Skip to main content

തദ്ദേശസ്വയംഭരണ ദിനാഘോഷം 18നും 19നും; മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും

കോട്ടയം: ജില്ലയിൽ തദ്ദേശ സ്വയംഭരണ ദിനാഘോഷ പരിപാടികൾ ഫെബ്രുവരി 18, 19 തീയതികളിൽ കോവിഡ് മാർഗനിർദേശങ്ങൾ പാലിച്ച് സംഘടിപ്പിക്കും. ജില്ലാതല പുരസ്‌കാര വിതരണ സമ്മേളനം 19ന് ഉച്ചകഴിഞ്ഞ് മൂന്നിന് സഹകരണ-രജിസ്ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടക്കുന്ന  ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി അധ്യക്ഷത വഹിക്കും.
ജില്ലയിൽ മികച്ച പ്രവർത്തനം കാഴ്ച്ചവച്ച ഗ്രാമപഞ്ചായത്തുകൾക്കുള്ള സ്വരാജ് ട്രോഫി, മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ മികവ് പുലർത്തിയ ഗ്രാമപഞ്ചായത്തുകൾക്കുള്ള മഹാത്മാ പുരസ്‌ക്കാരം, മികച്ചഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാർക്കുള്ള പുരസ്‌കാരം എന്നിവ ചടങ്ങിൽ വിതരണം ചെയ്യും. സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് വിതരണം നിർവഹിക്കും. നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റിയൻ, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ ജില്ലാ സെക്രട്ടറി മുകേഷ് കെ. മണി, ജില്ലാ പ്രസിഡന്റ് പി.വി. സുനിൽ, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.സി. ബിജു, ജില്ലാ സെക്രട്ടറി അജയൻ കെ. മേനോൻ എന്നിവർ പങ്കെടുക്കും. ജില്ലാ കളക്ടർ ഡോ. പി.കെ ജയശ്രീ സ്വാഗതവും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ബിനു ജോൺ നന്ദിയും പറയും.

ജില്ലാതല ദിനാഘോഷത്തോടനുബന്ധിച്ച് രാവിലെ 11 ന് നടത്തുന്ന സെമിനാർ തോമസ് ചാഴികാടൻ എം.പി ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. അധ്യക്ഷത വഹിക്കും. നവകേരള നിർമിതിയിൽ ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പ്രസക്തി എന്ന വിഷയത്തിൽ   മീനച്ചിലാർ- മീനന്തറയാർ -കൊടൂരാർ  പുനഃസംയോജന പദ്ധതി കോ-ഓർഡിനേറ്റർ അഡ്വ. കെ. അനിൽകുമാർ വിഷയാവതരണം നടത്തും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റ്റി.എസ്. ശരത്ത്, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി.വി. സുനിൽ, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ജില്ലാ സെക്രട്ടറി അജയൻ കെ. മേനോൻ എന്നിവർ പങ്കെടുക്കും.

മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്ന സംസ്ഥാന തല ഉദ്ഘാടനവും ജില്ലാതല പരിപാടികളും തത്സമയം വീക്ഷിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ക്രമീകരണം ഏർപ്പെടുത്തും. ഗ്രാമ പഞ്ചായത്തുകളെയും മുനിസിപ്പാലിറ്റികളെയും പങ്കെടുപ്പിച്ച് ബ്ലോക്ക് പഞ്ചായത്തുകളുടെ നേതൃത്വത്തിൽ സെമിനാറുകളും ചർച്ചകളും നടത്തും.

date