്‍ ഡോസ് വാക്സിന്‍ സ്വീകരിക്കുന്നതിന് യോഗ്യരായിട്ടുള്ളവരും ഗര്‍ഭിണികളും എത്രയും പെട്ടെന്ന് തന്നെ വാക്സിന്‍ സ്വീകരിക്കണം. ജില്ലയില്‍ കോവിഡ് പോസിറ്റീവാകുന്നവരുടെ എണ്ണവും കോവിഡ് വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിക്കുന്നവരുടെ എണ്ണവും കൂടി വരുന്ന സാഹചര്യത്തില്‍ ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യവകുപ്പിന്റെയും മുന്നറിയിപ്പ് ഗൗരവത്തിലെടുക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.
 

date