Skip to main content

കല്ലക്കയം കുടിവെള്ള പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തങ്ങള്‍ അന്തിമഘട്ടത്തില്‍

തിരൂരങ്ങാടിയിലെ കുടിവെള്ളക്ഷാമത്തിനു പരിഹാരമായി രൂപീകരിച്ച കല്ലക്കയം കുടിവെള്ള പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണെന്ന് കെ.പി.എ മജീദ് എം.എല്‍.എ പറഞ്ഞു.  മാര്‍ച്ച് 31 നകം പ്രവൃത്തി പൂര്‍ത്തിയാക്കി പദ്ധതി നാടിന് സമര്‍പ്പിക്കും. പദ്ധതിയുടെ ട്രീറ്റ്‌മെന്റ് പ്ലാന്റ്, കിണര്‍ എന്നിവയുടെ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. തിരൂരങ്ങാടി നഗരസഭയിലെ കരിപ്പറമ്പ് കല്ലക്കയത്ത് നിന്നും കക്കാട്  ടാങ്കിലേക്ക് വെള്ളം പമ്പ് ചെയ്തു കൊണ്ടുള്ള പദ്ധതിയാണ് വിഭാവനം ചെയ്തിട്ടുള്ളത്. നിലവില്‍ തിരൂരങ്ങാടി മണ്ഡലത്തില്‍ കുടിവെള്ള പദ്ധതികള്‍ക്കായി കേന്ദ്രസര്‍ക്കാരിന്റെ നഗരസഞ്ചയത്തിലൂടെ ഒന്‍പത്  കോടി രൂപ അനുവദിച്ചിട്ടുണ്ട്. നാല് കോടി രൂപ തിരൂരങ്ങാടി നഗരസഭയിലെ കല്ലക്കയം കുടിവെള്ള പദ്ധതിയുടെയും അഞ്ച് കോടി രൂപ പരപ്പനങ്ങാടി നഗരസഭയിലെ ഉള്ളണം കുടിവെള്ള പദ്ധതിയുടെയും തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായാണ് അനുവദിച്ചത്. പദ്ധതിയുടെ നിര്‍മാണം പൂര്‍ത്തിയാക്കുന്നതുമായി ബന്ധപ്പെട്ട്  സംസ്ഥാന ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയില്‍ കഴിഞ്ഞ മാസം യോഗം ചേര്‍ന്നിരുന്നു.

പ്രതിദിനം 72 ലക്ഷം ലിറ്റര്‍ വെള്ളം ശുദ്ധീകരിക്കാന്‍ കഴിയുന്ന തരത്തിലാണ് കുടിവെള്ള പദ്ധതിയുടെ നിര്‍മാണം പുരോഗമിക്കുന്നത്. 10 കോടി രൂപ ചെലവായി കണക്കാക്കുന്ന പദ്ധതി തിരൂരങ്ങാടി നഗരസഭയില്‍ ഏറെക്കാലമായി നിലനില്‍ക്കുന്ന കുടിവെള്ള ക്ഷാമത്തിനു  പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാല്‍പതോളം  തൊഴിലാളികള്‍ പദ്ധതിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട്. നിലവില്‍ ജലസംഭരണി, ഫില്‍ട്ടര്‍ ഹൗസ്, പമ്പ് ഹൗസ് തുടങ്ങിയ നിര്‍മാണങ്ങള്‍  പുരോഗമിക്കുകയാണ്. നിര്‍മാണപ്രവര്‍ത്തനങ്ങളുടെ പുരോഗതി എം.എല്‍.എയും തിരൂരങ്ങാടി  നഗരസഭാധികൃതരും നേരിട്ട് വിലയിരുത്തി.
 

date