Skip to main content

ദേശീയ കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജന പക്ഷാചരണം: ബോധവല്‍ക്കരണ ക്ലാസ്സുകള്‍ നടത്തി

ദേശീയ കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജന പക്ഷാചരണത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ബോധവല്‍ക്കരണ ക്ലാസ്സുകള്‍ നടത്തി. കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജന ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനും അതുവഴി പത്തനംതിട്ട കുഷ്ഠരോഗ വിമുക്ത ജില്ല ആകുവാനും എല്ലാവരുടെയും സഹകരണം വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍ അനിതാകുമാരി അറിയിച്ചു. മുത്തൂറ്റ് കോളേജ് ഓഫ് നേഴ്‌സിങ്ങ് പത്തനംതിട്ട, കോഴഞ്ചേരി,സ്‌കൂള്‍ ഓഫ് നേഴ്‌സിങ്ങ് പന്തളം, എ.എം.എം ടി.ടി ഐ കോഴഞ്ചേരി എന്നിവിടങ്ങളില്‍ നടന്ന ക്ലാസ്സുകള്‍ക്ക് ഡോ. രചന ചിദംബരം (ഡെപ്യൂട്ടി.ഡി.എം.ഓ), എ.ആബിദാ ബീവി. (ആസിസ്റ്റന്റ് ലെപ്രസി ഓഫീസര്‍), ശ്രീകുമാര്‍ (നോണ്‍ മെഡിക്കല്‍ സൂപ്പര്‍വൈസര്‍), ആര്‍.ദീപ, ഷൈല ബായി (ഡെപ്യൂട്ടി മീഡിയ ഓഫീസര്‍ )എന്നിവര്‍ നേതൃത്വം നല്‍കി. കോളേജ് പ്രിന്‍സിപ്പല്‍മാരായ ഡോ.കിരുബ, സിനു, എസ്.ഗിരിജദേവി, മിനി. എം. ജോര്‍ജ്ജ്. എന്നിവര്‍ പരിപാടികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

 

നിലവില്‍ ജില്ലയില്‍ 7 രോഗികള്‍ ചികിത്സയില്‍ ഉണ്ട്. ത്വക്കില്‍ ഉണ്ടായേക്കാവുന്ന ചുവന്നതോ, ചെമ്പിന്റെ നിറത്തിലുള്ളതോ,നിറം മങ്ങിയതോ, സ്പര്‍ശന ശേഷി കുറഞ്ഞതോ,ഇല്ലാത്തതോ ആയ പാടുകള്‍ , ബാഹ്യ ഞരമ്പുകളില്‍ തടിപ്പും വേദനയും ശരീര ഭാഗങ്ങളില്‍ മരവിപ്പ്, ദീര്‍ഘകാമായി ഉണങ്ങാത്ത വൃണങ്ങള്‍,ലബോറട്ടറി പരിശോധനയില്‍ രോഗാണുവിന്റെ സാന്നിധ്യം എന്നിവയാണ് കുഷ്ഠരോഗത്തിന്റെ ലക്ഷണങ്ങള്‍. സംശയാസ്പദമായ ലക്ഷണങ്ങളുള്ളവര്‍ ആരോഗ്യ പ്രവര്‍ത്തകരെ വിവരമറിയിക്കേണ്ടതാണ്. കുഷ്ഠരോഗത്തിനുള്ള ഫലപ്രദമായ ചികിത്സ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യമായി ലഭ്യമാണ്.

date