Skip to main content

കലാ പ്രവര്‍ത്തനം മനുഷ്യജീവിതത്തിന് പുതിയ ദിശാബോധം നല്‍കുന്ന    പ്രതിഭാസം : മന്ത്രി കെ രാധാകൃഷ്ണന്‍

വര്‍ത്തമാനകാലത്തെ അതിജീവനത്തിനായി ലോകമെമ്പാടും അത്യദ്ധ്വാനിക്കുന്ന കാലഘട്ടത്തിലെ കലാപ്രവര്‍ത്തനങ്ങള്‍ മനുഷ്യജീവിതത്തില്‍ പ്രകാശം പരത്തുന്നതിനുള്ള പുതിയ ദിശാബോധം നല്‍കുന്ന പ്രവര്‍ത്തനമാണെന്ന്  മന്ത്രി. കെ രാധാകൃഷ്ണന്‍ പറഞ്ഞു. കലയുടെ എല്ലാ ഭാവവും ഉള്‍ക്കൊണ്ട് നില്‍ക്കുന്ന മഹത് സ്ഥാപനമായ കേരള കലാമണ്ഡലത്തില്‍ ഏതാനും ദിവസങ്ങള്‍ മാത്രമാണ് സംബന്ധിക്കാന്‍ അവസരം ലഭിച്ചതെങ്കിലും കുട്ടികള്‍ മഹാഭാഗ്യമുള്ളവരാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരളം  കേരള കലാമണ്ഡലവുമായി സഹകരിച്ച് നടത്തുന്ന ചതുര്‍ദിന കലാപരിശീലനക്കളരി കലാമണ്ഡലത്തിലെ കൂത്തമ്പലത്തില്‍ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍ ഡോ എ.ആര്‍  സുപ്രിയ മന്ത്രിയെ പൊന്നാടയണിയിച്ച് ആദരിച്ചു. കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് ദേശീയതലത്തില്‍ സംഘടിപ്പിച്ച  കലാ ഉത്സവ് കേരള സംസ്ഥാനത്തെ പ്രതിനിധീകരിച്ച് മത്സരിച്ച് വിജയിച്ച കുട്ടികള്‍ക്കും സംസ്ഥാനതലത്തിലെ വിജയികള്‍ക്കുമായിട്ടാണ് കലാപരിശീലനക്കളരി 2022 സംഘടിപ്പിച്ചിരിക്കുന്നത്. നാലുനാള്‍ നീണ്ട് നില്‍ക്കുന്ന രംഗകലാപരിശീലനക്കളരിയില്‍      വാദ്യമേളങ്ങളുടെ അവതരണം, തുള്ളല്‍, കൂടിയാട്ടം, ശാസ്തീയ നൃത്തം, കഥകളി മുതലായവ അരങ്ങേറും. ഒപ്പം അതാത് മേഖലയിലെ അവതാരകരും കുട്ടികളുമായുള്ള മുഖാമുഖം പരിപാടിയും നടക്കും. രംഗകലകളുടെ അക്കാദമിക സാധ്യതകളെപ്പറ്റി ഡോ.കലാമണ്ഡലം രചിത രവി നടത്തുന്ന പഠനക്ലാസ് മുഖ്യആകര്‍ഷണമായിരിക്കും. കേരള കലയുടെ വിശ്വപ്രസിദ്ധമായ കേളികേന്ദ്രമായ  കലാമണ്ഡലത്തില്‍ നടക്കുന്ന   ചതുര്‍ദിന പരിശീലനക്കളരിയില്‍ പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ഓണ്‍ലൈനില്‍ കുട്ടികളുമായി സംവദിക്കും. ക്യാമ്പിന്‍റെ അവസാന ദിനമായ പതിനെട്ടാം തീയതി നടക്കുന്ന  സമാപനചടങ്ങില്‍ എസ് സി ഇ ആര്‍ ടി ഡയറക്ടര്‍    വിജയികളായ കുട്ടികള്‍ക്ക്  പുരസ്ക്കാരദാനം നിര്‍വഹിക്കുകയും ചെയ്യും.

date