Skip to main content

ഹരിതകർമസേനക്ക് ഫയർ ആന്റ് സേഫ്റ്റി പരിശീലനം നൽകി

 

 

പാഴ് വസ്തു സംഭരണ കേന്ദ്രങ്ങളിൽ (എം.സി.എഫ്/ എം.ആർ.എഫ്) തീപിടുത്ത സാഹചര്യങ്ങൾ ഒഴിവാക്കുന്നതിനു സ്വീകരിക്കേണ്ട മുൻ കരുതൽ സംബന്ധിച്ച് കുന്നമംഗലം ഗ്രാമ പഞ്ചായത്തിലെ ഹരിതകർമ്മ സേന അംഗങ്ങൾക്കു ഫയർ ആന്റ് സേഫ്റ്റി പരിശീലനം നൽകി. ഹരിതകേരള മിഷന്റെ സഹായത്തോടെയാണ് പരിശീലനം സംഘടിപ്പിച്ചത്.

വെള്ളിമാടുകുന്ന് ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കുന്നമംഗലം ഗ്രാമ പഞ്ചായത്ത്‌ സാംസ്‌കാരിക നിലയത്തിൽ നടന്ന പരിശീലന പരിപാടിയുടെ ഉദ്ഘാടനം വെള്ളിമാടുകുന്ന് ഫയർ സ്റ്റേഷൻ ഓഫീസർ ബാബുരാജ് നിർവഹിച്ചു.

 

അഗ്നി സുരക്ഷ സംബന്ധിച്ച പ്രാഥമിക വിവരങ്ങൾ, പൊള്ളലേറ്റൽ ചെയ്യണ്ട കാര്യങ്ങൾ, വിവിധ തരം ഫയർ നിയന്ത്രണ ഉപകരണങ്ങൾ ഉപയോഗിക്കേണ്ട രീതികൾ, ഗ്യാസ് കുറ്റികൾ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന അപകടങ്ങൾ എങ്ങനെ കൈകാര്യം ചെയ്യാം, തൊഴിൽ എടുക്കുന്ന സമയത്ത് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ ചെയ്യേണ്ട കാര്യങ്ങൾ, താത്കാലിക സ്‌ട്രെക്ചർ ഒരുക്കേണ്ട രീതി, സിപിആർ നൽകേണ്ട രീതി, ഭക്ഷണമോ മറ്റോ തൊണ്ടയിൽ കുടുങ്ങിയാൽ രക്ഷപെടുത്തേണ്ട രീതി, പാമ്പ് കടി ഏറ്റാൽ ചെയ്യണ്ട കാര്യങ്ങൾ എന്നിവ സംബന്ധിച്ച് ക്ലാസുകൾ എടുത്തു.

ഫയർ ആൻഡ്‌ റെസ്ക്യൂ ഓഫീസർമാരായ ഫാസിൽ, നിഖിൽ, ബിനു വർഗീസ് എന്നിവരാണ് പരിശീലനം നയിച്ചത്. ഹരിതകർമ്മ സേന അംഗങ്ങളുടെ സംശയങ്ങൾക്ക് ഉദ്യോഗസ്ഥർ മറുപടി നൽകി. 

പഞ്ചായത്ത്‌ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഹരിതകർമസേന പ്രസിഡന്റ്‌ സുബൈദ ഹരിതകർമ്മ സേന സെക്രട്ടറി സുമ, ഗ്രാമ പഞ്ചായത്ത്‌ അസിസ്റ്റന്റ് സെക്രട്ടറി ശ്രീനിവാസൻ, വി.ഇ.ഒ ബിന്ദു, ഹരിതകേരളം റിസോഴ്സ് പേഴ്സൺ രാജേഷ്, ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സൺമാരായ ജസ്‌ലിൻ, ഡോണ, രുദ്രപ്രിയ, ഹരിതകർമ്മ സേന അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

വരും ദിവസങ്ങളിൽ കുന്നമംഗലം ബ്ലോക്കിലെ മറ്റു പഞ്ചായത്തുകളിലെ ഹരിതകർമ്മസേന അംഗങ്ങൾക്കും ഇത്തരത്തിൽ പരിശീലനം നൽകും.

date