Skip to main content

പ്രളയത്തിൽ വീടു നഷ്ടപ്പെട്ടവർക്ക് 12.58 കോടി രൂപ അനുവദിച്ചു

കോട്ടയം: ജില്ലയിൽ പൂർണമായി വീടു നഷ്ടപ്പെട്ട 60 പേർക്ക് 2.40 കോടി രൂപയും ഭാഗികമായി വീടു നഷ്ടപ്പെട്ട 2199 പേർക്ക് 10.18 കോടി രൂപയും അനുവദിച്ചു. പൂർണമായി വീടു നഷ്ടപ്പെട്ട 199 പേരിൽ 60 പേർക്ക് സർക്കാർ നാലു ലക്ഷം രൂപ വീതമാണ് അനുവദിച്ചത്. ഇതിൽ സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽനിന്നുള്ള വിഹിതമായ 57.06 ലക്ഷം രൂപ ഗുണഭോക്താക്കളുടെ അക്കൗണ്ടിൽ നിക്ഷേപിച്ചു. ഭാഗികമായി വീടു നഷ്ടപ്പെട്ട 2278 പേരിൽ 2199 പേർക്ക് സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽനിന്നുള്ള വിഹിതമായ 4.23 കോടി രൂപ ഗുണഭോക്താക്കളുടെ അക്കൗണ്ടിൽ നിക്ഷേപിച്ചു.

ദുരന്തത്തിൽ മരിച്ച ആറു പേരുടെ ആശ്രിതർക്ക് അഞ്ചുലക്ഷം രൂപ വീതവും നാലുപേർക്ക് നാലു ലക്ഷം രൂപ വീതവും വിതരണം ചെയ്തു. ഒരു കുടുംബത്തിലെ മുഴുവൻ പേരും മരിച്ചതിനാൽ അവകാശികളെ സംബന്ധിച്ച് വ്യക്തതയില്ലാത്തതിനാൽ തുക വിതരണം ചെയ്തിട്ടില്ല. ചങ്ങനാശേരി താലൂക്കിലെ ഒരു കുടുംബം തുക ആവശ്യമില്ലെന്ന് അറിയിച്ചു.

പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ പൂർണമായി വീടു നഷ്ടപ്പെട്ട 49 പേർക്ക് നാലു ലക്ഷം രൂപ വീതം 1.96 കോടി രൂപ അനുവദിച്ചു. ഇതിൽ സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽനിന്നുള്ള വിഹിതമായ 46.59 ലക്ഷം രൂപ ഗുണഭോക്താക്കളുടെ അക്കൗണ്ടിൽ നിക്ഷേപിച്ചു. കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിൽ പൂർണമായി വീടു നഷ്ടപ്പെട്ട നാലു പേർക്ക് നാലു ലക്ഷം രൂപ വീതം 16 ലക്ഷം രൂപ അനുവദിച്ചു. ഇതിൽ സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽനിന്നുള്ള വിഹിതമായ 3.80 ലക്ഷം രൂപ ഗുണഭോക്താക്കളുടെ അക്കൗണ്ടിൽ നിക്ഷേപിച്ചു.
സി.എം.ഡി.ആർ.എഫിൽനിന്ന് ലഭിക്കേണ്ട തുക സർക്കാർ അനുവദിക്കുന്ന മുറയ്ക്ക് അക്കൗണ്ടിലെത്തും.

date