Skip to main content

സമഗ്ര ശിക്ഷാ കേരളയുടെ കലാപരിശീലനക്കളരിയ്ക്ക് കലാമണ്ഡലത്തില്‍ തുടക്കമായി

കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് ദേശീയതലത്തില്‍ സംഘടിപ്പിച്ച കലാ ഉത്സവ് 2022 -ല്‍ കേരളത്തെ പ്രതിനിധീകരിച്ച് മത്സരിച്ച് വിജയിച്ച കുട്ടികള്‍ക്കായി സമഗ്ര ശിക്ഷാ കേരളം കലാമണ്ഡലത്തില്‍  സംഘടിപ്പിക്കുന്ന കലാപരിശീലനക്കളരി പട്ടികജാതി, പട്ടികവര്‍ഗ്ഗ ക്ഷേമവും, ദേവസ്വവും വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കലാമണ്ഡലം വൈസ്ചാന്‍സലര്‍ ഡോ. ടി കെ നാരായണന്‍ അധ്യക്ഷനായി. സമഗ്ര ശിക്ഷാ കേരളം പ്രോജക്ട് ഡയറക്ടര്‍ ഡോ.സുപ്രിയ എ ആര്‍ സ്വാഗതം പറഞ്ഞു. ദേശീയ കലാ ഉത്സവ് മത്സരങ്ങളില്‍ ഒന്‍പത് ഇനങ്ങളിലാണ് മത്സരങ്ങള്‍ അരങ്ങേറിയത്. ആണ്‍-പെണ്‍ വിഭാഗങ്ങളിലായി പതിനെട്ടോളം കുട്ടികളാണ് സംസ്ഥാനത്തെ പ്രതിനിധീകരിച്ച് മത്സരിച്ചത്. ഇതില്‍ ആണ്‍കുട്ടികളുടെ തദ്ദേശീയ വാദ്യോപകരണം വിഭാഗത്തില്‍ കൊല്ലം ജില്ലയിലെ കൊട്ടാരക്കര പെരുങ്കുളം പി. വി. എച്ച്. എസ്. എസ്. ലെ ഹയര്‍സെക്കന്ററി വിദ്യാര്‍ത്ഥി ടി എസ് സൂരജ് ദേശീയതലത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. വിഷ്വല്‍ ആര്‍ട്സ് വിഭാഗത്തില്‍ അക്ഷയ ഷമീര്‍ (എച്ച്. എസ്. എസ്. അഴീക്കോട്, കണ്ണൂര്‍), തദ്ദേശീയ പ്രതിമാ-ഉപകരണ നിര്‍മാണത്തില്‍ ബനീറ്റ വര്‍ഗീസ് (എസ്. ജെ. എച്ച്. എസ്. എസ്. കല്ലോടി, വയനാട്) എന്നിവര്‍ക്ക് രണ്ടാം സ്ഥാനങ്ങള്‍ ലഭിച്ചു. പെണ്‍കുട്ടികളുടെ ശാസ്ത്രീയ നൃത്തയിനത്തില്‍ നിരഞ്ജന്‍ ശ്രീലക്ഷ്മി (എസ്. എന്‍. എം. എച്ച്. എസ്. ചാഴൂര്‍, തൃശ്ശൂര്‍)  മൂന്നാം സ്ഥാനം കരസ്ഥമാക്കി. ബി. ആര്‍. സി. തലത്തിലും ജില്ലാതലത്തിലും പ്രത്യേകം തെരഞ്ഞെടുപ്പുകള്‍ നടത്തിയാണ് സംസ്ഥാനതലത്തില്‍ മത്സരങ്ങള്‍ സംഘടിപ്പിച്ചതും വിജയികളെ കണ്ടെത്തിയതും. ദേശീയതലത്തില്‍ വിജയികളായവര്‍ക്കും, സംസ്ഥാനതലത്തില്‍ വിജയികളായവര്‍ക്കും വേണ്ടിയാണ് അനുമോദന ചടങ്ങും ഒപ്പം കലാപരിശീലനക്കളരിയും സംഘടിപ്പിച്ചിരിക്കുന്നത്. വിവിധ സെഷനുകളിലായി  നടക്കുന്ന കലാപരിശീലനക്കളരിയില്‍ കലാമണ്ഡലത്തിലെ പ്രസിദ്ധ കലാകാരന്‍മാരുടെ അവതരണങ്ങളും ക്ലാസുകളും കുട്ടികള്‍ക്ക് ലഭിക്കും. പതിനാല് ജില്ലകളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട കുട്ടികളാണ് പങ്കെടുക്കുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പ് - സമഗ്ര ശിക്ഷാ കേരളവും കേരള കലാമണ്ഡലവും ആദ്യമായാണ് ഇത്തരമൊരു കലാപരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നത്. കൂത്തമ്പലത്തില്‍ നടന്ന ചടങ്ങില്‍ എസ്. ഐ. ഇ. ടി. ഡയറക്ടര്‍ ബി. അബുരാജ്, കലാമണ്ഡലം ഭരണസമിതി അംഗങ്ങളായ ഡോ. എന്‍. ആര്‍. ഗ്രാമപ്രകാശ്, ടി. കെ. വാസു, കലാമണ്ഡലം പ്രഭാകരന്‍, സമഗ്ര ശിക്ഷാ കേരളം അഡീ. ഡയറക്ടര്‍ ശ്രീകല കെ. എസ്., കലാമണ്ഡലം അക്കാദമിക് കോ-ഓര്‍ഡിനേറ്റര്‍ വി. അച്യുതാനന്ദന്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. സംസ്ഥാന പ്രോഗ്രാം ഓഫീസര്‍ സിന്ധു എസ്. എസ്. പദ്ധതി അവതരണവും തൃശൂര്‍ ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ഡോ. ബിനോയ് എന്‍. ജെ. നന്ദിയും പറഞ്ഞു. കലാ പരിശീലന ക്യാമ്പ് പതിനെട്ടാം തീയതി സമാപിക്കും

date