Skip to main content

കാട്ടൂർ ഗ്രാമപഞ്ചായത്തിൽ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനം 

കാട്ടൂർ ഗ്രാമപഞ്ചായത്തിൽ പൊതുജന സേവനാർത്ഥം ആരംഭിച്ച ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനത്തിന്റെ  ഉദ്ഘാടനം ഇരിഞ്ഞാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിതാബാലൻ നിർവഹിച്ചു. സൗത്ത് ഇന്ത്യൻ ബാങ്ക് കാട്ടൂർ ശാഖയുമായി സഹകരിച്ചാണ് സംവിധാനം ഒരുക്കിയിട്ടുള്ളത്. പഞ്ചായത്തിലെ സേവനങ്ങൾക്ക് നൽകേണ്ട തുകകൾ ഇനി മുതൽ ബാങ്ക് ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചോ, മൊബൈൽ ഫോൺ വഴിയോ നൽകാം. ഇതിനായി സ്വൈപ്പിംഗ് മെഷീൻ, ബാർകോഡ് എന്നിവ ഫ്രണ്ട് ഓഫീസിൽ ഒരുക്കിയിട്ടുണ്ട്. 

പേപ്പർ ലെസ് പഞ്ചായത്ത് എന്ന ആശയത്തിന്റെ ഭാഗമായി ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലേക്ക് പരിപൂർണ്ണമായി മാറുന്നതിന്റെ ഭാഗമായാണ് ഇത്തരം സംവിധാനം ഒരുക്കിയിട്ടുള്ളതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷീജ പവിത്രൻ അറിയിച്ചു. സേവനങ്ങൾ മുഴുവൻ ഓൻലൈനിൽ ലഭ്യമാവുന്ന പദ്ധതി മുൻപേ ആരംഭിച്ചിരുന്നു. 

പഞ്ചായത്ത് പ്രസിഡന്റ് ഷീജ പവിത്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് സി സി സന്ദീപ് സ്വാഗതവും സെക്രട്ടറി എം എച്ച് ഷാജിക്ക് നന്ദിയും പറഞ്ഞു. സൗത്ത്‌ ഇന്ത്യൻ ബാങ്ക് കാട്ടൂർ ശാഖാ മാനേജർ പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ സുനിത മനോജ്, പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ ടി വി ലത തുടങ്ങിയവർ ആശംസകൾ പറഞ്ഞു. സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷൻമാർ, വാർഡ് മെമ്പർമാർ, പഞ്ചായത്ത് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

date