Skip to main content

നൂറ് ദിന കര്‍മ്മ പരിപാടി: പുനര്‍ഗേഹത്തിലൂടെ  20 പുതിയ ഭവനങ്ങള്‍ കൂടി

 

    സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ പരിപാടിയില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ പുനര്‍ ഗേഹം പദ്ധതിയിലൂടെ 20 പേര്‍ക്കു കൂടി പുതിയ ഭവനം ഒരുങ്ങുന്നു. നേരത്തെ 23 പേര്‍ക്ക് പദ്ധതിയിലൂടെ വീടുകള്‍ ലഭിച്ചിരുന്നു. 22 കുടുംബങ്ങള്‍ സ്ഥലം വാങ്ങി രജിസ്‌ട്രേഷന്‍ നടപടികളും പൂര്‍ത്തിയാക്കി. ഇതിനു പുറമേയാണ് 20 പേര്‍ക്കു കൂടി വീടുകള്‍ നല്‍കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നത്. 

    കടലാക്രമണം നേരിടുന്ന തീരദേശവാസികള്‍ക്കുള്ള പുനരധിവാസത്തിനു വേണ്ടിയാണ് പുനര്‍ ഗേഹം പദ്ധതി നടപ്പിലാക്കുന്നത്. ഫിഷറീസ് വകുപ്പാണ് സാമ്പത്തിക സഹായം. പദ്ധതി പ്രകാരം തീരദേശത്ത് വേലിയേറ്റ രേഖയില്‍ നിന്നും 50 മീറ്ററിനുള്ളില്‍ താമസിക്കുന്ന കുടുംബങ്ങള്‍ക്ക് പുതിയ സ്ഥലവും വീടും വാങ്ങാന്‍ 10 ലക്ഷം രൂപ ധനസഹായം ലഭിക്കും. പകരമായി ഇവരുടെ സ്വന്തം വീട് സര്‍ക്കാരിന് വിട്ടു കൊടുക്കേണ്ടതില്ല. മാത്രമല്ല, പദ്ധതി പ്രകാരം വാങ്ങുന്ന സ്ഥലത്തിന് ആധാരചെലവുകളും ഒഴിവാക്കിയിട്ടുണ്ട്. 

    ജില്ലയില്‍ ഫിഷറീസ് വകുപ്പിന്റെ സര്‍വേ പ്രകാരം ജില്ലയില്‍ 1619 കുടുംബങ്ങള്‍ പുനര്‍ഗേഹം പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ അര്‍ഹതയുളളവരാണ്. ഫോര്‍ട്ട്‌കൊച്ചി, മാനാശേരി, സൗദി, കണ്ണമാലി, ചെറിയകടവ്, ചെല്ലാനം, മറുവാക്കാട്, കണ്ടക്കടവ്, എളങ്കുന്നപ്പുഴ, ഞാറക്കല്‍, നായരമ്പലം, എടവനക്കാട്, അയ്യമ്പിള്ളി, ചെറായി, കുഴുപ്പിള്ളി, മുനമ്പം, പള്ളിപ്പുറം, പഴങ്ങാട് എന്നിവിടങ്ങളിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

    പദ്ധതിക്കുവേണ്ടി പഞ്ചായത്ത് അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഭൂമി ലഭ്യമാകുന്ന സാഹചര്യം ഉണ്ടെങ്കില്‍ എറണാകുളം മേഖല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറെ അറിയിക്കുവാനും, ഭൂമി സര്‍ക്കാര്‍ ചെലവില്‍ വാങ്ങുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കാവുന്നതാണെന്നും കെ.എന്‍ ഉണ്ണികൃഷ്ണന്‍ എം.എല്‍.എ തദ്ദേശ സ്ഥാപന പ്രതിനിധികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

    തുടര്‍ച്ചയായ കടലാക്രമണ ഭീഷണി നേരിടുന്ന പ്രദേശത്ത് താമസിക്കുന്ന കുടുംബങ്ങള്‍ക്കാണു പദ്ധതി മുന്‍ഗണന നല്‍കുന്നത്. നിലവില്‍ ഫിഷറീസ് വകുപ്പ് മുഖേന നടപ്പാക്കി വരുന്ന പുനരധിവാസ പദ്ധതികളിലെ ഗുണഭോക്താക്കളില്‍ നിര്‍വഹണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ഉള്ളവരും ഈ പദ്ധതിയുടെ ഗുണഭോക്താക്കളായിരിക്കും. ഒരേ വീട്ടില്‍ വെവ്വേറെ റേഷന്‍ കാര്‍ഡുള്ള കുടുംബങ്ങള്‍ താമസിക്കുന്നുണ്ടെങ്കില്‍ അവരെയും വ്യത്യസ്ത ഗുണഭോക്താക്കളായി പരിഗണിക്കും. എന്നാല്‍ ഭൂമിയുടെയും വീടിന്റെയും ഉടമയ്ക്കായിരിക്കും ആദ്യ പരിഗണന. ഒരേ റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടവരായാലും, അവര്‍ വ്യത്യസ്ത കുടുംബങ്ങളായി സ്വന്തമായി വീട്ടില്ലത്തതു കൊണ്ടു മാത്രം, മാതാപിതാക്കളോടൊപ്പമോ അല്ലാതെയോ താമസിക്കുന്നവരേയും വ്യത്യസ്ത കുടുംബമായി പരിഗണിച്ച് ധനസഹായം നല്‍കും.
 

date