Skip to main content

ആസാദി കാ അമൃത് മഹോത്സവ്: ശാസ്ത്ര സാങ്കേതിക വിദ്യാവാരം ഇന്നു (ഫെബ്രുവരി 22) മുതൽ

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ചുള്ള ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി പ്രധാനമന്ത്രിയുടെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവിന്റെ കാര്യാലയവും കേന്ദ്ര സാംസ്‌കാരിക മന്ത്രാലയവും സംയുക്തമായി ഇന്നു (ഫെബ്രുവരി 22) മുതൽ 28 വരെ വിജ്ഞാൻ സർവത്രേ പൂജ്യതേ (വിജ്ഞാനം സർവ്വ സംപൂജ്യം) എന്ന ശാസ്ത്ര സാങ്കേതിക വിദ്യാവാരം രാജ്യത്തെ 75 കേന്ദ്രങ്ങളിൽ ആഘോഷിക്കും.
കേരളത്തിൽ തിരുവനന്തപുരം, തൃശൂർ,കോഴിക്കോട് എന്നിവിടങ്ങളിൽ സംഘടിപ്പിക്കുന്ന പരിപാടികൾക്ക് കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌൺസിൽ നേതൃത്വം നൽകും. തിരുവനന്തപുരത്ത് പട്ടം സെന്റ് മേരീസ് സ്‌കൂളിൽ കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് ചടങ്ങ് നടക്കുന്നത്. 23ന് ശാസ്ത്ര സാങ്കേതിക ചരിത്രത്തിലെ 75 നാഴികക്കല്ലുകൾ എന്ന വിഷയത്തിലും, 24ന് ആധുനിക ഇന്ത്യൻ സാങ്കേതിക രംഗത്തെ നാഴികക്കല്ലുകൾ എന്നതിലും, 25ന് തദ്ദേശീയ ശാസ്ത്ര രംഗത്തെ നവീന ആശയങ്ങളും കണ്ടുപിടുത്തങ്ങളും എന്നതിലും, 26ന് സിനിമ,ഗാനം,സാഹിത്യം എന്നതിലും, 27ന് ഇന്ത്യൻ ശാസ്ത്ര സാങ്കേതിക രംഗത്തെ മുന്നോട്ടുള്ള ഇരുപത്തി അഞ്ചു വർഷങ്ങൾ എന്നതിലും ശില്പശാല നടക്കും. ദേശീയ ശാസ്ത്ര ദിനമായ ഇരുപത്തി എട്ടിന് സമാപന സമ്മേളനവും സമ്മാനദാനവും  നടക്കും.
ശാസ്ത്ര സാങ്കേതിക രംഗത്തെ മികവുകളെ ആസ്പദമാക്കി 25ന് രാവിലെ 10.30 മുതൽ ഇന്റർ സ്‌കൂൾ തല മൽസരങ്ങൾ പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടത്തും. ഹൈസ്‌കൂൾ, യു.പി  വിദ്യാർത്ഥികൾക്കായി ഉപന്യാസം, പ്രസംഗം, ചിത്രരചനാ മൽസരങ്ങളും ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി  ക്വിസ് മൽസരവും ആണ് സംഘടിപ്പിക്കുന്നത്. വിജയികൾക്ക് ആകർഷക സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും ലഭിക്കും.
പരിപാടിയുടെ ഭാഗമായി സയൻസ് ഫോട്ടോ പ്രദർശനം, ശാസ്ത്ര എക്‌സിബിഷൻ, പുസ്തക പ്രദർശനം,സയൻസ് ഫിലിം ഫെസ്റ്റിവൽ എന്നിവയും നടക്കും. പങ്കെടുക്കാൻ താൽപര്യമുളളവർ 20നകം പേരുകൾ 9567404442 എന്ന വാട്ട്‌സ്അപ് നമ്പറിൽ രജിസ്റ്റർ ചെയ്യണം.
പി.എൻ.എക്സ്. 760/2022

 

date