Skip to main content

എല്ലാവർക്കും കുടിവെള്ളം സർക്കാരിന്റെ ലക്ഷ്യം: മന്ത്രി വി.എൻ. വാസവൻ

കോട്ടയം: എല്ലാ ജനങ്ങൾക്കും കുടിവെള്ളം എത്തിക്കുകയാണ്് സംസ്ഥാന സർക്കാരിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നെന്ന് സഹകരണ-രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. പഞ്ചായത്തിന്റെ എല്ലാ ഭാഗങ്ങളിലും കുടിവെള്ളമെത്തിക്കുന്നതിനായി പാമ്പാടി പഞ്ചായത്തും ജലജീവൻ മിഷനും സംയുക്തമായി 48.13 കോടി രൂപ ചെലവിൽ നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം വെള്ളൂർ ഇല്ലിവളവിൽ നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
മനുഷ്യന്റെ പ്രാഥമികാവശ്യങ്ങളിലൊന്നാണ് കുടിവെള്ളം. അത് ലഭ്യമാക്കുകയെന്നത് ഭരണകർത്താക്കളുടെ കടമയാണ്. സമയബന്ധിതമായി നിർമാണം പൂർത്തിയാക്കുമെന്നും എല്ലാ സർക്കാർ വകുപ്പുകളും ജനങ്ങളും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും മന്ത്രി പറഞ്ഞു.

8000 ഗാർഹിക ഗുണഭോക്താക്കൾക്ക് പ്രയോജനപ്പെടുന്ന പദ്ധതിയുടെ ജല വിതരണ പൈപ്പുകൾ സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾക്കാണ് തുടക്കമായത്.  യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ഡാലി റോയി അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ എബ്രഹാം, ജില്ലാ പഞ്ചായത്തംഗം രാധാ വി. നായർ, പാമ്പാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ഹരികുമാർ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സാബു എബ്രഹാം, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്‌സൺ സന്ധ്യ രാജേഷ്, ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പി.എസ്. ശശികല, പഞ്ചായത്ത് സെക്രട്ടറി സുജ മാത്യു, ജല അതോറിറ്റി നിർവഹണ ഓഫീസർ സൂര്യ ശശിധരൻ, മഹാത്മാഗാന്ധി സർവകലാശാല സിൻഡിക്കേറ്റ് അംഗം റെജി സക്കറിയ, താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ.എം. രാധാകൃഷ്ണൻ, വെള്ളൂർ സഹകരണ ബാങ്ക് പ്രസിഡന്റ് സുരേഷ് കെ. എബ്രഹാം എന്നിവർ പങ്കെടുത്തു.
 

date