Skip to main content

നടുവില വില്ലേജിൽ ഡിജിറ്റൽ റീസർവേ 18,19 തീയതികളിൽ - ഡ്രോൺ ഉപയോഗിച്ച് റീസർവേ

കോട്ടയം: വൈക്കം നടുവില വില്ലേജിൽ ഫെബ്രുവരി 18,19 തീയതികളിൽ അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് ഡിജിറ്റൽ റീസർവേ നടത്തുമെന്ന് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ സ്വാമിത്വ പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടമായി നടുവിലയിൽ തെരഞ്ഞെടുക്കപ്പെട്ട 19 പോക്കറ്റുകളിലാണ് ഡ്രോൺ ഉപയോഗിച്ച് സർവേ നടക്കുക. ഇതിന്റെ ഭാഗമായി ഭൂമിയുടെ അതിർത്തികൾ അടയാളപ്പെടുത്തുന്ന ഡീമാർക്കേഷൻ ജോലികൾ പൂർത്തീകരിച്ചതായും ഉടമകൾ സർവേ ഉദ്യോഗസ്ഥർ നൽകുന്ന ഫോറം 1 എ കൃത്യമായി വിവരങ്ങൾ രേഖപ്പെടുത്തി നൽകി സഹകരിക്കണമെന്നും സർവേ ഡെപ്യൂട്ടി ഡയറക്ടർ ആർ. ബാബു പറഞ്ഞു.

ഡിജിറ്റൽ റീസർവേ ഇങ്ങനെ

സംസ്ഥാനത്തെ വില്ലേജുകളിലെ ഡ്രോൺ സർവേയ്ക്ക് അനുയോജ്യമായ ഭൂപ്രദേശം കണ്ടെത്തുന്നു. വില്ലേജുകളുടെ വിസ്തീർണ്ണത്തിന്റെ 20 ശതമാനം ഭൂപ്രദേശത്താണ് സ്വാമിത്വ പദ്ധതിയിൽ ഉൾപ്പെടുത്തി ഡ്രോൺ ഉപയോഗിച്ച് സർവേ നടത്തുന്നത്. ബാക്കിവരുന്ന 80 ശതമാനം പ്രദേശം സംസ്ഥാന സർക്കാരിന്റെ ചെലവിൽ റീബിൽഡ് കേരളം ഫണ്ട് വിനിയോഗിച്ച് കോർസ്, ആർ.ടി.കെ. ഇ.ടി.എസ് തുടങ്ങിയ നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് ഡ്രോൺ സർവേ നടത്തി ഡിജിറ്റൽ റെക്കോഡാക്കുക. നാലരവർഷംകൊണ്ട് സർവേ പൂർത്തീകരിച്ച് റവന്യൂ വകുപ്പിന് റെക്കോഡുകൾ നൽകുകയാണ് ലക്ഷ്യം.
റവന്യൂ-സർവേ-തദ്ദേശസ്വയംഭരണ വകുപ്പുകൾ, സർവേ ഓഫ് ഇന്ത്യ, പഞ്ചായത്ത് രാജ് മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെയാണ് ഡിജിറ്റൽ റീസർവേ നടത്തുക.

ആദ്യഘട്ടത്തിൽ ഒമ്പത് വില്ലേജുകളിൽ

സർവേയുടെ ആദ്യഘട്ടത്തിൽ വൈക്കം, കല്ലറ, വെള്ളൂർ, ഉദയനാപുരം, നടുവില, കുലശേഖരമംഗലം, വെച്ചൂർ, തലയാഴം, ചെമ്പ് എന്നീ വില്ലേജുകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. നാലര വർഷത്തിനകം മറ്റ് വില്ലേജുകളിലും സർവേ പൂർത്തീകരിക്കുകയാണ് ലക്ഷ്യം.  

ഗുണങ്ങളേറെ

ഡിജിറ്റൽ റീസർവേ പൂർത്തിയാകുന്നതോടെ ഭൂമി സംബന്ധമായ രേഖകൾക്ക് കൃത്യതയും സുതാര്യതയും ഉറപ്പാകും.

റവന്യൂ രജിസ്‌ട്രേഷൻ, സർവേ സേവനങ്ങൾ ഒരുമിച്ച് ലഭ്യമാകും.

ഭൂമിസംബന്ധമായ വിവരങ്ങളുടെ നാളതീകരണം എളുപ്പത്തിൽ ലഭിക്കും.

അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കാനാകും.

ഭൂമി സംബന്ധമായ ആവശ്യത്തിന് പല ഓഫീസുകളിൽ കയറി ഇറങ്ങുന്നത് ഒഴിവാകും.

അപേക്ഷകൾ ഓൺലൈനായി നൽകാനും തീർപ്പാക്കാനും സാധിക്കും.

പോക്കുവരവ് നടപടികൾ വേഗത്തിലാകും.

ഡോക്യുമെന്റേഷൻ നടപടികൾ എളുപ്പത്തിൽ നടക്കും.

ഡിജിറ്റൽ സർവേ രേഖകൾ നിലവിൽ വരുന്നതോടെ ഇപ്പോഴുള്ള സർവേ നമ്പർ, സബ് ഡിവിഷൻ, തണ്ടപ്പേർ എന്നിവ കാലഹരണപ്പെടും.

റവന്യൂ, രജിസ്‌ട്രേഷൻ, തദ്ദേശസ്ഥാപനങ്ങൾ, ബാങ്കുകൾ എന്നിവിടങ്ങളിൽ നിന്നുള്ള സേവനങ്ങൾ ലഭിക്കുന്നതിന്റെ കാലതാമസം കുറയും.

സർവേ; ഭൂവുടമകൾ ചെയ്യേണ്ടത്

ഡ്രോൺ ഉപയോഗിച്ചുള്ള സർവേയ്ക്ക് അനുയോജ്യമായ രീതിയിൽ പദ്ധതി പ്രദേശത്തെ വസ്തുക്കളുടെ അതിർത്തികൾ താഴെ പറയുംവിധം ഉടമകൾ ക്രമീകരിക്കണമെന്നാണ് സർവേ    വകുപ്പിന്റെ നിർദേശം.

അതിർത്തിയിലെ ഒടിവുകൾ കൃത്യമായി മനസിലാക്കാൻ കഴിയുന്നരീതിയിൽ നീളത്തിൽ ചുടുകല്ലുകളോ സിമന്റ് കല്ലുകളോ അടുക്കി വയ്ക്കണം.

ഡ്രോൺ ക്യാമറയിൽ ഫോട്ടോ എടുക്കുന്നതിന് തടസം നിൽക്കുന്ന മരചില്ലകളും മറ്റും നീക്കം ചെയ്ത് വസ്തുവിന്റെ അതിരുകൾ തെളിക്കണം. ഡ്രോണിന് തിരിച്ചറിയാനാകും വിധം ചുടുകല്ല്, സിമന്റ്, കല്ല്, പെയിന്റ് ഇവ ഉപയോഗിച്ച് അതിരുകൾ അടയാളപ്പെടുത്തണം. ഈ രീതിയിൽ അടയാളപ്പെടുത്തിയ അതിർത്തികളേ ഡ്രോണിന്റെ കാമറകൾക്ക് തിരിച്ചറിയാനാകൂ.

ഫോറം(ഫോറം 1 എ) ശ്രദ്ധാപൂർവം പൂരിപ്പിച്ച് സർവേ ഉദ്യോഗസ്ഥർക്ക് നൽകണം.

 

date