Skip to main content

നികുതി ഇളവുകള്‍ പ്രഖ്യാപിച്ച് നഗരസഭ

നികുതിപിരിവ് ഊര്‍ജിതമാക്കാന്‍ വന്‍ ഇളവുകള്‍ നഗരസഭാ കൗണ്‍സില്‍ പ്രഖ്യാപിച്ചു. വിവിധ നികുതി കുടിശിക ഇനത്തില്‍ ഏഴു കോടി രൂപ നഗരസഭയ്ക്ക് ലഭിക്കാനുണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന നഗരസഭ പരമാവധി കുടിശിക പിടിച്ചെടുക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. മാര്‍ച്ച് മാസം 31-ന് മുമ്പായി വാടക കുടിശിക പൂര്‍ണമായും ഒടുക്കുവരുത്തുന്ന നഗരസഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിലെ വ്യാപാരികള്‍ക്ക് ആറു മാസത്തെ വാടക ഇളവ് ചെയ്തു നല്‍കാന്‍ കൗണ്‍സില്‍ യോഗം ഐക്യകണ്‌ഠേന തീരുമാനിച്ചു. നഗരത്തിലെ കെട്ടിട ഉടമകള്‍ക്ക് കെട്ടിട നികുതി ഇനത്തിലുള്ള കുടിശിക അടയ്ക്കുമ്പോള്‍ പിഴപ്പലിശ പൂര്‍ണമായും ഒഴിവാക്കാനും തീരുമാനമുണ്ട്.

 

തൊഴില്‍ നികുതി കുടിശിക പൂര്‍ണമായും അടയ്ക്കുന്നവര്‍ക്കും ഈ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നികുതിപിരിവ് കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുവേണ്ടി 32 വാര്‍ഡുകളിലും പ്രത്യേക കളക്ഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കും. ഈ മാസം 16 മുതലാണ് വാര്‍ഡ് അടിസ്ഥാനത്തില്‍ കളക്ഷന്‍ കേന്ദ്രങ്ങള്‍ തുടങ്ങുന്നത്. നികുതി  അടയ്ക്കുന്നതിനായി നഗരസഭാ ഓഫീസിലേക്ക് പോകാതെ തന്നെ ഓരോ വാര്‍ഡുകളിലും സൗകര്യമൊരുക്കുന്നതിനാണ് നഗരസഭ കളക്ഷന്‍ സെന്ററുകള്‍ തുടങ്ങുന്നത്. ഓരോ വാര്‍ഡിലും ഓരോ ദിവസം എന്ന ക്രമത്തില്‍ രാവിലെ എട്ടു മുതല്‍ മൂന്നു വരെയാണ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.

 

റവന്യൂ വിഭാഗത്തിലെ ഉദ്യോഗസ്ഥരോടൊപ്പം നികുതിദായകരെ സഹായിക്കുന്നതിനായി കുടുംബശ്രീ പ്രവര്‍ത്തകരെയും വോളണ്ടിയര്‍മാരെയും ക്രമീകരിച്ചിട്ടുണ്ട്. വാടക ഇളവ് ലഭിക്കുന്നതിനും പിഴപ്പലിശ ഒഴിവാക്കി കിട്ടുന്നതിനുമായി പരമാവധി ഈ അവസരം ഉപയോഗിക്കണമെന്ന് നഗരസഭാ കൗണ്‍സിലിനു വേണ്ടി ചെയര്‍മാന്‍ അറിയിച്ചു. കോവിഡിന്റെ പശ്ചാത്തലം കൂടി കണക്കിലെടുത്തും വ്യാപാരി സംഘടനകളുടെ നിരന്തരമായ ആവശ്യത്തെ തുടര്‍ന്നുമാണ് ഈ ഇളവുകള്‍ കൗണ്‍സില്‍ യോഗം പ്രഖ്യാപിച്ചിട്ടുള്ളത്.
 

date