Skip to main content

വാര്‍ഷിക പദ്ധതി : നിര്‍വ്വഹണ പുരോഗതി വിലയിരുത്തി

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വകുപ്പുകളുടെയും വാര്‍ഷിക പദ്ധതികളുടെ നിര്‍വ്വഹണ പുരോഗതി ജില്ലാ ആസൂത്രണ സമിതി  യോഗം വിലയിരുത്തി. പ്ലാന്‍ ഫണ്ട് ഇനത്തില്‍ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങള്‍ 51.83 ശതമാനം പുരോഗതി കൈവരിച്ചതായി യോഗം വിലയിരുത്തി. ജനറല്‍ വിഭാഗത്തില്‍ 66.12 ശതമാനവും എസ്.സി.പി, ടി.എസ്.പി വിഭാഗത്തില്‍ യഥാക്രമം 61.27, 53.35 ശതമാനവും പൂര്‍ത്തീകരിച്ചു. ജില്ലാ പഞ്ചായത്ത് 42.44, ബ്ലോക്ക് പഞ്ചായത്ത് 46.80, നഗരസഭ 42.54, ഗ്രാമപഞ്ചായത്ത് 57.67 എന്നിങ്ങനെയാണ് പ്ലാന്‍ ഫണ്ട് നിര്‍വ്വഹണ പുരോഗതി. പദ്ധതി നിര്‍വ്വഹണത്തില്‍  സംസ്ഥാതലത്തില്‍ നിലവില്‍  അഞ്ചാം സ്ഥാനത്താണ് ജില്ല.

വാര്‍ഷിക പദ്ധതികളുടെ നിര്‍വ്വഹണവും അനുവദിക്കപ്പെട്ട ഫണ്ടുകളുടെ വിനിയോഗവും സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍മാര്‍ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ആസൂത്രണ സമിതി ചെയര്‍പേഴ്‌സണുമായ സംഷാദ് മരക്കാര്‍ നിര്‍ദ്ദേശം നല്‍കി. ആസൂത്രണ സമിതി യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂരഹിതരായ ആദിവാസി കുടുംബങ്ങള്‍ക്ക് ഭൂമി ലഭ്യമാക്കുന്ന പ്രക്രിയയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പിന്തുണ ഉണ്ടാകണമെന്ന് ജില്ലാ കളക്ടര്‍ എ.ഗീത പറഞ്ഞു. എബിസിഡി പദ്ധതി എല്ലാ പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുന്നത് സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്തു. പതിനാലാം പഞ്ചവത്സര പദ്ധതിയുടെ സ്റ്റാറ്റസ് റിപ്പോര്‍ട്ട്, വികസനരേഖ എന്നിവ തയ്യാറാക്കുന്നതിന്റെ പുരോഗതിയും വിലയിരുത്തി. 2022 -23 വാര്‍ഷിക പദ്ധതിയിലെ മുന്‍ഗണന നിശ്ചയിക്കുന്നതിന് ജില്ലാ  ആസൂത്രണ സമിതി അംഗങ്ങള്‍ ചെയര്‍പേഴ്‌സണ്‍മാരായ  ഉപസമിതി യോഗം ചേരുന്നതിനും തീരുമാനമായി.

യോഗത്തില്‍ സബ് കളക്ടര്‍ ആര്‍. ശ്രീലക്ഷ്മി, സര്‍ക്കാര്‍ നോമിനി എ.എന്‍ പ്രഭാകരന്‍, അസിസ്റ്റന്റ് പ്ലാനിംഗ് ഓഫീസര്‍ സി..പി സുധീഷ്, ജില്ലാ ആസൂത്രണ സമിതി അംഗങ്ങള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിവര്‍ പങ്കെടുത്തു.

 

date