Skip to main content

ഉദ്‌ഘാടനത്തിന് തയ്യാറെടുത്ത് കുന്നംകുളം അസാപ് കമ്യൂണിറ്റി സ്കിൽ പാർക്ക്  

കുന്നംകുളം അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്ക് ഉദ്ഘാടനത്തിന് തയ്യാറെടുക്കുന്നു. ഉന്നത,പൊതു വിദ്യാഭ്യാസ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിലുള്ള അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാമിന്റെ (അസാപ്) സംസ്ഥാനത്തെ പതിനാറ് കമ്മ്യൂണിറ്റി സ്കിൽ പാർക്കുകളിലൊന്നായ കുന്നംകുളം കമ്യൂണിറ്റി സ്കിൽ പാർക്കിന്റെ നിർമ്മാണം അന്തിമഘട്ടത്തിലാണ്.  വിദ്യാഭ്യാസത്തിനൊപ്പം തൊഴിൽ നൈപുണ്യത്തിനും അവസരമൊരുക്കുന്ന കമ്മ്യൂണിറ്റി സ്കിൽ പാർക്ക് എ. ഡി. ബി. യുടെ സാമ്പത്തിക സഹായത്തോടെയാണ് നിർമ്മിച്ചിരിക്കുന്നത്. 

കുന്നംകുളം ഗവ. മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിനോട് ചേർന്ന ഒരേക്കർ സ്ഥലത്ത് 14 കോടി രൂപ ചെലവഴിച്ചാണ്   പാർക്കിന്റെ നിർമ്മാണം. 3 നിലകളിലായി 29,000 ചതുരശ്ര അടി വിസ്തീർണമുള്ള  കെട്ടിടത്തിൽ മെഷിനെറികൾക്കായി വാക്വം ഡീവാറ്റേർഡ് ഫ്ലോറിങ്ങോടു കൂടിയ മുറികളിൽ മതിയായ വ്യാവസായിക ആവശ്യങ്ങൾക്കായിട്ടുളള വൈദ്യുതി സോക്കറ്റുകളും, ഗ്യാസ്, ജല സൗകര്യം,  വൈദ്യുതി കണക്ഷൻ മുതലായവയും  സജ്ജീകരിച്ചിട്ടുണ്ട്. തിയറി ക്ലാസുകൾക്കായി തയ്യാറാക്കിയിട്ടുളള  ലൈബ്രറി റൂം ഉൾപ്പെടെ അഞ്ച് ക്ലാസ് മുറികൾ. ഇതിൽ രണ്ട് മുറികളിൽ വെള്ളവും ഡ്രെയിനേജ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. എല്ലാ ക്ലാസ് മുറികളിലും പ്രൊജക്ടർ സൌകര്യവും  ശബ്ദ സൗകര്യവും,  30 കമ്പ്യൂട്ടറുകൾ ഉൾക്കൊള്ളാൻ കഴിയുന്ന ശീതീകരിച്ച കമ്പ്യൂട്ടർ ലാബും അതിനോട് ചേർന്ന് സെർവ്വർ റൂമും, ആധുനിക സജ്ജീകരണങ്ങളോടു കൂടിയ മീറ്റിംഗ് റൂമും  ഫാക്കൽറ്റിക്കും അഡ്മിനിസ്ട്രേഷനുമായി പ്രത്യേകം മുറികളും ഒരുക്കിയിട്ടുണ്ട്. ശുചിമുറികൾ, ഡ്രസ്സിംഗ് റൂം, ഭിന്നശേഷിക്കാർക്കായി പ്രത്യേക ടോയ്‌ലറ്റ് സൗകര്യം, ഭിന്നശേഷി സൗഹൃദ റാമ്പുകളും ലിഫ്റ്റും, കൂടാതെ ഓറിയന്റേഷൻ എന്നിവയ്ക്കായി 150 പേർക്ക് ഒരേ സമയം മീറ്റിംഗിൽ പങ്കെടുക്കാൻ കഴിയുന്ന ഒരു മീറ്റിംഗ് ഹാളും ഒരുക്കിയിട്ടുണ്ട്.  

66000 ലിറ്റർ ശേഷിയുള്ള ഭൂഗർഭ മഴവെള്ള സംഭരണിയും 30000 ലിറ്റർ ശേഷിയുള്ള ശുദ്ധജല സംഭരണിയും, 15000 ലിറ്റർ ശേഷിയുള്ള  ഓവർഹെഡ് ടാങ്ക്, അഗ്നി ശമന സംവിധാനങ്ങൾ, ജനറേറ്റർ, പാസഞ്ചർ ലിഫ്റ്റ്, ട്രാൻസ്ഫോർമർ എന്നിവയും ഒരുക്കിയിട്ടുണ്ട്. പാർക്കിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്തുന്നതിന് എ സി മൊയ്തീന്‍ എംഎൽഎയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളടങ്ങുന്ന സംഘം പാർക്ക്  സന്ദര്‍ശിച്ചു. കുന്നംകുളം നഗരസഭ ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി എം സുരേഷ്, ജില്ലാ പ്രോഗ്രാം മാനേജര്‍ റ്റിയാര സന്തോഷ് തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.

date