Skip to main content

കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകുന്ന ബദല്‍ മാര്‍ഗങ്ങളുമായി നഗരസഭ

ജില്ലാ ആസ്ഥാനത്ത് രൂക്ഷമാകുന്ന കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി ബദല്‍ മാര്‍ഗങ്ങള്‍ തേടുകയാണ് നഗരസഭ. ജനങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കാന്‍ പ്രാദേശികമായ ചെറുകിട പദ്ധതികള്‍ക്കാണ് നഗരസഭ രൂപം നല്‍കുന്നത്. ഇത്തരത്തില്‍ ആരംഭിച്ച പദ്ധതിയാണ് പതിനാലാം വാര്‍ഡില്‍ തുടക്കമാകുന്ന മണ്ണുങ്കല്‍ കുടിവെള്ള പദ്ധതി. അറബിക് കോളേജ് അംഗനവാടിയോട് ചേര്‍ന്ന കുളമാണ് ജലസ്രോതസ്സ്. ഇതുവഴി എട്ടു ലക്ഷം ലിറ്റര്‍ വെള്ളം ലഭ്യമാകുമെന്നാണ് ഭൂഗര്‍ഭ ജല വകുപ്പിന്റെ കണ്ടെത്തല്‍. നഗരസഭയിലെ 13, 14, 21 വാര്‍ഡുകളിലെ രൂക്ഷമായ കുടിവെള്ളക്ഷാമത്തിന് പരിഹാരമാകാന്‍ ഈ പദ്ധതിയിലൂടെ കഴിയും. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കാന്‍ കഴിയും.

തുണ്ടമണ്‍കര- കോട്ടപ്പാറ കുടിവെള്ള പദ്ധതി പൂര്‍ത്തീകരണ ഘട്ടത്തില്‍ ആണ്. കുമ്പഴ തുണ്ടമണ്‍കര കടവില്‍ നിന്നും കോട്ടപ്പാറയിലുളള ഒരു ലക്ഷം ലിറ്റര്‍ കപ്പാസിറ്റിയുള്ള ടാങ്കിലേക്ക് വെള്ളമെത്തിച്ച് നഗരസഭയുടെ 15 മുതല്‍ 20 വരെയുള്ള വാര്‍ഡുകളിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്ന പദ്ധതിയാണിത്. ടാങ്കിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. കുടിവെള്ള വിതരണത്തിനായുള്ള പൈപ്പ് ലൈന്‍ ഇടുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഒന്നേകാല്‍ കോടിരൂപയാണ് ഈ പദ്ധതിയുടെ ചെലവ്. നഗരസഭാ പതിനേഴാം വാര്‍ഡില്‍ പേങ്ങാട്ട് മുരുപ്പ് പദ്ധതിയുടെ പ്രവര്‍ത്തനങ്ങളും ഈ മാസം തന്നെ ആരംഭിക്കും. തോണികുഴിയില്‍ ചെറുകിട ജല വിതരണ പദ്ധതി പ്രവര്‍ത്തനം ആരംഭിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ നടപ്പാക്കുന്ന അമൃത് പദ്ധതിയിലൂടെ എല്ലാ വീടുകളിലും ശുദ്ധ ജലം എത്തിക്കുന്നതിനുള്ള പ്രവര്‍ത്തന രൂപരേഖ തയ്യാറാക്കി വരികയാണ്. കുടിവെള്ളത്തിനായി സ്വന്തം പദ്ധതികള്‍ക്ക് രൂപം നല്‍കി പരമാവധി ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് നഗരസഭ.

date