Skip to main content

ജില്ലയിലെ മികച്ച രണ്ടാമത്തെ പഞ്ചായത്തായി വീണ്ടും പെരുമണ്ണ

 

 

ജില്ലയിലെ മികച്ച രണ്ടാമത്തെ പഞ്ചായത്ത് എന്ന ബഹുമതിയുമായി പെരുമണ്ണ ഗ്രാമപ്പഞ്ചായത്ത്. 2020 -21 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി പദ്ധതി ആസൂത്രണ നിര്‍വഹണത്തിന്റെയും ഭരണനിര്‍വഹണ മികവിന്റെയും അടിസ്ഥാനത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന സ്വരാജ് ട്രോഫി അവാര്‍ഡാണ് പെരുമണ്ണ ഗ്രാമ പഞ്ചായത്തിന് ലഭിച്ചത്. 

 

ഇത് മൂന്നാം തവണയാണ് പെരുമണ്ണക്കു സ്വരാജ് ട്രോഫി അവാര്‍ഡ് ലഭിക്കുന്നത്. വ്യത്യസ്തമായ വികസന പദ്ധതികളിലൂടെ മുന്നേറിക്കൊണ്ടിരിക്കുകയാണ് പഞ്ചായത്ത്. വ്യക്തമായ വികസന പദ്ധതികളുടെ ആസൂത്രണവും നടത്തിപ്പുമാണ് കഴിഞ്ഞ ഒരു വര്‍ഷം വിജയമാകാന്‍ കാരണമെന്നുംപുതിയ വര്‍ഷത്തിലേയ്ക്കായി ഒരുപാട് പ്രതീക്ഷകളുള്ള സ്വപ്നപദ്ധതികളുമായി മുന്നോട്ട് പോകുകയാണ് പെരുമണ്ണ പഞ്ചായത്തെന്നും പ്രസിഡന്റ് ഷാജി പുത്തലത്ത് പറഞ്ഞു. തരിശുരഹിത ഗ്രാമപഞ്ചായത്ത്, സമ്പൂര്‍ണ്ണ കുടിവെള്ളം, മാലിന്യമുക്ത ഗ്രാമപഞ്ചായത്ത് എന്നിങ്ങനെ പ്രധാനമായും മൂന്നു മേഖലകളിലാണ് പെരുമണ്ണ ഗ്രാമപഞ്ചായത്ത് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. 

 

വര്‍ഷം പദ്ധതിയിലൂടെ തരിശായി കിടക്കുന്ന ഭൂമിയില്‍ നെല്ലുള്‍പ്പടെ കൃഷിചെയ്ത് ഭൂമിയെ കൃഷിയോഗ്യമാക്കുകയാണ്. 'കൃഷി സമൃദ്ധി ജലസമൃദ്ധി' എന്ന പേരില്‍ വിപുലമായ പദ്ധതി ആലോചനയിലാണ്. 6000ത്തോളം വീടുകളില്‍ ജലജീവന്‍ മിഷനിലൂടെ കുടിവെള്ള കണക്ഷന്‍ നല്‍കി. ഒരുവര്‍ഷത്തിനുള്ളില്‍ മുഴുവന്‍ വീടുകളിലേക്കും കുടിവെള്ളമെത്തിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

 

ക്ലീന്‍ പെരുമണ്ണ ഗ്രീന്‍ പെരുമണ്ണ എന്ന പേരില്‍ സമ്പൂര്‍ണ്ണ മാലിന്യമുക്ത പദ്ധതിയും ടൂറിസം വികസന പദ്ധതികളും പഞ്ചായത്ത് മികവോടെ നടപ്പാക്കി വരികയാണ്.

date