Skip to main content

അരിക്കുളത്തിന് പുതുജീവന്‍

കോര്‍പ്പറേഷനിലെ 43-ാം വാര്‍ഡില്‍ ശാരദ മന്ദിരം - റഹ്മാന്‍ ബസാര്‍ റോഡിലെ അരിക്കുളം ജലാശയം കോര്‍പ്പറേഷന്റെയും ജില്ലാ ഹരിതകേരള മിഷന്റെയും നേതൃത്വത്തില്‍ ജനകീയ പങ്കാളിത്തത്തോടെ വീണ്ടെടുത്തു. 38 സെന്റോളം സ്ഥലത്ത് സ്ഥിതിചെയ്യുന്ന കുളത്തിന്റെ ശുചീകരണ പ്രവര്‍ത്തനം കോര്‍പ്പറേഷന്‍ പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ പി.സി.രാജന്‍ ഉദ്ഘാടനം ചെയ്തു.

 

നൂറ് വര്‍ഷങ്ങള്‍ക്കു മുമ്പ് 50 ഏക്കറോളം പുഞ്ചകൃഷി നടത്തിയിരുന്ന കാലത്ത് ജലസേചനത്തിനായി പമ്പ് ഹൗസ് സംവിധാനമടക്കമുള്ള ഈ പൊതുകുളം ഉപയോഗിച്ചിരുന്നു. കഴിഞ്ഞ 25 വര്‍ഷത്തോളമായി മാലിന്യവും പായലും നിറഞ്ഞ് ഉപയോഗശൂന്യമായ അരിക്കുളം ഹരിത കേരളം മിഷന്റെ പൊതുകുളങ്ങളുടെ പുനരുജ്ജീവനം, കോര്‍പ്പറേഷന്റെ ശുചിത്വ പ്രോട്ടോക്കോള്‍ പദ്ധതി എന്നിവയിലുള്‍പ്പെടുത്തിയാണ് ശുചീകരിച്ചത്. പ്രദേശവാസികളും കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം ജീവനക്കാരും, ഹരിതകേരളം മിഷന്‍ ആര്‍.പി. മാരും, ശുചീകരണ, തൊഴിലുറപ്പ് തൊഴിലാളികളും, കുടുംബശ്രീ പ്രവര്‍ത്തകരും വീണ്ടെടുപ്പില്‍ സജീവമായി പങ്കെടുത്തു.

 

കോര്‍പ്പറേഷന്റെ 2020-21 വര്‍ഷത്തെ സ്പില്ലോവര്‍ വര്‍ക്കായി പ്ലാന്‍ ഫണ്ടില്‍ 20 ലക്ഷംരൂപ വകയിരുത്തി സംരക്ഷണ ഭിത്തി കെട്ടാന്‍ ടെണ്ടര്‍ ആയിട്ടുണ്ട്. ഭാവിയില്‍ കൂടുതല്‍ ഫണ്ടുകള്‍ സമാഹരിച്ച് അരിക്കുളത്തെ സൗന്ദര്യവത്ക്കരണമടക്കമുള്ള പ്രവൃത്തികള്‍ നടത്തി നാടിനും അടുത്ത തലമുറയ്ക്കും സമര്‍പ്പിക്കാനാണ് പദ്ധതി ലക്ഷ്യംവെക്കുന്നത്. 

 

വാര്‍ഡ് കൗണ്‍സിലര്‍ പ്രേമലത തെക്കുംവീട്ടില്‍ അദ്ധ്യക്ഷത വഹിച്ചു. സോണല്‍ അസി. എന്‍ജിനീയര്‍ ഷീബ പദ്ധതി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഹരിത കേരളം മിഷന്‍ ജില്ലാ റിസോഴ്‌സ് പേഴ്‌സണ്‍ പി.പ്രിയ പദ്ധതി വിശദീകരിക്കുകയും ചെയ്തു. വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ എ.ടി. സുബ്രഹ്മണ്യന്‍ സ്വാഗതവും പി.റിയാസ് നന്ദിയും പറഞ്ഞു. യോഗത്തില്‍ കോര്‍പ്പറേഷന്‍ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി.ഷജില്‍ കുമാര്‍ , പ്രദേശത്തെ വിവിധ രാഷട്രീയ പാര്‍ട്ടി പ്രതിനിധികളായ പി.എം. ബാവ, ബിച്ചിക്കോയ, സഫ്‌നാസ്, ജെ.എച്ച്.ഐ. ഗായത്രി എന്നിവര്‍ ആശംസകളര്‍പ്പിച്ചു.

date