Skip to main content

അങ്കണവാടികളുടെ പ്രവര്‍ത്തന മികവ് ഉറപ്പാക്കുന്നതിന് മാര്‍ഗരേഖ തയാറാക്കും: അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ

നോളജ് വില്ലേജിന്റെ ഭാഗമായി റാന്നി നിയോജക മണ്ഡലത്തിലെ അങ്കണവാടികളുടെ  പ്രവര്‍ത്തന മികവ് ഉറപ്പാക്കുന്ന പദ്ധതി സംബന്ധിച്ച് വിശദമായ മാര്‍ഗരേഖ തയാറാക്കുമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. ഇതിനായി ഈ മേഖലയിലെ അക്കാദമിക് വിദഗ്ധരെ പങ്കെടുപ്പിച്ച്് വര്‍ക്‌ഷോപ്പ് നടത്തും. ദീര്‍ഘമായ ഇടവേളയ്ക്കുശേഷം  അങ്കണവാടികള്‍ തുറന്ന സാഹചര്യത്തില്‍ കുഞ്ഞുങ്ങള്‍ക്ക് സുരക്ഷിതമായ പഠനത്തിനായി ഒരുക്കിയ സൗകര്യങ്ങളും തയാറെടുപ്പുകളും വിലയിരുത്താന്‍ വിളിച്ചുചേര്‍ത്ത ശിശുവികസന വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു എംഎല്‍എ.

നിയോജക മണ്ഡലത്തിലെ  അംഗനവാടികള്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ച വിശദമായ അവലോകനം യോഗത്തില്‍ നടന്നു. അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ പരിമിതിയുള്ള അങ്കണവാടികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ  പ്രതിനിധികളുടെ യോഗം ഉടന്‍ വിളിച്ചു ചേര്‍ക്കാനും തീരുമാനമായി. അങ്കണവാടി അധ്യാപകര്‍ക്ക് ശാസ്ത്രീയമായ പരിശീലനം തുടര്‍ച്ചയായി സംഘടിപ്പിക്കാന്‍ പദ്ധതി തയാറാക്കുമെന്നും എംഎല്‍എ പറഞ്ഞു.
     

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി അധ്യക്ഷനായി. വനിതാ ശിശു വികസന ജില്ലാ ഓഫീസര്‍ പി.എസ്. തസ്‌നീം, ജില്ലാ പ്രോഗ്രാം ഓഫീസര്‍ നിഷാ നായര്‍, സ്മിത, ജാസ്മിന്‍, ലത എന്നിവര്‍ സംസാരിച്ചു.

date