Skip to main content

ജില്ലയിൽ വിവാഹ പ്രോട്ടോക്കോൾ 

 

ബോധവൽക്കരണ ക്യാമ്പയിനുമായി 

ജില്ലാ പഞ്ചായത്ത്

കണ്ണൂർ തോട്ടടയിൽ വിവാഹത്തോടനുബന്ധിച്ചുണ്ടായ അനിഷ്ട സംഭവത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വിവാഹ പ്രോട്ടോക്കോൾ നടപ്പാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ പറഞ്ഞു. ജില്ലാ പഞ്ചായത്ത് മിനി കോൺഫറൻസ് ഹാളിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ. 'ആഘോഷമാവാം; അതിര് കടക്കരുത്, നന്മയിലൂടെ നാടിനെ കാക്കാം' എന്ന പേരിൽ വിപുലമായ ക്യാമ്പയിനിലൂടെയാണ് ഇതിന് തുടക്കം കുറിക്കുക. ക്യാമ്പയിന്  വ്യാഴാഴ്ച മാങ്ങിടം ഗ്രാമ പഞ്ചായത്തിൽ തുടക്കമായി.
തദ്ദേശ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ജാഗ്രത സഭകൾ സംഘടിപ്പിക്കും. തുടർന്ന് വാർഡ് അടിസ്ഥാനത്തിൽ പത്ത് പേർ അംഗങ്ങളായ നിരീക്ഷണ സമിതി രൂപീകരിക്കും. ഈ സമിതിയ്ക്കായിരിക്കും അതത് വാർഡുകളിലെ ആഘോഷങ്ങളുടെ നിരീക്ഷണ നിയന്ത്രണ ചുമതല. ജനപ്രതിനിധികൾ, പൗരപ്രമുഖർ, യുവജന മഹിളാസംഘടനാ പ്രവർത്തകർ, വായനശാല-കുടുംബശ്രീ പ്രവർത്തകർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ  തുടങ്ങിയവരാവും സമിതിയംഗങ്ങൾ. ആഘോഷവേളകളിലെ ലഹരി ഉപയോഗം അവസാനിപ്പിക്കുന്നതിന് പ്രാദേശികാടിസ്ഥാനത്തിൽ ഡ്രഗ് ഒബ് സർവ്വർമാരെ നിയോഗിക്കും. ഇതിന് യുവജനങ്ങളുടെ സഹായം തേടും-പ്രസിഡണ്ട് പറഞ്ഞു. ആഘോഷ വീടുകളിലെ പരസ്യമായ മദ്യപാനത്തിനും മദ്യവിതരണത്തിനുമെതിരെ കുടുംബശ്രീയുടെ സഹായത്തോടെ സ്ത്രീകളെ സജ്ജരാക്കുമെന്നും അവർ അറിയിച്ചു.
വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമതി ചെയർപേഴ്‌സൺ അഡ്വ. കെ കെ രത്‌നകുമാരി, ജില്ലാ പഞ്ചായത്ത് അംഗം സി പി ഷിജു, സെക്രട്ടറി വി ചന്ദ്രൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

date