Skip to main content

പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ ആഭ്യന്തര പരിശോധനാ അദാലത്തിന് തുടക്കമായി

ഭക്ഷ്യ -പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിനു കീഴിലുള്ള ഓഫീസുകളിലെ ആഭ്യന്തര പരിശോധനാ അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നടന്നു. താലൂക്ക് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങ് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണർ ഡോ. ഡി. സജിത് ബാബു ഐ. എ. എസ്  ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ നൂറുദിന കർമ പരിപാടിയുടെ ഭാഗമായുള്ള അദാലത്തിൽ കോഴിക്കോട് ജില്ലയിലെ 9 ഓഫീസുകളിലെ ആഭ്യന്തര പരിശോധനയ്ക്കാണ് ഇന്ന് തുടക്കമായത്.

കേരളത്തിലെ 101 സിവിൽ സപ്ലൈസ്‌ ഓഫീസുകളിലെ ആഭ്യന്തര ഓഡിറ്റ് മാർച്ച്‌ 31 നകം പൂർത്തിയാക്കും. ഇവയെ ജൂലൈ 1 നകം നൂറു ശതമാനം ക്ലീൻ ഓഫീസുകളാക്കി മാറ്റും. കൃത്യമായ മോണിറ്ററിങ്ങോടു കൂടി നടക്കുന്ന ഓഡിറ്റിൽ കണ്ടെത്തുന്ന തെറ്റുകൾ തിരുത്തി വകുപ്പിലെ എല്ലാ ഓഫീസുകളിലും ഏറ്റവും നല്ല ആഭ്യന്തര സംവിധാനം ഉണ്ടാക്കിയെടുക്കുക എന്നതാണ് ഓഡിറ്റ് ലക്ഷ്യം വെക്കുന്നത്. തെറ്റ് കണ്ടുപിടിക്കലല്ല, തെറ്റുകളുണ്ടെങ്കിൽ അത് തിരുത്തുന്നതിനാണ്  അദാലത്തു സംഘടിപ്പിക്കുന്നത്. ഓഫീസുകളിലെ പ്രവർത്തനത്തിന്റെ സുതാര്യവും കാര്യക്ഷമവുമായ മാറ്റം പൊതുജനങ്ങൾക്ക് മെച്ചപ്പെട്ട സേവനങ്ങൾ ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജില്ലാ സപ്ലൈ ഓഫീസർ കെ. രാജീവ്‌ സ്വാഗതം പറഞ്ഞു. ഉത്തര മേഖലാ റേഷനിംഗ് ഡെപ്യൂട്ടി കൺട്രോളർ കെ. മനോജ് കുമാർ അധ്യക്ഷത വഹിച്ചു. ചീഫ് അക്കൗണ്ട്സ് ഓഫീസർ വി. സുഭാഷ് ഓഡിറ്റ് പ്രക്രിയ വിശദീകരിച്ചു. ജില്ലാ സപ്ലൈ ഓഫീസ് സീനിയർ സൂപ്രണ്ട് വി. കുമാരിലത നന്ദി പറഞ്ഞു.

date