Skip to main content

അരുവിപ്പുറവും പാണ്ഡവൻപാറയും വില്ലേജ് ടൂറിസം പദ്ധതിയുടെ പ്രധാന കേന്ദ്രങ്ങളാക്കും : സി. കെ. ഹരീന്ദ്രൻ എം. എൽ. എ .

പുരാവസ്തു വകുപ്പിന് കീഴിലുള്ള ജില്ലയിലെ സംരക്ഷിത ശിലാസ്മാരകമായ പാണ്ഡവൻപാറയും കേരള നവോഥാന ചരിത്രത്തിന് തുടക്കമിട്ട അരുവിപ്പുറം ക്ഷേത്രവും  കേന്ദ്രീകരിച്ച് വില്ലേജ് ടൂറിസം പദ്ധതി  നടപ്പിലാക്കുമെന്ന് സി. കെ. ഹരീന്ദ്രൻ എം. എൽ. എ പറഞ്ഞു. വില്ലേജ് ടൂറിസം പദ്ധതി നടപ്പിലാക്കുന്നതിന് മുന്നോടിയായി പെരുങ്കടവിള ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ചേർന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിനോദ സഞ്ചാരത്തിനും ചരിത്ര ഗവേഷണത്തിനും സഹായകമാകുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.പെരുങ്കടവിള ഗ്രാമ പഞ്ചായത്ത് പരിധിയിലുള്ള അരുവിപ്പുറം ക്ഷേത്രവും ,സമീപത്തുള്ള കൊടിതൂക്കി മലയിലെ പ്രാചീന ഗുഹയും, ആങ്കോട് പാണ്ഡവൻപാറയും, ആമപാറയും സംരക്ഷിച്ചുകൊണ്ടാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന് പുറമെ പുരാവസ്തു മ്യൂസിയം, ചരിത്ര ഗവേഷണ റഫറൻസ് ലൈബ്രറി, ബയോഡൈവേഴ്സിറ്റി പാർക്ക്‌, കുട്ടികളുടെ പാർക്ക്‌ എന്നിവയുടെ നിർമാണവും പദ്ധതിയിൽ ഉൾപെടുത്തും.

 പദ്ധതി ആസൂത്രണത്തിന്റെ ഭാഗമായി എം. എൽ. എയുടെ നേതൃത്വത്തിൽ പുരാവസ്തു വകുപ്പ് ഡയറക്ടർ ഇ.ദിനേശൻ, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഷാഹുൽ ഹമീദ് എന്നിവരടങ്ങിയ വിദഗ്ധ സംഘം പാണ്ഡവൻപാറ സന്ദർശിച്ചു.പെരുങ്കടവിള ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജി. ലാൽ കൃഷ്ണൻ, പെരുങ്കടവിള ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്. സുരേന്ദ്രൻ, ജില്ലാ പഞ്ചായത്ത്‌ അംഗം ബിനു, ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ എസ്. ബിന്ദു, ഗ്രാമ പഞ്ചായത്ത്‌ സെക്രട്ടറി ബി. കെ കൃഷ്ണകുമാർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

date